Vivek Oberoi Facebook
Entertainment

രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്

ചിത്രം കണ്ടപ്പോൾ ഒരു സിനിമ കാണുകയാണെന്നല്ല, രാമയുഗത്തിലേക്ക് യാത്ര ചെയ്തതുപോലെയാണ് അനുഭവപ്പെട്ടതെന്നും താരം കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

‘രാമായണ’ ഒരു സിനിമ മാത്രമല്ലെന്നും ഭാരതീയ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും മഹായാ​ഗമാണെന്നും നടൻ വിവേക് ഒബ്‌റോയ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വിദ്യുത്ജിഹ്വൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക്, സിനിമയുടെ നിർമ്മാതാവ് നമിത് മൽഹോത്രയെയും സംവിധായകനെയും താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.

ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിന് നമിത് മൽഹോത്രയോട് നന്ദി പറഞ്ഞുകൊണ്ടാണ് വിവേകിന്റെ കുറിപ്പ്. ‘രാമായണം ഒരു സിനിമ മാത്രമല്ല, ഭാരതീയ സംസ്കാരത്തിനും മൂല്യങ്ങൾക്കുമുള്ള മഹായാ​ഗമാണ്. അതിൽ വിദ്യുത്ജിഹ്വനെ അവതരിപ്പിക്കാൻ കഴിഞ്ഞത് എന്റെ ചെറിയ ആഹുതിയാണ്. ശ്രീരാമന്റെ കഥ ലോകത്തിന് മുന്നിലെത്തിക്കാൻ ഇത്രയും വലിയ സ്വപ്നം കണ്ടതിന് നന്ദി,’ എന്നായിരുന്നു വിവേകിന്റെ വാക്കുകൾ.

ജെയിംസ് കാമറൂണിന്റെ ‘അവതാർ’ സിനിമയുമായി താരതമ്യം ചെയ്തുകൊണ്ട് രാമായണത്തിന്റെ സാംസ്കാരിക പ്രാധാന്യവും താരം ചൂണ്ടിക്കാട്ടി. അവതാറിന്റെ ലോകം ഭാവനയിൽനിന്ന് സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ ശ്രീരാമന്റെ ലോകം ഇന്ത്യയുടെ സംസ്കാരവും പൈതൃകവും സത്യവുമാണെന്നായിരുന്നു വിവേകിന്റെ പരാമർശം. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് നിർണായകമായൊരു നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകൻ നിതേഷ് തിവാരിയുടെ വർഷങ്ങൾ നീണ്ട അധ്വാനത്തെ വിവേക് പ്രത്യേകം അഭിനന്ദിച്ചു. സിനിമയിലെ ഓരോ ഫ്രെയിമിലും ആ പരിശ്രമം പ്രകടമാണെന്നും ചിത്രം കണ്ടപ്പോൾ ഒരു സിനിമ കാണുകയാണെന്നല്ല, രാമയുഗത്തിലേക്ക് യാത്ര ചെയ്തതുപോലെയാണ് അനുഭവപ്പെട്ടതെന്നും താരം കുറിച്ചു.

രാമനായി എത്തുന്ന രൺബീർ കപൂറിനെയും രാവണനായി വേഷമിടുന്ന യഷിനെയും സീതയായെത്തുന്ന സായ് പല്ലവിയെയും വിവേക് പ്രശംസിച്ചു. രാമന്റെ വേഷത്തിൽ രൺബീറിനെ കണ്ടപ്പോൾ സ്ക്രീനിൽ തന്റെ രാമനെത്തന്നെയാണ് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദശരഥന്റെ മരണവാർത്ത അറിയുന്ന രംഗത്തിലെ രൺബീറിന്റെ പ്രകടനം കണ്ണുനിറയിച്ചെന്നും താരം പറഞ്ഞു.

‘കെജിഎഫ്’ സിനിമകളിലെ റോക്കിയിൽനിന്ന് രാവണനിലേക്കുള്ള യഷിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നും രാവണന്റെ പത്ത് തലകൾ സംസാരിക്കുന്ന രംഗം ഏറെ ഇഷ്ടപ്പെട്ടെന്നും വിവേക് കുറിച്ചു. സീതയുടെ വേഷത്തിൽ സായ് പല്ലവി കൊണ്ടുവന്ന നിഷ്കളങ്കതയും സൗന്ദര്യവും കഥാപാത്രത്തിന്റെ പരിശുദ്ധിയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. യുദ്ധരംഗങ്ങളിലെ സായ് പല്ലവിയുടെ പ്രകടനത്തെയും പ്രശംസിച്ചു.

കുടുംബത്തോടൊപ്പം തിയറ്ററുകളിലെത്തി സിനിമ കാണാനും അടുത്ത തലമുറയ്ക്ക് ഈ ഇതിഹാസത്തിന്റെ പൈതൃകം പരിചയപ്പെടുത്താനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോട് വിവേക് അഭ്യർഥിച്ചു. ‘രാമായണം നമ്മുടെ സിനിമയാണ്, നമ്മുടെ കഥയാണ്, നമ്മുടെ പൈതൃകമാണ്’ എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

നവംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ, രവി ദുബെ, രാകുൽ പ്രീത് സിങ്, കാജൽ അഗർവാൾ, ലാറ ദത്ത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Ramayana is not just a movie; it is a 'MahaYagya' for Indian culture, says Vivek Oberoi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

മൂന്ന് വർഷങ്ങൾക്ക് ശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ നിരവധി പരാതികള്‍, വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും : മന്ത്രി രമേശ് ചെന്നിത്തല

ഇന്ത്യൻ ബോക്സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘പുഷ്പ 2’; രാമായണയുടെ സ്ഥാനം എവിടെ?

'ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്'