Parvathy Krishna 
Entertainment

'ഫേസ് യോഗ തട്ടിപ്പും ഉഡായിപ്പുമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍? എന്നെ മാത്രം വേട്ടയാടുന്നു'; പൊട്ടിത്തെറിച്ച് പാര്‍വതി

കയ്യിലൊരു ഫോണുണ്ടെന്ന് കരുതി എന്ത് തോന്ന്യാസവും എഴുതാം എന്നാണ്. ഇനി അത് നടക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഫേസ് യോഗയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി പാര്‍വതി കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താന്‍ തട്ടിപ്പും ഉഡായിപ്പുമാണെന്ന് പറയുന്നത് എന്നാണ് പാര്‍വതി ചോദിക്കുന്നത്. എന്തുകൊണ്ടാണ് തന്നെ മാത്രം ലക്ഷ്യമിടുന്നതെന്നും താരം ചോദിക്കുന്നു. ആ വാക്കുകളിലേക്ക്:

കുറച്ച് നാളായി ഞാന്‍ ഫേസ് യോഗ ക്ലാസുകളെടുക്കുന്നുണ്ട്. ഹൗസ് ഓഫ് ബ്യൂട്ടിയില്‍ നിന്നും സെര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. അവരുടെ വെബ് സൈറ്റില്‍ ചെന്നാല്‍ എന്റെ വിഡിയോസ് കാണാം. എനിക്ക് എന്റെ മുഖത്ത് ബൊട്ടോക്‌സോ ഫില്ലേര്‍സോ ചെയ്യാന്‍ താല്‍പര്യം ഇല്ലായിരുന്നു. നാച്ച്വറലായി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചപ്പോഴാണ് ഫേസ് യോഗയെക്കുറിച്ച് അറിയുന്നത്. വിഭൂതി അറോറ എന്നയാളുടെ വിഡിയോയാണ് ആദ്യം കാണുന്നത്. ഡല്‍ഹിയില്‍ പോയി പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടി. ശേഷം കഴിഞ്ഞ 8 മാസമായി ആയിരക്കണക്കിന് പേര്‍ക്ക് ക്ലാസെടുക്കുന്നുണ്ട്. സ്ഥിരമായി എന്റെ പക്കല്‍ വരുന്നവരുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രശേഖര്‍ രമേശ് എന്നൊരാള്‍ വിഡിയോ ചെയ്യുകയും ആ വിഡിയോയ്ക്ക് പിന്നാലെ ഒരുപാട് പേര്‍ വിഡിയോകള്‍ ചെയ്യുകയുമുണ്ടായി. അത് അവരുടെ ജോലിയുടെ ഭാഗം. കുഴപ്പമില്ല. പക്ഷെ എന്ത് തട്ടിപ്പാണ് ഞാന്‍ നടത്തുന്നതെന്നാണ് അറിയേണ്ടത്. പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ക്ലാസെടുക്കുന്നത്. പഠിക്കാതെ വന്നാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ പറയാം ഉഡായിപ്പ് പരിപാടിയാണെന്ന്. അല്ലാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ്, ഉഡായിപ്പ് എന്ന രണ്ട് വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് എനിക്കറിയണം. അത് ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം, ഞാന്‍ മാത്രമല്ല ഫേസ് യോഗയുടെ ക്ലാസെടുക്കുന്നത്. പ്രത്യേകിച്ചും കേരളത്തില്‍. എന്തുകൊണ്ടാണ് എന്നെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നത്? അതൊരു ചോദ്യമല്ലേ. ഞാന്‍ ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചതു കൊണ്ട് മാത്രമാണോ? അതോ ഞാന്‍ ഫേസ് യോഗയെക്കുറിച്ച് പറഞ്ഞേ പിന്നെയാണ് ഇവിടെ ക്ലാസുകള്‍ കൂടിയത്. ഇനി അതുകൊണ്ടാണോ? ഇതും എനിക്കറിയണം. എന്നെ മാത്രമാണ് ടാര്‍ജറ്റ് ചെയ്യുന്നത്. അങ്ങനെയാണേല്‍ ലോകത്ത് ഫേസ് യോഗ ചെയ്യുന്നവരെല്ലാം നിര്‍ത്തട്ടെ. ഞാന്‍ പഠിച്ച വിഭൂതിയുടെ സ്ഥാപനം വളരെ പ്രശസ്തമാണ്. അവരും നിര്‍ത്തട്ടെ. എന്തുകൊണ്ടാണ് എന്നെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നത്?

നിങ്ങള്‍ക്ക് എന്റെ മുഖം ഇഷ്ടമല്ലാത്തതിനാലാണോ? ചിലപ്പോള്‍ അങ്ങനെ സംഭവിച്ചേക്കാം. അതോ ഞാന്‍ അടുത്ത ചുവടുവെക്കുമെന്ന പേടിയാണോ? എന്തിനാണ് ആ പേടി? ഇതൊക്കെ എന്റെ ചോദ്യങ്ങളാണ്. സുഹൃത്തുക്കളടക്കം എന്നോട് വിടാന്‍ പറഞ്ഞതാണ്. പക്ഷെ എനിക്ക് അറിയണമെന്ന് തോന്നി. എന്തുകൊണ്ട് ഞാന്‍ മാത്രം എന്ന്.

മുംബൈയിലേയും ഡല്‍ഹിയിലേയും പല യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ യോഗയുടെ ഭാഗമായി ഇതും പഠിപ്പിക്കുന്നുണ്ട്. ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ നിങ്ങള്‍ ഫില്ലേഴ്‌സ് ചെയ്യാന്‍ പാടില്ല, ബൊട്ടോക്‌സ് ചെയ്യാന്‍ പാടില്ല എന്ന്. എനിക്ക് അത് ചെയ്യാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഞാന്‍ നാച്ച്വറലായ വഴി നോക്കിയതാണ്. ഒരു ദിവസം കൊണ്ട് തന്നെ ഫലം കിട്ടുമെന്നോ ഡയറ്റ് ചെയ്യരുതെന്നോ സ്‌ട്രെങ്ത് വര്‍ക്കൗട്ട് ചെയ്യരുതെന്നോ ഞാന്‍ പറഞ്ഞോ?

പല പല പോസ്റ്റുകളും വരുന്നുണ്ട്. ഇത്രയും ദിവസം വേണ്ടെന്ന് വച്ചതാണ്. ഒരു കാര്യം കൂടി. ഇത്രയും സൈബര്‍ അറ്റാക്ക് ചെയ്യുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എന്തായിരിക്കും ആരോപിക്കുക? നഷ്ടപ്പെടുന്നത് എന്റെ കുടുംബത്തിന് മാത്രമായിരിക്കും. ഒരാളെ മാനസികമായി അവഹേളിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് കിട്ടുന്നത്? ഇതൊന്നും പറയേണ്ട എന്ന് കരുതിയതാണ്. പക്ഷെ പണിയില്ലാത്ത കുറേയവന്മാര്‍ വിഡിയോകള്‍ ചെയ്യുന്നു. കയ്യിലൊരു ഫോണുണ്ടെന്ന് കരുതി എന്ത് തോന്ന്യാസവും എഴുതാം എന്നാണ്. ഇനി അത് നടക്കില്ല. ഞാന്‍ നിയമപരമായി നീങ്ങിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ നോക്കാം.

Parvathy Krishna reacts to social media criticism against face yoga.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍, യുഎസ് ഉപരോധം പിന്‍വലിക്കും വരെ കടലിടുക്ക് അടച്ചിടും

ഡിജിറ്റൽ ഇന്ത്യ ഭാഷിണിയിൽ യങ് പ്രൊഫഷണൽ നിയമനം, 50,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം

കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമ വേല; മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ രക്ഷിച്ചു

അക്ഷയ തൃതീയ: സ്വര്‍ണം എങ്ങനെയെല്ലാം വാങ്ങാം?; ആറു രീതികള്‍ പരിചയപ്പെടാം

ദിവസവും പേരയ്ക്ക കഴിക്കാറുണ്ടോ?

SCROLL FOR NEXT