Venkat K Narayana, Jana Nayagan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സിനിമ റിലീസ് ചെയ്യാനുള്ള എല്ലാ വഴികളും ഞങ്ങൾ നോക്കി'; ഒടുവിൽ മൗനം വെടിഞ്ഞ് 'ജന നായകന്റെ' നിർമാതാവ്

അവർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ഞങ്ങൾ സിനിമ വീണ്ടും സമർപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനാകുന്ന ജന നായകന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുകയാണ്. സെൻസർ ബോർഡുമായുള്ള അപ്രതീക്ഷിത നിയമ തർക്കം മൂലമാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് വെങ്കട്ട് കെ നാരായണയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‌

കെവിഎൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് തടസ്സപ്പെട്ടതിലുള്ള വിഷമവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിജയ് എന്ന നടന്റെ അഭിനയ ജീവിതത്തിന് അർഹമായ ഒരു യാത്രയയപ്പ് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വൈകാരികമായ വിഡിയോ സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഞങ്ങളുടെ ‘ജന നായകൻ’ എന്ന സിനിമയ്ക്കായി വലിയ സ്നേഹത്തോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന എല്ലാവരോടും ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾക്ക് ലഭിക്കുന്ന എണ്ണമറ്റ സന്ദേശങ്ങളും കോളുകളും ഈ സിനിമയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുന്നു.

ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ചില പരിമിതികളുണ്ട്, എങ്കിലും ഏതാനും വസ്തുതകൾ നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 2025 ഡിസംബർ 18-ന് ഞങ്ങൾ സിനിമ സെൻസർ ബോർഡിന് സമർപ്പിച്ചു. ഡിസംബർ 22-ന് സിനിമ കണ്ട എക്സാമിനിങ് കമ്മിറ്റി, ചില മാറ്റങ്ങളോടെ 'യു എ 16+' സർട്ടിഫിക്കറ്റ് നൽകാമെന്ന് ഞങ്ങളെ ഇമെയിൽ വഴി അറിയിച്ചു.

അവർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ഞങ്ങൾ സിനിമ വീണ്ടും സമർപ്പിച്ചു. എന്നാൽ റിലീസ് നിശ്ചയിച്ചിരുന്ന തീയതി അറിയാമായിരുന്നിട്ടും ജനുവരി 5-ന് വൈകുന്നേരം, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി ഞങ്ങളെ അറിയിച്ചു. ഇത് ചോദ്യം ചെയ്തു കൊണ്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും ജനുവരി 6, 7 തീയതികളിൽ വാദം കേട്ട കോടതി 'യു എ 16+' സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ സെൻസർ ബോർഡ് ഈ തീരുമാനത്തെ ഉടൻ തന്നെ ചോദ്യം ചെയ്യുകയും ഇപ്പോൾ ആ ഉത്തരവിന് സ്റ്റേ നിലനിൽക്കുകയുമാണ്. ഞങ്ങളോടൊപ്പം നിന്ന പ്രേക്ഷകർക്കും വിതരണക്കാർക്കും തിയറ്റർ ഉടമകൾക്കും ഉണ്ടായ പ്രയാസത്തിൽ ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.

ദളപതി വിജയ് സർ പതിറ്റാണ്ടുകളായി നേടിയെടുത്ത സ്നേഹത്തിന് അർഹമായ ഒരു യാത്രയയപ്പ് അദ്ദേഹത്തിന് ലഭിക്കണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്, എത്രയും വേഗം സിനിമ നിങ്ങളുടെ മുന്നിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’ വെങ്കട്ട് കെ നാരായണ വിഡിയോയിൽ പറഞ്ഞു.

Cinema News: Producer Venkat K Narayana breaks silence on Vijay’s Jana Nayagan release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

SCROLL FOR NEXT