കൽക്കി 2898 എഡി Facebook
Entertainment

ഇത് ബി​ഗ് ബി- പ്രഭാസ് ഷോ; 'കൽക്കി സിനിമാറ്റിക് യൂണിവേഴ്സ്'

പുരാണവും മോഡേൺ ടെക്നോളജിയും കോർത്തിണക്കി കഥ പറയുന്നതിൽ ഒരു പരിധി വരെ നാ​ഗ് അശ്വിന് വിജയിക്കാനായി.

ഹിമ പ്രകാശ്

ഇത് കലിയു​ഗമാണ്, ലോകമെമ്പാടും കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും. ധർമ്മത്തിന് മേൽ അധർമ്മം ശക്തിപ്രാപിക്കും. കലിയെന്ന അധർമ്മത്തെ ഇല്ലാതാക്കാൻ മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളില്‍ അവസാനത്തേതായ കല്‍ക്കി അവതാരമെടുക്കും. പുരാണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നാ​ഗ് അശ്വിൻ ഒരുക്കിയിരിക്കുന്ന ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കൽക്കി 2898 എഡി എന്ന് ഒറ്റവാക്കിൽ പറയാം. തിന്മയ്ക്കെതിരെയുള്ള നന്മയുടെ പോരാട്ടം ഇവിടെ തുടങ്ങിക്കഴിഞ്ഞു.

കാശി, കോംപ്ലക്സ്, ശംഭാല എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. നന്മയുടെ രക്ഷകനായി മഹാവിഷ്ണു അവതരിക്കുന്നതിനേ മുൻനിർത്തിയാണ് കൽക്കിയുടെ പ്രമേയം മുന്നോട്ട് പോകുന്നത്. സമ്പന്ന ന​ഗരമായ കാശിയിൽ നിന്നാണ് കൽക്കി തുടങ്ങുന്നത്. ദൈവത്തിന് നിരോധനമുള്ള ന​ഗരമാണ് കാശി. ആകാശത്തുള്ള മറ്റൊരു ലോകമാണ് കോംപ്ലക്സ്. സുപ്രീം യാസ്കിനാണ് കോംപ്ലക്സ് ഭരിക്കുന്നത്. പെൺകുട്ടികളെ കൃത്രിമ ​ഗർഭം ധരിപ്പിച്ച് പ്രൊജക്ട് കെ എന്ന പദ്ധതി നടപ്പാക്കുകയാണ് യാസ്കിൻ. വിമതരുടെ ലോകമാണ് ശംഭാല. കോംപ്ലക്സിനെതിരെയാണ് ശംഭാലയുടെ യുദ്ധം.

തിരക്കഥ, സംവിധാനം

മഹാനടിയ്ക്ക് ശേഷം നാ​ഗ് അശ്വിൻ ഒരുക്കുന്ന ചിത്രമെന്നതു കൊണ്ട് തന്നെ കൽക്കിയുടെ വരവിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നതും. പുരാണവും മോഡേൺ ടെക്നോളജിയും കോർത്തിണക്കി കഥ പറയുന്നതിൽ ഒരു പരിധി വരെ നാ​ഗ് അശ്വിന് വിജയിക്കാനായി. എന്നാൽ പതിഞ്ഞ താളത്തിൽ പോകുന്ന തിരക്കഥ സിനിമ ആസ്വാദനത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആ​ദ്യ പകുതിയിലൊക്കെ കഥയിൽ ഒരു വലിച്ചു നീട്ടൽ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്.

കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ അവതരിപ്പിക്കാൻ സംവിധായകൻ നല്ല രീതിയിൽ ശ്രമിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെയും കമൽ ഹാസന്റെയും സംഭാഷണങ്ങളും എടുത്തുപറയേണ്ടതാണ്. ആക്ഷൻ, ഫാന്റസി, മിത്തോളജി തുടങ്ങി വലിയൊരു ദൃശ്യവിരുന്ന് തന്നെയാണ് കൽക്കി എഡി. ചിത്രത്തിന്റെ ക്ലൈമാക്സിനോടടുത്ത് പ്രഭാസിന്റെ കഥാപാത്രത്തിൽ ഒരുക്കിയിരിക്കുന്ന ചെറിയൊരു സസ്പെൻസ് എലമെന്റും തിയറ്ററിൽ കൈയ്യടി നേടി.

പെർഫോമൻസുകൾ

പെർഫോമൻസുകളിൽ എടുത്ത് പറയേണ്ടത് അമിതാഭ് ബച്ചന്റേത് തന്നെയാണ്. അശ്വ‌ത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ​ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. പ്രഭാസുമൊത്തുള്ള അമിതാഭിന്റെ ആക്ഷൻ രം​ഗങ്ങളാണ് കൽക്കിയുടെ ഹൈലൈറ്റുകളിൽ ഒന്ന്. അമിതാഭിന്റെ യൗവനകാലത്ത് നിന്നാണ് കൽക്കിയുടെ ആരംഭം. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ വച്ച് പ്രഭാസിന്റെ നല്ലൊരു വേഷം തന്നെയാണ് ഭൈരവ. തുടക്കത്തിൽ തമാശകളൊക്കെയുള്ള ഒരു ചൈൽഡിഷ് കഥാപാത്രമായാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ പകുതിയേക്കാൾ ഏറെ പ്രഭാസ് തിളങ്ങിയത് രണ്ടാം പകുതിയിലാണ്. വളരെ കുറച്ചു നേരമേ സ്ക്രീനിലെത്തുന്നുള്ളൂവെങ്കിലും സുപ്രീം യാസ്കിനായെത്തിയ കമൽ ഹാസനും പ്രേക്ഷകരെ ത്രസിപ്പിച്ചു. ദുൽഖർ സൽമാൻ, സംവിധായകൻ എസ്.എസ് രാജമൗലി എന്നിവരുടെ അതിഥി വേഷങ്ങളും പ്രേക്ഷകരെ ആവേശത്തിലാക്കി. മറിയമായെത്തിയ ശോഭനയും സുമതിയായെത്തിയ ദീപിക പദുക്കോണും മികച്ച പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. അന്ന ബെൻ, പശുപതി, വിജയ് ദേവരക്കൊണ്ട, ശാശ്വത ചാറ്റർജി തുടങ്ങിയവരും അവരവരുടെ ഭാ​ഗം മികവുറ്റതാക്കി.

വിഎഫ്എക്സും പശ്ചാത്തലസം​ഗീതവും

കൽക്കിയെ ആദ്യം മുതൽ അവസാനം വരെ മുന്നോട്ട് കൊണ്ടുപോകുന്ന രണ്ട് ഘടകങ്ങളാണ് പശ്ചാത്തല സം​ഗീതവും വിഎഫ്എക്സും. സന്തോഷ് നാരായണന്റെ പശ്ചാത്തലസം​ഗീതം സിനിമയിലുടനീളം പ്രേക്ഷകരെ മടുപ്പില്ലാതെയാക്കുന്നുണ്ട്. പുരാണ രം​ഗങ്ങളൊക്കെ വളരെ മികച്ച രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബുജ്ജി എന്ന ഫ്യൂച്ചറസ്റ്റിക് കാറും പ്രേക്ഷകർക്ക് മികച്ച അനുഭവമായി. വിഎഫ്എക്സിന്റെ കാര്യത്തിലേക്ക് വന്നാൽ ചില ഹോളിവുഡ് ചിത്രങ്ങളൊക്കെ പ്രേക്ഷകരുടെ മനസിലേക്ക് കടന്നുവരും.

ആദ്യ പകുതിയിൽ അത്ര ​ഗംഭീരമായി വിഎഫ്എക്സ് വർക്കൗട്ടായി എന്ന പറയാനാകില്ല, എന്നാൽ രണ്ടാം പകുതിയിൽ അത്യാവശ്യം പ്രേക്ഷകരെ എൻ​ഗേജിങ് ആക്കാനും വിഎഫ്എക്സ് രം​ഗങ്ങൾക്കായി. രണ്ടാം പകുതിയിലെ യുദ്ധ രം​ഗങ്ങളൊക്കെ എടുത്തുപറയേണ്ടതാണ്. ജോർജ് സ്റ്റോയിക്കോവിചിന്റെ ഛായാഗ്രഹണം കൈയ്യടിയർഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ഇന്റർവെൽ സീനും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്. അപോകാലിപ്ടോ ബാക്ക്​ഗ്രൗണ്ടിൽ ടെക്നോളജിയും മിത്തോളജിയും കൂട്ടിയോജിപ്പിച്ചുള്ള കൽക്കി തീർച്ചയായും ഒരു തിയറ്റർ എക്സ്പീരിയൻസ് തന്നെയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കൽക്കി സിനിമാറ്റിക് യൂണിവേഴ്സ്

സിനിമാറ്റിക് യൂണിവേഴ്സുകളുടെ കാലമാണിപ്പോൾ. അക്കൂട്ടത്തിലേക്ക് കൽക്കി സിനിമാറ്റിക് യൂണിവേഴ്സ് കൂടി എത്തിയിരിക്കുകയാണ്. ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിച്ചാണ് കൽക്കി തീരുന്നത്, അല്ല തുടങ്ങുന്നത്. എന്താണ് പ്രൊജക്ട് കെ, പ്രഭാസ് തന്റെ യഥാർഥ ശക്തി തിരിച്ചറിയുമോ ?, ആരായിരിക്കും കൽക്കി തുടങ്ങി നിരവധി ചോദ്യങ്ങളും സംശയങ്ങളും പ്രേക്ഷക മനസിൽ സിനിമ കഴിയുമ്പോൾ ബാക്കിയുണ്ടാകും. എന്തായാലും ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരത്തിനായി അടുത്ത ഭാ​ഗത്തിനായി കാത്തിരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT