ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച നായക കഥാപാത്രമായ എസ് ഐ ബിജുവിന്റെ മുന്നിൽ അയൽക്കാരനെക്കുറിച്ച് പരാതി പറയാനെത്തിയ ബേബിയും മേരിയും പ്രേക്ഷകരുടെ മുഖത്ത് ചിരി പടർത്തിയാണ് സ്ക്രീനിൽ നിറഞ്ഞത്. "ഒന്നു പോ സാറേ", എന്ന മേരിയുടെ ഡയലോഗ് തിയറ്ററിലും പിന്നീട് സോഷ്യൽ മീഡിയയിലും ശ്രദ്ധനേടി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള എരമല്ലൂർ സ്വദേശിനിയായ മേരിയുടെ മുഖത്ത് ഇപ്പോൾ ആ ചിരിയില്ല. കോവിഡ് സമ്മാനിച്ച ദുരിതത്തിൽ നിന്ന് കരകയറാൽ ഭാഗ്യക്കുറിയുമായി ജോലിക്കിറങ്ങിയിരിക്കുകയാണ് മേരി.
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പുതിയ വീട് വയ്ക്കാൻ മേരി ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു. പക്ഷെ സിനിമയിലെ ഭാഗ്യം കൈവിട്ടതോടെ വായ്പ്പാ തിരിച്ചടവ് മുടങ്ങി. ജപ്തി നോട്ടീസ് കൈയിൽ കിട്ടിയതോടെ ജീവിക്കാൻ ലോട്ടറി വിൽക്കാൻ ഇറങ്ങിയതാണ് മേരി. ചേർത്തല-അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നിറങ്ങി ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. ദിവസവും 300 രൂപ വരെ കിട്ടും.
തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് മേരിക്ക് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിച്ചത്. ഇതിനുപിന്നാലെ മകളുടെ വിവാഹം നടത്തി. ഒപ്പമുള്ള മകന് ആരോഗ്യപ്രശ്നങ്ങളുണ്ട്. മുപ്പത്തിയഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേരി ആക്ഷൻ ഹീറോ ബിജുവിലെ രംഗം ശ്രദ്ധിക്കപ്പെട്ടതോടെ ചില പരസ്യങ്ങളിലും അഭിനയിച്ചു. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ലെങ്കിലും കൈയിൽ ഒരു കൊച്ചുഫോണുമായാണ് മേരി നിൽക്കുന്നത്. സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates