കൊച്ചി: ഓൺലൈൻ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. മരിച്ച വീട്, കല്യാണ വീട്, മനുഷ്യൻ വേദനിച്ചു നിൽക്കുന്നിടത്ത് മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. പ്രശസ്തരായ എല്ലാ വ്യക്തികളുടെ ജീവിതത്തിലും ഓൺലൈൻ മാധ്യമങ്ങൾ കടന്നു കയറാറുണ്ടെന്നും എംഎൽഎ പറഞ്ഞു.
"ഇപ്പോൾ നല്ല 4 കെ, ഒരുപാട് ദൂരം സൂം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഫോണുകളാണ് ആളുകളുടെ കയ്യിൽ ഇരിക്കുന്നത്. നമ്മൾ ഒരു ഹോട്ടലിൽ ഏതെങ്കിലും മൂലയ്ക്കിരുന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തി 10 മിനിറ്റ് കഴിയുമ്പോൾ നമ്മൾ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നത് കാണുകയാണ്. സാധാരണക്കാരനെപ്പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് കണ്ട് കഴിഞ്ഞാൽ എന്തോ പറയാൻ പറ്റും.
പിന്നെ ഞങ്ങൾക്കൊക്കെ പഞ്ചായത്ത് പ്രസിഡന്റാണ് ചോറ് വാരിത്തരുന്നത് എന്ന് പറഞ്ഞ് നാട്ടുകാര് കമന്റും ഇടും. വെറുതെ വെള്ളം കുടിക്കുന്ന ഒരു വിഡിയോ ഒരു ദിവസം ഇട്ടു. സാധാരണക്കാരനെപ്പോലെ വെള്ളം കുടിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് പറഞ്ഞാൽ എന്ത് പറയാനാ. നമ്മളെ നാട്ടുകാരെ കൊണ്ട് ചീത്ത പറയിപ്പിക്കുക. എന്നിട്ട് റീച്ച് ഉണ്ടാക്കുക എന്ന കാര്യത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. ഒന്നുകിൽ ജനങ്ങളെ ബോധവത്കരിക്കണം.
അത് ബോധവത്കരിക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യവുമല്ല. കാരണം അത്രയുമുണ്ട്. മഞ്ജു വാര്യരുടെ ഫോട്ട് ഇട്ടിട്ട് നവ്യ നായരെ കാണാൻ എന്ത് സുന്ദരിയാണല്ലേ എന്ന് ക്യാപ്ഷനിടും. കുറേ പേര് വന്നിട്ട് ഇത് മഞ്ജു വാര്യര് ആണെന്ന് കമന്റിടും. വേറെ ഒരുത്തൻ വന്നിട്ട് പറയും എടാ ഇവൻ നിന്നെ പറ്റിക്കുകയാണ് കമന്റിടാൻ വേണ്ടിയിട്ട് ഇവൻ കമന്റിട്ടതാണെന്ന് വന്ന് പറയും. ഇവനൊക്കെ ഒറ്റക്കുഴിയിലാ കിടക്കുന്നത്.
തിരുത്താൻ വന്നവനും അതേ കുഴിയിലാണ് കിടക്കുന്നത്, എഴുതിയവനും അതേ കുഴിയിലാണ് കിടക്കുന്നത്. റീച്ച് ഉണ്ടാക്കുക എന്നതാണ്. ചില സന്ദർഭങ്ങളിൽ വിവേകപൂർവമായി പെരുമാറണം. സർക്കാർ തലത്തിൽ ഇത്തരം ചാനലുകൾക്ക് ലൈസൻസ് കൊണ്ടുവരുന്നത് വളരെ നല്ല കാര്യമാണ്. മാധ്യമപ്രവർത്തകർ മാത്രമല്ല ഇതിലുള്ളത്. ഓരോ നിമിഷവും ഇവർ ഡോക്യുമെന്റ് ചെയ്യുകയാണ്". - രമേഷ് പിഷാരടി പറഞ്ഞു.
അമ്മയുടെ മീറ്റിങ് നടന്ന സമയത്ത് പോലും മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ലെന്നും പകരം ഓൺലൈൻ മീഡിയയ്ക്കും വ്ലോഗേഴ്സിനുമാണ് പ്രവേശനം നൽകിയത് എന്ന ചോദ്യത്തിനും പിഷാരടി മറുപടി പറഞ്ഞു. "അമ്മ സംഘടനയുടെ ഒരു പരിപാടി നടക്കുമ്പോൾ പ്രതിഫലം വാങ്ങിച്ചാട്ട് ഷൂട്ടിങ് റൈറ്റ്സ് കൊടുക്കുന്നത്.
ആ പണം അമ്മയുടെ അകത്തുള്ള നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. മീറ്റിങിന്റെ രഹസ്യ സ്വഭാവമുള്ള കാര്യങ്ങളിലൊന്നും നമ്മൾ ആരെയും കയറ്റുന്നില്ലല്ലോ. നമ്മൾ ദുരുപയോഗം ചെയ്യരുത് എന്നാണ് പറയുന്നത്. മരിച്ച വീട്, കല്യാണ വീട്, മനുഷ്യൻ വേദനിച്ചു നിൽക്കുന്നിടത്ത് ഉപയോഗിക്കരുതെന്നാണ് പറയുന്നത്.
ആർക്കാണ് പ്രൊമോഷൻ നൽകില്ല എന്ന് പറയാൻ പറ്റുന്നത്. ഇത് സിനിമാ നടൻമാരുടെ മാത്രം പ്രശ്നമല്ലന്നേ. പ്രശസ്തരായ എല്ലാവരുടെയും വ്യക്തിജീവിതത്തിൽ ഇതുണ്ട്".- രമേഷ് പിഷാരടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates