മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളായ നിരവധി സിനിമകളുടെ പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കിയ സംഗീത സംവിധായകനാണ് എസ്പി വെങ്കിടേഷ്. 70-ാം വയസില്‍ തന്റെ പാട്ടുകളെ ബാക്കിയാക്കി അദ്ദേഹം യാത്രയായിരിക്കുകയാണ്. ഒരു തലമുറയുടെ വേദനകള്‍ക്കും സന്തോഷത്തിനുമെല്ലാം കൂട്ടിരുന്ന സംഗീതമൊരുക്കിയ പ്രതിഭയാണ് യാത്രയായത്.
1996 ല്‍ പുറത്തിറങ്ങിയ, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് രാജാവിന്റെ മകന്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ പിറവി കണ്ട സിനിമ. അതേസമയം, മറ്റൊരാളുടെ ഉദയത്തിന് കൂടി രാജാവിന്റെ മകന്‍ നിമത്തമായി മാറിയിരുന്നു. എസ്പി വെങ്കിടേഷിനെ കണ്ടുമുട്ടിയതും എങ്ങനെയാണ് അദ്ദേഹം രാജാവിന്റെ മകനിലേക്ക് എത്തിയതെന്നും മുമ്പൊരിക്കല്‍ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു.
ജോഷി സംവിധാനം ചെയ്ത, ഡെന്നിസ് എഴുതിയ ശ്യാമ എന്ന സിനിമയുടെ റീ റെക്കോര്‍ഡിങിനിടെയാണ് ഡെന്നിസ് വെങ്കിടേഷിനെ പരിചയപ്പെടുന്നത്. അന്ന് ശ്യാമിന്റെ സഹായിയായിരുന്നു വെങ്കിടേഷ്. ഒരുനാള്‍ ശ്യാം തനിക്ക് പകരം വെങ്കിടേഷിനെ റീ റെക്കോര്‍ഡിങിന് അയക്കുകയായിരുന്നു. ആ കഥ ഡെന്നീസ് പറയുന്നത് ഇങ്ങനെയാണ്.
''ശ്യാം സാര്‍ ഒരേ ദിവസം നാലും അഞ്ചും സിനിമകള്‍ ചെയ്യുന്ന കാലമാണ്. ഒരു ദിവസം ശ്യാമിന് പകരം അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് വന്നത്. ശ്യാം അസിസ്റ്റന്റിനെ വിട്ടെന്ന് അറിഞ്ഞപ്പോള്‍ ഇത് ശരിയാകുമോ എന്ന് ഞാന്‍ ജോഷിയോട് ചോദിച്ചു. ഏയ് കുഴപ്പമൊന്നുമില്ല അവന്‍ മിടുക്കനാണ്, നന്നായി ചെയ്തു കൊള്ളുമെന്ന് ജോഷി പറഞ്ഞു.
ആ അസിസ്റ്റന്റ് നന്നായി തന്നെ ചെയ്തു. ക്ലൈമാക്‌സ് റീലൊക്കെ ശ്യാം ജി അല്ല അസിസ്റ്റന്റാണ് ചെയ്തത്. അയാള്‍ വളരെ നന്നായി ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ അയാളെ പരിചയപ്പെട്ടു. നിങ്ങള്‍ സ്വതന്ത്ര്യമായി സിനിമ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതുവരെ ചെയ്തിട്ടില്ലെന്നും ചെയ്താല്‍ വിജയിക്കുമോ എന്ന് അറിയില്ലെന്നും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറായി തന്നെ നല്ല തിരക്കുണ്ട്. സംഗീത സംവിധായകനാകാന്‍ പോയാല്‍ അതും ഇതും ഇല്ലാത്ത അവസ്ഥയാകുമെന്നും പറഞ്ഞു. അദ്ദേഹം വലിയ താല്‍പര്യം കാണിച്ചില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.
പിന്നീട് രാജാവിന്റെ മകന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. മ്യൂസിക് ഡയറക്ടറായി ജോണ്‍സന് പകരം വേറൊരാളെ കൊണ്ടുവന്നാല്‍ നന്നാകും എന്ന ആലോചന നടക്കുന്നുണ്ട്. അപ്പോള്‍ തമ്പിയോട് ഇങ്ങനൊരാളെ പരിചയപ്പെട്ടതും സിനിമ വാഗ്ദാനം ചെയ്തതും പറഞ്ഞു. അയ്യോ അവനോ? എന്നായിരുന്നു തമ്പിയുടെ മറുപടി. അദ്ദേഹം നല്ല പണിക്കാരനാണെങ്കിലും സിനിമയിലെ അറിയപ്പെടുന്നൊരു മദ്യപാനിയും കൂടിയായിരുന്നു. അതിനാല്‍ സിനിമ കൊടുക്കാന്‍ തമ്പിയ്ക്ക് മടി തോന്നി.
അയാള്‍ പിന്നീട് ഒരു ദിവസം വന്ന് ഇനി മദ്യപിക്കില്ല എന്ന് എന്നോടും തമ്പിയോടും സത്യം ചെയ്തു. അദ്ദേഹത്തിനും സിനിമ ചെയ്യാന്‍ താല്‍പര്യം തോന്നിയിരുന്നു. അങ്ങനെ അദ്ദേഹം രാജാവിന്റെ മകനിലൂടെ സംഗീത സംവിധായകനായി. ശ്യാമിന് ശേഷം മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനുമായി. അതാണ് എസ്പി വെങ്കിടേഷ്. അന്നും ഇന്നും വെങ്കിടേഷ് എന്റെ അടുത്ത സുഹൃത്താണ്. മലയാളത്തില്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ബംഗാളിയില്‍ വളരെ തിരക്കുള്ള സംഗീത സംവിധായകനാണ് അദ്ദേഹം''.
മൂന്ന് പാട്ടുകളായിരുന്നു രാജാവിന്റെ മകനിലുണ്ടായിരുന്നത്. മൂന്നും വലിയ ഹിറ്റുകളായി മാറിയപ്പോള്‍ 'വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍' എന്ന് തുടങ്ങുന്ന ഉണ്ണി മേനോന്‍ പാടിയ പാട്ട് തലമുറകള്‍ കൈ മാറുന്ന പാട്ടായി വളര്‍ന്നു. അവിടുന്നിങ്ങോട്ട് മലയാളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാടിയ പാട്ടുകള്‍ ഒരുപാട് ആ വിണ്ണിലെ ഗന്ധര്‍വ്വ വീണയിലൂടെ ഒഴുകി വന്നു. കിലുക്കം, കൗരവ്വര്‍, ജോണി വാക്കര്‍, സ്ത്രീധനം, ദേവാസൂരം, ധ്രുവം, വാത്സല്യം, സ്ഫടികം, മാനാര്‍ മത്തായി സ്പീക്കിങ്, അങ്ങനെ പോവുകയാണ് തുടങ്ങിയാല്‍ തീരാത്ത ആ ലിസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates