

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇത്തവണ സമയം നീട്ടി നല്‍കിയേക്കില്ല. ഇതുവരെ അഞ്ച് കോടിയിലേറെപ്പേര്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു. അവസാന നിമിഷത്തെ തിരക്ക് കൈകാര്യം ചെയ്യാന്‍ വെബ്‌സൈറ്റ് സജ്ജമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന ആദായ നികുതി വകുപ്പ് നികുതി ദായകരോട് ആവശ്യപ്പെട്ടു.
പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. വൈകി ഫയല്‍ ചെയ്യുന്നവര്‍ക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തില്‍ നല്‍കേണ്ടിവരും. വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31വരെ സമയം ലഭിക്കും.
കഴിഞ്ഞവര്‍ഷം നികുതിദായകര്‍ സമാനമായ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ ആദായനികുതി വകുപ്പ് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി രണ്ടു തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ജൂലൈ 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേക്കും തുടര്‍ന്ന് സെപ്റ്റംബര്‍ 16ലേക്കുമാണ് നീട്ടിയത്. ശമ്പളക്കാരായ വ്യക്തികള്‍, പെന്‍ഷന്‍കാര്‍, ടാക്സ് ഓഡിറ്റിന് വിധേയരാകേണ്ടതില്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ജൂലൈ 31 വരെയുള്ള ഐടിആര്‍ ഫയലിങ് തീയതി ബാധകമാകുക.
ശരിയായ ഫോമും വെരിഫിക്കേഷനും
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശരിയായ ഫോം തെരഞ്ഞെടുക്കണം. അല്ലെങ്കില്‍ റിട്ടേണ്‍ അസാധുവാകും. വ്യക്തിഗത ആദായനികുതിദായകര്‍ക്ക് വരുമാന സ്രോതസ്സുകള്‍ക്കനുസരിച്ച് ഐടിആര്‍ ഒന്നുമുതല്‍ നാലുവരെയുള്ള ഫോമുകളില്‍ ഉചിതമായത് തെരഞ്ഞെടുക്കാം.www.incometax.gov.in/iec/forportal/downloads/incom-tax-returns എന്ന വെബ്സൈറ്റിലൂടെ ഫോമുകള്‍ ലഭ്യമാകും.
റിട്ടേണ്‍ വെരിഫൈ ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വെരിഫൈ ചെയ്യാത്ത റിട്ടേണ്‍ ഫയൽ ചെയ്യാത്തതായിട്ടാണ് കണക്കാക്കുക. നിർദിഷ്ട സമയപരിധിക്കുള്ളിൽ ആധാർ ഒടിപി വഴിയോ നെറ്റ്‌ബാങ്കിങ് വഴിയോ റിട്ടേണ്‍ ഇ -വെരിഫൈ ചെയ്യണം
ഓര്‍ക്കണം ഈ കാര്യങ്ങള്‍
ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ: കൃത്യമായ രേഖകളില്ലാതെ നികുതിയിളവുകൾ ക്ലെയിം ചെയ്യരുത്. ഡാറ്റാ മാച്ചിങ്ങിലൂടെ ഇവ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവകാശപ്പെടുന്ന ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. നികുതി പൂജ്യമാണെങ്കിലും റിട്ടേണ്‍: ഐടിആര്‍ വ്യക്തിജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കുമുള്ള ഒരു ആധികാരിക സര്‍ക്കാര്‍ രേഖയായും ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ അടയ്‌ക്കേണ്ട നികുതി പൂജ്യമാണെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്.
അറിവില്ലെങ്കില്‍ വിദഗ്ധ സഹായം: ഐടിആര്‍ ഏതൊരു വ്യക്തിക്കും സ്വയം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍, ആദായനികുതി നിയമങ്ങളെക്കുറിച്ച് അത്യാവശ്യം അറിവില്ലെങ്കില്‍ സ്വയം ചെയ്യാതിരിക്കുക. ഏതെങ്കിലും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സേവനം നേടുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates