കൊച്ചി: നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങിൽ വകതിരിവില്ലാതെ പെരുമാറിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ വിമർശനം ശക്തമാകുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്ന് പറയുകയാണ് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. ഇത്തരം നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"സ്വകാര്യത എന്ന് പറയുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ഭരണഘടനാ അവകാശമാണ്. ആ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച ഒരു കാഴ്ചയാണ് സലിമേട്ടന്റെ മരണ വീട്ടിൽ നമുക്ക് കാണാൻ സാധിച്ചത്.
സഹപ്രവർത്തകയായ സുബി മരിച്ച സമയത്തും നവാസിക്ക മരിച്ച സമയത്തുമെല്ലാം പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങൾ സഹപ്രവർത്തകരും ബന്ധുമിത്രാദികളും അനുഭവിച്ചിട്ടുണ്ടെങ്കിലും സലീമേട്ടന്റെ കാര്യത്തിൽ അതിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റമായിരുന്നു. അവനവൻ ചെയ്യുന്ന ജോലി മാന്യമായി ചെയ്യുന്നവരെ കുറിച്ചല്ല ഞാനീ പറയുന്നത്.
ഒരു സെറ്റ് മൊബൈൽ മാധ്യമപ്രവർത്തകരും ഒപ്പം തന്നെ കാഴ്ചക്കാരും, അവർ മാധ്യമ പ്രവർത്തകരൊന്നുമല്ല. സലീമേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവൻ സമയവും അവിടെയുണ്ടായിരുന്ന ഒരാളാണ് ഞാൻ. ചിത കത്തിക്കഴിഞ്ഞ് മുറിയിലെത്തിയ ശേഷം ചന്തു എന്നോട് ചോദിച്ചു, 'ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായി പോയോ' എന്ന്. ഞാൻ അദ്ദേഹത്തോട് ഇല്ല, മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്.
കാരണം സലീമേട്ടൻ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ഞാനിതിന് ശേഷം വന്ന് നിങ്ങളെ അങ്ങനെയിങ്ങനെ വന്ന് ഉപദ്രവിക്കുകയൊന്നുമില്ല. അതുകൊണ്ട് എനിക്ക് ചടങ്ങുകളൊന്നും വേണ്ട. നമ്മൾ നടത്തുന്ന ഒരുതരത്തിലുമുള്ള മതപരമായ ചടങ്ങുകളും അവിടെ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് പൊലീസിന്റെ ഒരു ചടങ്ങാണ്. ആ പൊലീസിന്റെ ചടങ്ങിന് ആ തോക്ക് ഒന്ന് തിരിക്കാൻ പോലും സാധിക്കാത്ത രീതിയിൽ, ഇതിന് ചുറ്റും ആളുകൾ കൂടി നിൽക്കുകയും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരനെ പോലെ നിന്ന് ഒന്ന് മാറി നിൽക്കാൻ അഭ്യർഥിക്കുകയാണ്.
മുഖ്യമന്ത്രിയും നമ്മളും മരിച്ചു കിടക്കുന്ന ആളിന്റെ മകനുൾപ്പെടെ പറഞ്ഞിട്ടും ഒരാളു പോലും അത് അനുസരിക്കാതെ മാന്യത കാണിക്കാതെ നിന്നതിന്റെ ഫലമായിരുന്നു ചന്തുവിന്റെ ഭാഗത്തുനിന്നുണ്ടായത്. അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല, അതിന് മുൻപ് തൊട്ടു തന്നെ. ഫ്രീസറോടു കൂടി എടുത്താണ് സലീമേട്ടന്റെ മൃതദേഹം നമ്മൾ അതിനകത്തേക്ക് കൊണ്ടുവരുന്നത്. ഈ ഫ്രീസറിനൊക്കെ വലിയ കനമാണ്.
അതിന് മുൻപിലൂടെ മൊബൈലും കയ്യിൽ പിടിച്ച് വളരെ പതുക്കെയാണ് ഈ സംഘം നീങ്ങുന്നത്. ഒരു പത്ത് പ്രാവശ്യമെങ്കിലും നിങ്ങളൊന്ന് സ്പീഡിൽ നടക്ക് എന്ന് പറഞ്ഞിട്ട് അത് ചെയ്യാതിരിക്കുന്നത്, വളരെ വേദനാജനകമാണ്. അത് എല്ലാ മര്യാദകളുടെയും അപ്പുറമാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഞാനോ മറ്റേതെങ്കിലും സിനിമാ പ്രവർത്തകരോ രാഷ്ട്രീയ പ്രവർത്തകരോ ആരും ആയിക്കൊള്ളട്ടേ, അവർ ഒരു പൊതുവേദിയിലെത്തുമ്പോൾ ഷൂട്ട് ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല.
ജനാധിപത്യത്തിൽ ഞങ്ങളെക്കാളൊക്കെ മുകളിൽ നിൽക്കുന്ന ഒരു വിഭാഗമാണ് മീഡിയ. ജേർണലിസം പഠിച്ച് പാസായിട്ടുള്ളവർ, മാധ്യമപ്രവർത്തനത്തെ വളരെ ഗൗരവപരമായി കാണുന്നവർ, അതിന് ലൈസൻസുള്ളവരൊക്കെയുണ്ട്. ഇതിന്റെ ഒരു ആക്കം മനസിലാകണമെങ്കിൽ, നിങ്ങൾക്കാണ് സംഭവിക്കുന്നതെങ്കിൽ എന്ന കാര്യം ചിന്തിക്കേണ്ടതാണ്.
മരണത്തിന്റെ കാര്യം വിട്ടേക്കുക. ലൈസൻസ് ഉള്ള ആളുകളെ കൂടി ഇതിപ്പോൾ ബാധിക്കുന്നുണ്ട്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല. ഇതിനെതിരെ നിയമനിർമാണം ഉണ്ടെന്നാണ് എന്റെ വിശ്വാസം. സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്നൊരു അഭ്യർഥനയാണ്. ഇതൊരു വിഷമം പറച്ചിലും അഭ്യർഥനയുമായി കണക്കാക്കണം". - രമേഷ് പിഷാരടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates