പത്ത് വർഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബർ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ വിവാഹിതരായത്. നടൻ ദുൽഖർ സൽമാൻ അടക്കം വിവാഹത്തിന് എത്തിയിരുന്നു. അഹാന നായികയായെത്തിയ 'ലൂക്ക' എന്ന ചിത്രത്തിന്റെ കാമറാമാനും നിമിഷ് ആയിരുന്നു. പിന്നീട് അഹാന തന്നെ സംവിധാനം ചെയ്ത 'തോന്നൽ', 'പൂക്കൾ' എന്നീ മ്യൂസിക് വിഡിയോകൾക്ക് വേണ്ടിയും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചു.
ഏറെ നാളുകളായി അഹാനയുടെ യാത്രകളിലും നിമിഷ് കൂടെയുണ്ടാകാറുണ്ട്. ഇപ്പോഴിതാ അഹാനയെ കുറിച്ചും നടി ചെയ്യുന്ന ട്രാവൽ വ്ലോഗുകളെക്കുറിച്ചും നിമിഷ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. അഹാന ഒരിക്കലും വ്ലോഗിങ്ങിനെ ഒരു ജോലി ആയല്ല കാണുന്നത് എന്നാണ് നിമിഷ് പറയുന്നത്.
തന്റെ ജീവിതം മനോഹരമായി പകർത്തിവെക്കാനാണ് അഹാന ശ്രമിക്കുന്നതെന്നും അതാണ് അവളുടെ ലക്ഷ്യമെന്നും നിമിഷ് പറയുന്നു. അഹാനയെ സംബന്ധിച്ച് ഒന്നും പ്ലാൻ ചെയ്യാറില്ല, പെട്ടെന്ന് എന്ത് കാണുന്നുവോ, അതവിടെ വച്ച് പകർത്തുന്നതാണ് അവളുടെ രീതി. അഹാനയുടെ വ്ലോഗുകളിലും പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളാണുള്ളതെന്നും നിമിഷ് കൂട്ടിച്ചേർത്തു.
20 വർഷങ്ങൾക്ക് ശേഷം യൂട്യൂബ് ചാനൽ എടുത്ത് നോക്കുമ്പോൾ ജീവിതം എങ്ങനെയായിരുന്നു എന്ന ഓർമകൾ അയവിറക്കാൻ കൂടി വേണ്ടിയാണ് അഹാന വിഡിയോകൾ പകർത്തുന്നത്. എന്നാൽ സംവിധാനം ചെയ്യുന്ന കാര്യങ്ങളിലേക്ക് വരുമ്പോൾ, അഹാന ഓരോ ഷോട്ടും മുൻകൂട്ടി പ്ലാൻ ചെയ്ത് എഴുതിവച്ച് മുന്നോട്ടു പോകുന്ന പ്രകൃതക്കാരിയാണെന്നും നിമിഷ് വ്യക്തമാക്കി. മാതൃഭൂമി ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിലാണ് നിമിഷ് ഇക്കാര്യം പറഞ്ഞത്.
"സത്യസന്ധമായി പറയുകയാണെങ്കിൽ അഹാനയുടെ വ്ലോഗ് കാണുമ്പോൾ ഭയങ്കര റിഫ്രഷിങ് ആണ്. ഞങ്ങളൊന്നിച്ച് യാത്രകൾ ചെയ്യുമ്പോൾ അവളെ ഞാൻ സഹായിക്കാറില്ല. അവൾ എവിടെയെങ്കിലും പോയി നിൽക്കും വിഡിയോ എടുക്കും അങ്ങനെയാണ്. എന്താ പറയണ്ടേ, വളരെ സ്വാഭാവികമാണത്. അവളുടെ വ്ലോഗുകളെല്ലാം അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.
അവളുടെ ഏത് വ്ലോഗ് നോക്കിയാലും മനസിലാകുന്ന കാര്യമെന്താണെന്നു വച്ചാൽ അവയിൽ കൂടുതലും വളരെ സ്വാഭാവികവും മുൻകൂട്ടി തയ്യാറാക്കാത്തതുമാണ് എന്നാണ്. എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല. ഞാൻ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത്, സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ്. അഹാനയെപ്പോലെ സ്വാഭാവികമായി എടുക്കുന്ന ആളല്ല. എവിടെയങ്കിലും എന്തെങ്കിലും കണ്ടാൽ, അവൾ ചാടി ഫോൺ എടുത്ത് പെട്ടെന്ന് അതെല്ലാം പകർത്തും.
അവൾ ഉദ്ദേശിക്കുന്നതും അതാണ്. ഞങ്ങൾ രണ്ടു പേരും വർക്ക് ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണ്. പ്രൊഫഷണലി നോക്കുകയാണെങ്കിൽ രണ്ട് മ്യൂസിക് വിഡിയോകൾക്കായി ഞങ്ങളൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തോന്നൽ, പൂക്കൾ ഇത് രണ്ടും ഞങ്ങളൊന്നിച്ച് ചെയ്ത വർക്കാണ്. മാസങ്ങളോളം അതിനായി തയ്യാറെടുത്ത്, കഥയ്ക്കായി കാത്തിരുന്ന്, സ്ഥലം കണ്ടുപിടിച്ച് അങ്ങനെയൊക്കെയാണ് നമ്മളത് വർക്ക് ചെയ്തത്.
പക്ഷേ ഞങ്ങളൊന്നിച്ച് യാത്ര പോകുമ്പോൾ അങ്ങനെയല്ല. അവൾ വ്ലോഗിങ്ങിനെ ഒരു ജോലി ആയല്ല കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അവൾ അവളുടെ ജീവിതം ഏറ്റവും മനോഹരമായ രീതിയിൽ പകർത്തുകയാണ്. അതാണ് യൂട്യൂബിലൂടെ അവൾ പങ്കുവയ്ക്കുന്നത്. ഷൂട്ട് ചെയ്യുന്നതിനിടയിൽ ഒരുപാട് ഫോട്ടോകൾ എടുക്കുമ്പോൾ എനിക്ക് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്.
പക്ഷേ അവൾ എന്നോട് പറയാറുണ്ട്, ഒരു 20 വർഷങ്ങൾക്ക് ശേഷം ഞാനെന്റെ യൂട്യൂബ് ചാനൽ എടുത്ത് നോക്കുമ്പോൾ, ഇന്ന വർഷം ഇന്ന സമയത്ത് ചെയ്തത് ആണല്ലോ എന്ന് ഓർത്തെടുക്കാമല്ലോ എന്ന്. ഇത് എനിക്ക് വേണ്ടി മാത്രമാണ് എന്ന്.
ഞാൻ ചെയ്യുന്നത് എനിക്ക് വേണ്ടി മാത്രമാണ്, ഞാൻ മറ്റുള്ളവർക്ക് വേണ്ടിയല്ല ഒന്നും ചെയ്യുന്നത് എന്ന് അവൾ എപ്പോഴും പറയും. അതുകൊണ്ടായിരിക്കും ആളുകൾക്ക് അതിനോട് ഇത്രയേറെ അടുപ്പം തോന്നുന്നതും. അവൾ അങ്ങനെ ഭാവിക്കാനോ കൃത്രിമമായി പെരുമാറാനോ ശ്രമിക്കുന്നില്ല".- നിമിഷ് രവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates