Rushda, Rahman ഇൻസ്റ്റ​ഗ്രാം
Entertainment

'കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, നിനക്ക് ആരോടും ഒന്നും തെളിയിക്കാനില്ല'; മകൾക്ക് ആശംസകൾ നേർന്ന് റഹ്മാൻ

നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളേക്കാളും കരുത്തയാണ് നീ.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് റഹ്മാൻ. തന്റെ മകൾ റഷ്ദയുടെ 30-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റഹ്മാനിപ്പോൾ. ജീവിതത്തിലെ പ്രതിസന്ധികളെയും കഠിനമായ പരീക്ഷണങ്ങളെയും അതിജീവിച്ചു കരുത്തോടെ മുന്നേറിയ മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം, ഒരു അച്ഛൻ എന്ന നിലയിൽ മകളെ ഓർത്ത് എത്രമാത്രം അഭിമാനിക്കുന്നുവെന്നും റഹ്മാൻ കുറിച്ചിട്ടുണ്ട്.

മുപ്പതാം വയസ്സ് ഒരു അവസാനമല്ല മറിച്ച് അർഹതപ്പെട്ട സന്തോഷങ്ങളിലേക്കുള്ള പുതിയൊരു തുടക്കമാണെന്നും റഹ്മാൻ പറയുന്നു. ‘‘എന്റെ പ്രിയപ്പെട്ട മകൾക്ക്, ഇന്ന് നിനക്ക് 30 വയസ്സ് തികയുകയാണ്. ഇത് വെറും പ്രായത്തിന്റെ ഒരു കണക്കല്ല; മറിച്ച് നിന്റെ ധൈര്യത്തിന്റെയും വളർച്ചയുടെയും അതിജീവനത്തിന്റെയും മനോഹരമായ ഒരു നാഴികക്കല്ലാണ്.

നീ അർഹിക്കാത്ത രീതിയിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെ നീ കടന്നുപോയത് ഒരു പിതാവെന്ന നിലയിൽ ഞാൻ കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, വേദനകളെ അന്തസ്സോടെ ചുമന്നു. എന്നിട്ടും തോറ്റുപോകാതെ മുന്നോട്ട് നടക്കാൻ നീ തീരുമാനിച്ചു. അത് മാത്രം മതി നീ എത്രത്തോളം കരുത്തയാണെന്ന് എനിക്ക് മനസ്സിലാക്കിത്തരാൻ.

ജീവിതം എല്ലായ്‌പ്പോഴും നിന്നോട് ദയ കാണിച്ചിട്ടില്ലായിരിക്കാം, പക്ഷേ ആ കഠിനാനുഭവങ്ങളൊന്നും നിന്റെ ഹൃദയത്തെ കടുപ്പമുള്ളതാക്കാൻ നീ അനുവദിച്ചില്ല. നീ ഓരോന്നിൽ നിന്നും പഠിച്ചു, എല്ലാം സഹിച്ചു, ഒടുവിൽ കൂടുതൽ ജ്ഞാനമുള്ളവളായി മാറി, ഒരിക്കലും ആരോടും വിദ്വേഷം തോന്നാതെ. ഇന്ന് നീ ആയിരിക്കുന്ന ഈ വ്യക്തിയെ ഓർത്ത് ഞാൻ അത്യധികം അഭിമാനിക്കുന്നു.

ചിന്താശീലയായ, കരുണയുള്ള, ഉള്ളിൽ ഭയം തോന്നുമ്പോഴും ധൈര്യം കൈവിടാത്ത മനോഹരമായ ഒരു വ്യക്തിത്വമാണ് നിന്റേത്. മുപ്പത് എന്നത് ഒരു അവസാനമല്ല, അതൊരു ശക്തമായ തുടക്കമാണ്. നിന്നെത്തന്നെ തിരിച്ചറിയാനും, നിന്റെ മൂല്യം മനസ്സിലാക്കാനും, സന്തോഷം നിന്നെ തേടി വരാൻ അനുവദിക്കാനുമുള്ള ഒരു പുതിയ അധ്യായമാണിത്.

നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ ഒന്നിനെക്കുറിച്ചും വിശദീകരിക്കാനോ ഇല്ല. നിന്റെ യാത്ര നിന്റേത് മാത്രമാണ്, നീ ഇപ്പോൾ എവിടെയാണോ അവിടെയാണ് നീ ആയിരിക്കേണ്ടതും. ഇത് എപ്പോഴും ഓർക്കുക: നീ പരിപൂർണയാണ്, നീ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു. നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളേക്കാളും കരുത്തയാണ് നീ.

ജീവിതം നിന്നെ എവിടെ എത്തിച്ചാലും, എന്റെ പ്രാർത്ഥനകളും വിശ്വാസവും അഭിമാനവും നിഴലായി നിന്റെ കൂടെയുണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നിനക്ക് സമാധാനവും വ്യക്തതയും നീ അർഹിക്കുന്ന സന്തോഷവും നൽകുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ട മകൾക്ക് മുപ്പതാം ജന്മദിനാശംസകൾ. ഏറ്റവും നല്ല നിമിഷങ്ങൾ ഇനിയും നിന്നെ കാത്തിരിക്കുന്നു! ഞാൻ എപ്പോഴും നിനക്കൊപ്പം ഇവിടെയുണ്ടാകും. എല്ലാ സ്നേഹത്തോടും കൂടി, അച്ഛൻ.‌.’’- റഹ്മാൻ കുറിച്ചു.

Cinema News: Rahman shares emotionally note about his daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

SCROLL FOR NEXT