ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് രാഹുൽ രാജഗോപാൽ. കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം ആണ് രാഹുലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിലും രാഹുൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് തന്റെ ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഒന്നാണെന്ന് സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. "ഞാൻ വളരെയധികം ആരാധിക്കുന്ന രണ്ട് ഇതിഹാസങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്നാണ്".- രാഹുൽ പറഞ്ഞു.
മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. ദീർഘമായ സംഭാഷണങ്ങൾ പോലും മോഹൻലാൽ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന രീതി ഒരു പഠനാനുഭവമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായുള്ള തന്റെ ബന്ധം കുറച്ചു കൂടി ആഴമേറിയതാണെന്ന് രാഹുൽ പറയുന്നു.
മമ്മൂട്ടി ചിത്രമായ മധുരരാജയിൽ ജൂനിയർ ആർട്ടിസ്റ്റായി രാഹുൽ എത്തിയിരുന്നു. "ആവാസവ്യൂഹം കഴിഞ്ഞപ്പോഴാണ് അദ്ദേഹം (മമ്മൂട്ടി) എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ടർബോയുടെ ഷൂട്ടിങ്ങിനിടയിലാണ് അദ്ദേഹവുമായി എനിക്ക് കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചത്".- രാഹുൽ പറഞ്ഞു.
കാതൽ ദ് കോർ എന്ന സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ചപ്പോഴുള്ള അനുഭവവും രാഹുൽ വ്യക്തമാക്കി. പുരുഷ പ്രേതത്തെക്കുറിച്ച് കൃഷാന്ദ് ഏട്ടൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം, 'നിങ്ങളിത് എന്നോട് എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല' എന്നായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates