ധുരന്ധര്‍ 2വിന്റെ വന്‍ വിജയത്തിനിടെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി രണ്‍വീര്‍ സിങ്. അതീവരഹസ്യമായാണ് രണ്‍വീര്‍ നാഗ്പൂരിലെത്തിയത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതുമായി രണ്‍വീര്‍ സിങ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെ ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിന്റെ സ്മാരകവും ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിറും താരം സന്ദര്‍ശിച്ചു. തടുര്‍ന്ന് മുന്‍ സര്‍സംഘ് ചാലക് എംഎസ് ഗോള്‍വാക്കറിനും രണ്‍വീര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ഒന്നര മണിക്കൂറോളം രണ്‍വീര്‍ സിങ് ആര്‍എസ്എസ് ആസ്ഥാനത്ത് ചെലവഴിച്ചു. മോഹന്‍ ഭഗവതുമായി സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെയൊന്നും അറിയിക്കാതെയാണ് താരം നാഗ്പൂരിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് താരം നാഗ്പൂരിലെ ബാബാസാഹേബ് അംബേദ്കര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പറഞ്ഞിറങ്ങിയത്. അവിടെ നിന്നും നേരെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ആര്‍എസ്എസ് തലവനേയും മറ്റ് ചില നേതാക്കളുമായി താരം കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ താരം മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ 2 വലതുപക്ഷ പ്രൊപ്പഗാണ്ടയാണെന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെയാണ് താരം ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്. കൂടിക്കാഴ്ചയെക്കുറിച്ച് രണ്‍വീര്‍ സിങും ആര്‍എസ്എസ് മേധാവിയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം ബോക്‌സ് ഓഫീസില്‍ 1600 കോടി പിന്നിട്ടിരിക്കുകയാണ് ധുരന്ധര്‍ 2. രണ്‍വീര്‍ സിങ് നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ ധര്‍ ആണ്. അര്‍ജുന്‍ രാംപാല്‍, ആര്‍ മാധവന്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദ്യ ഭാഗവും 1000 കോടിയിലധികം നേടിയിരുന്നു. ബോക്‌സ് ഓഫീസ് വിജയത്തിനിടയിലും കടുത്ത വിമര്‍ശനം നേരിടുന്ന ചിത്രമാണ് ധുരന്ധര്‍.
വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു, ബിജെപി സര്‍ക്കാരിനെ ബൂസ്റ്റ് ചെയ്യുന്നു, നോട്ട് നിരോധനത്തെ ന്യായീകരിക്കുന്നു, ചരിത്ര വസ്തുതകള്‍ വളച്ചൊടുക്കുന്നുവെന്നുളള വിമര്‍ശനം ചിത്രം നേരിടുന്നുണ്ട്. ബോളിവുഡില്‍ നിന്നു തന്നെ ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates