ലോസാഞ്ചലസ്: സംഘര്‍ഷം തകര്‍ത്ത പലസ്തീന്‍, ഒരു ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രയേല്‍ - പലസ്തീന്‍ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയ്ക്കാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
2019 -2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും, പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്.
പതിറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നോ അദര്‍ ലാന്‍ഡ് പറയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച് ബാസല്‍ അദ്ര നടത്തിയ പ്രതികരണം. ''എന്റെ സമൂഹം ഇസ്രായേലി അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്നവരാണ്, അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവയെ എപ്പോഴും ഭയപ്പെടുന്നവര്‍. രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പിതാവായി, എന്റെ മകള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏക പ്രതീക്ഷ, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടിവരില്ല എന്നാണ്,'' എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാസല്‍ അദ്ര പ്രതികരിച്ചത്.
ഡോക്യുമെന്ററി തയ്യാറാക്കി ബാസല്‍ അദ്രയും പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും അവരുടെ ടീമിനുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും, ഈ അനീതികളെ ലോകം ചോദ്യം ചെയ്യണം എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍ - നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates