Fauzi 
Entertainment

ഹിറ്റ്‌ലറെ വിറപ്പിച്ച 'ഫൗജി'; പ്രഭാസ് ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്

സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഫൗജി’യുടെ സ്പെഷ്യൽ ഗ്ലിംപ്സ് വീഡിയോ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. ‘ഫയൽ നമ്പർ 25’ എന്ന പേരിൽ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്.

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ടി സീരീസ് അവതരിപ്പിക്കുന്നു. നവീൻ യെർനേനിയും വൈ രവിശങ്കറും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ദേശസ്നേഹവും ചരിത്രവും ചാരപ്രവർത്തനവും ആക്ഷനും സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ്, പ്രഭാസിന്റെ ഇതുവരെ കാണാത്ത കഥാപാത്രാവതരണത്തിന്റെ സൂചനകളും നൽകുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗജി’യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്.

. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ നിരന്തരം വെട്ടിലാക്കുന്ന ഒരു ഇന്ത്യൻ പോരാളിയുടെ കഥയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സൈനിക നീക്കങ്ങളെ വഴിതിരിച്ചുവിടുകയും തന്ത്രപ്രധാനമായ ദൗത്യങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഈ പോരാളിയുടെ യഥാർഥ വ്യക്തിത്വം ബ്രിട്ടീഷുകാർക്ക് ഇപ്പോഴും അജ്ഞാതമാണ്. ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രഹസ്യ ആശയവിനിമയ കോഡാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും, ജർമനിയുടെ എനിഗ്മ കോഡിനേക്കാൾ സങ്കീർണമാണ് ഈ സംവിധാനം എന്നുമുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്.

ബ്രിട്ടീഷ് അധികാരികൾ ‘ഫൗജി’ എന്ന് വിളിക്കുന്ന ഈ സൈനികന്റെ യഥാർഥ പേര് ഇപ്പോഴും രഹസ്യമാണ്. 1932 മുതൽ കൊളോണിയൽ ഭരണകൂടം തിരയുന്ന ഈ പോരാളി, മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടുപോകുന്ന നിർഭയനായ വിമതനായാണ് ചിത്രീകരിക്കപ്പെടുന്നത്. നിലവിൽ കൽക്കട്ടയിലാണ് ഇയാൾ ഉള്ളതെന്നും ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടം തുടരുകയാണെന്നും നേതാജി വെളിപ്പെടുത്തുന്നു. ചരിത്രപരമായ പശ്ചാത്തലവും ചാരപ്രവർത്തനത്തിന്റെ നിഗൂഢതയും കൂട്ടിച്ചേർത്ത് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ‘ഫയൽ നമ്പർ 25’ ഗ്ലിംപ്സിന്റെ പ്രധാന സവിശേഷത.

ഗ്ലിംപ്സിന്റെ അവസാന ഭാഗത്താണ് പ്രഭാസിന്റെ ശക്തമായ അവതരണമെത്തുന്നത്. ചുണ്ടിൽ സിഗരറ്റും കൈയിൽ കൂറ്റൻ തോക്കുമായി പ്രത്യക്ഷപ്പെടുന്ന താരം, കീഴടങ്ങാൻ തയ്യാറല്ലാത്ത പോരാളിയുടെ രൗദ്രഭാവമാണ് പ്രകടിപ്പിക്കുന്നത്. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുന്ന കഥാപാത്രത്തിന്റെ തീക്ഷ്ണമായ സംഭാഷണവും ആക്ഷൻ രംഗങ്ങളും വീഡിയോയ്ക്ക് ശക്തമായ ക്ലൈമാക്സ് നൽകുന്നു. ശാരീരിക കരുത്തും യുദ്ധവീര്യവും മാത്രമല്ല, രഹസ്യ ദൗത്യങ്ങളും ബുദ്ധിപരമായ നീക്കങ്ങളും രഹസ്യ ആശയവിനിമയവും നായകകഥാപാത്രത്തിന്റെ പ്രത്യേകതകളായി അവതരിപ്പിക്കുന്ന ചിത്രം, ചരിത്രവും ദേശസ്നേഹവും ചാരപ്രവർത്തനവും ചേർന്ന വ്യത്യസ്തമായൊരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്.

‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൗസി’. പ്രഭാസിനൊപ്പം ഇമാൻവിയാണ് നായികയായി എത്തുന്നത്. മുതിർന്ന താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ, ഭാനു ചന്ദർ എന്നിവരും നിർണായക വേഷങ്ങളിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രസൂചനകൾ കോർത്തിണക്കി, പ്രഭാസിന് വ്യത്യസ്തമായൊരു കഥാപാത്രത്തെ ഒരുക്കുകയാണ് സംവിധായകൻ. നായകന്റെ ഭൂതകാലം, രഹസ്യ ദൗത്യങ്ങൾ, ബ്രിട്ടീഷ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, ഗ്ലിംപ്സ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു.

‘ഫൗജി’ 2027 മാർച്ച് 19ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

രചന, സംവിധാനം: ഹനു രാഘവപുടി, നിർമ്മാണം: മൈത്രി മൂവി മേക്കേഴ്സ്, അവതരണം: ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ്, നിർമ്മാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ഭൂഷൺ കുമാർ, ഛായാഗ്രഹണം: സുദീപ് ചാറ്റർജി ഐ.എസ്.സി., സംഗീതം: വിശാൽ ചന്ദ്രശേഖർ, പ്രൊഡക്ഷൻ ഡിസൈനർ: അനിൽ വിലാസ് ജാദവ്, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ഗാനരചന: കൃഷ്ണ കാന്ത്, നൃത്തസംവിധാനം: പ്രേം രക്ഷിത്, വസ്ത്രാലങ്കാരം: ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്: ആർ.സി. കമല കണ്ണൻ, പബ്ലിസിറ്റി ഡിസൈനർമാർ: അനിൽ-ഭാനു, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ : ശബരി

Prabhas starrer Fauzi glimpse video is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

രണ്ടാമങ്കത്തിലും ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സൂര്യവംശി ടീമില്‍; ആരാകും ഓപ്പണര്‍?

ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, എണ്ണവില 116 ഡോളറിന് മുകളില്‍; ഇന്ധനവില ഉടന്‍ കൂട്ടുമോ?

'മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം; കുട്ടികള്‍ക്ക് മൊബൈല്‍ വേണ്ട'

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ വരുമാനം; മികച്ച കെഎസ്എഫ്ഇ സ്‌കീം