വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രജനികാന്ത്. തനിക്ക് വിജയ് യോട് അസൂയയില്ലെന്ന് രജനികാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്റ്റാലിനെ കാണാന്‍ പോയതിന് രാഷ്ട്രീയകാരണങ്ങളില്ലെന്നും രജനികാന്ത് പറഞ്ഞു. ആ വാക്കുകളിലേക്ക്:
'തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഞാന്‍ പോയി സ്റ്റാലിനെ കണ്ടു. അത് കമന്റുകള്‍ക്ക് ഇടവരുത്തി. സ്റ്റാലിന്‍ 40 വര്‍ഷമായി സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിനും അപ്പുറത്തുള്ളതാണ്. വിജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. സ്റ്റാലിന്‍ കൊളത്തൂരില്‍ പരാജയപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. അതിനാല്‍ ഒരു സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തെ പോയി കാണുകയായിരുന്നു. അതിനര്‍ത്ഥം വിജയ് മുഖ്യമന്ത്രിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. സ്റ്റാലിനെ ഞാന്‍ കണ്ടത് വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാനല്ല. ഞാന്‍ രണ്ട് പാര്‍ട്ടികള്‍ക്കുമിടയില്‍ ഡീലിന് ശ്രമിക്കുന്നതായി കിംവദന്തികളുണ്ടായിരുന്നു.
വിജയിയെ ഞാന്‍ അഭിനന്ദിച്ചില്ലെന്ന വിമര്‍ശനം കണ്ടു. അദ്ദേഹം ജയിച്ച ഉടനെ തന്നെ ഞാന്‍ എക്‌സിലൂടെ അഭിനന്ദിച്ചിരുന്നു. വിമാനത്താവളത്തില്‍ വച്ച് സംഭവിച്ചത് പറയാം. പുറത്ത് മീഡിയക്കാരുണ്ടോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിയത്. പെട്ടെന്ന് ഒരാള്‍ വന്ന് വിജയ് മുഖ്യമന്ത്രിയായെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അയാളെ കണ്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ ആയി തോന്നിയില്ല. അതിനാലാണ് ചിരിച്ച് ഒഴിവാക്കിയത്.
എനിക്ക് വിജയ്‌യോട് അസൂയയാണെന്നാണ് പറയുന്നത്. ഞാന്‍ രാഷ്ട്രീയത്തിലില്ല. എനിക്ക് എന്തിന് അദ്ദേഹത്തോട് അസൂയ തോന്നണം? കമല്‍ ഹാസന്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ എനിക്ക് അസൂയ തോന്നുമോ? അപ്പോഴും എനിക്ക് അസൂയ തോന്നില്ല. ഞാനും വിജയ് യും തമ്മില്‍ 25 വയസിന്റെ വ്യത്യാസമുണ്ട്. ഞങ്ങള്‍ക്കിടയില്‍ ജെനറേഷന്‍ ഗ്യാപ്പുണ്ട്. വിജയ്‌യെക്കുറിച്ച് കുറ്റം പറയുന്നത് എനിക്കും എന്നെക്കുറിച്ച് കുറ്റം പറയുന്നത് വിജയ്‌യ്ക്കും മോശമാകും. വളരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ വിജയം എന്തിന് എന്നെ ബാധിക്കണം?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates