സംവിധാനം ചെയ്ത ആദ്യ ചിത്രം ലൂസിഫർ സൂപ്പർഹിറ്റായതോടെ പൃഥ്വിരാജ് മലയാള സിനിമയിലെ മുൻനിര സംവിധായകനായിരിക്കുകയാണ്. പൃഥ്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ ബ്രോ ഡാഡി ഡേയ്സിൽ നിന്നുള്ള തന്റെയൊരു ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
റോഡിൽ കാർ നിർത്തിയിട്ട് പേപ്പറിൽ എന്തോ എഴുതുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. “റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മോഹൻലാലിനൊപ്പം വലിയ താരനിര ഒന്നിക്കുന്ന ചിത്രം ഒടിടി റിലീസായിട്ടായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.
ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates