Ravi Menon, Unni Menon ഫെയ്സ്ബുക്ക്
Entertainment

'ആ പാട്ടിന്റെ ദൃശ്യവത്ക്കരണം കണ്ടപ്പോൾ ഉണ്ണി മേനോന് അതൃപ്തിയായി'; 'ഒരു ചെമ്പനീർ പൂവിറുത്തു' പിറന്നത് ഇങ്ങനെ

ഉണ്ണിയെ സംഗീതസംവിധായനായി പരീക്ഷിക്കാനുള്ള തീരുമാനത്തിന്റെ പേരിൽ ഏറെ പഴി കേട്ടിട്ടുണ്ട് ഞാൻ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട ​ഗായകൻമാരിലൊരാളാണ് ഉണ്ണി മേനോൻ. ഒരു ചെമ്പനീർ പൂവിറുത്തു...എന്നൊരറ്റ ​ഗാനം മതി എക്കാലവും ഉണ്ണി മേനോനെ മലയാളികൾക്ക് ഓർത്തിരിക്കാൻ. ഇന്ന് ഉണ്ണി മേനോന്റെ 70-ാം പിറന്നാളാണ്. നിരവധി പേരാണ് ഉണ്ണി മേനോന് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ ഉണ്ണി മേനോന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എഴുത്തുകാരൻ രവി മേനോൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഒരു ചെമ്പനീർ പൂവിറുത്തു എന്ന പാട്ടിന്റെ പിറവിയെക്കുറിച്ചാണ് രവി മേനോൻ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ആർദ്രമായ പ്രണയഗാനങ്ങളിൽ ഒന്നിന്റെ പിറവി ഒരു ഞെട്ടലിൽ നിന്നായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്.

ഒരു സിനിമാപ്പാട്ട് ഇത്രയേറെ തീവ്രമായ വൈകാരിക അനുഭവമായി മാറുന്നു എന്നത് അത്ഭുതമല്ലേ?''. രചനയിലും സംഗീതത്തിലും ആലാപനത്തിലും ഒരു പോലെ മികവു പുലർത്തിയ ഈ ഗാനത്തിനു ഒരൊറ്റ സംസ്ഥാന അവാർഡ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.

രവി മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഉണ്ണി മേനോന് സപ്തതി ആശംസകൾ

ചെമ്പനീർപ്പൂ വിരിഞ്ഞതെങ്ങനെ ?

-----------------------------

മലയാളത്തിലെ ഏറ്റവും ആർദ്രമായ പ്രണയഗാനങ്ങളിൽ ഒന്നിന്റെ പിറവി ഒരു ഞെട്ടലിൽ നിന്നായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സത്യമാണ്. ഞെട്ടിയത് ഉണ്ണി മേനോൻ; കേരളത്തിൽ ജനിച്ചു തെന്നിന്ത്യയുടെ മുഴുവൻ അഭിമാനമായി വളർന്ന ഗായകൻ. പാട്ടുകൾക്ക് പിറകെയുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവമായി ആ ഞെട്ടൽ ഇന്നുമുണ്ട് എന്റെ ഓർമ്മയിൽ.

കഥ തുടങ്ങുന്നത് സുഹൃത്തായ സംവിധായകൻ ആർ.ശരത്തിന്റെ അപ്രതീക്ഷിതമായ ഒരു ഫോണ്‍കോളിൽ നിന്നാണ്. "സ്ഥിതി"യുടെ ആലോചനകൾ നടക്കുന്ന വേളയിലാണ് ശരത്തിന്റെ ഫോൺ വിളി. വർഷം 2003. "എന്റെ പുതിയ പടത്തിൽ നായകനായി ഒരു പാട്ടുകാരനെ വേണം. കാണാൻ കൊള്ളാവുന്ന ഒരാൾ . അഭിനയപ്രതിഭയൊന്നും ആവണമെന്നില്ല. പക്ഷെ നല്ല സ്ക്രീൻ സാന്നിധ്യം അത്യാവശ്യം. ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടോ?'' കൗതുകം തോന്നി എനിക്ക്.

പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ജി വേണുഗോപാലിന്റെ മുഖമാണ്. "വേണു എന്റെയും സുഹൃത്താണ്.,'' ശരത് പറഞ്ഞു. ` പക്ഷെ, ഈ സിനിമയിലെ കഥാപാത്രം വേണുവിന് ഇണങ്ങില്ല. കുറച്ചുകൂടി മുതിർന്ന ആളാണ്‌ എന്റെ നായകൻ -- കാഴ്ചയിലും പ്രായത്തിലും. ഒരേ സമയം മച്യൂരിറ്റിയും ആകർഷണീയമായ വ്യക്തിത്വവും വേണം അയാൾക്ക്‌. അങ്ങനെ ഒരാളുടെ പേരു പറയാമോ?''

ഉണ്ണി മേനോൻ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടുത്ത സുഹൃത്താണ്; സഹൃദയനും. മലയാള സിനിമയിൽ അന്ന് ഉണ്ണിയുടെ സാന്നിധ്യം മരുന്നിനു പോലുമില്ല. തമിഴിൽ എ ആർ റഹ്മാന്റെ പ്രിയ ഗായകനായി തിളങ്ങിനിൽക്കുകയാണ് അദ്ദേഹം. "നന്നായി. ഞാനും ഉണ്ണിയെയാണ് മനസ്സിൽ കണ്ടത്.,'' ചിരിയോടെ ശരത് പറഞ്ഞു. "ഒരു ഉപകാരം കൂടി ചെയ്തു തരണം. എനിക്ക് അദ്ദേഹത്തെ അടുത്തു പരിചയമില്ല. ഒന്ന് ഉണ്ണിയോട് സംസാരിച്ചു സമ്മതം വാങ്ങിത്തരണം. ബാക്കി ഞാൻ നോക്കിക്കൊള്ളാം.''

ആഹ്‌ളാദം തോന്നി. മലയാള സിനിമയ്ക്ക് കുറെ നല്ല ഹിറ്റുകൾ സമ്മാനിച്ചിട്ടും അർഹിച്ച അംഗീകാരങ്ങൾ നേടാതെ പോയ ഗായകനാണ് ഉണ്ണിമേനോൻ. ഉണ്ണിയുടെ കഴിവുകൾ മലയാളം വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല എന്ന് തോന്നിയിട്ടുണ്ട്. ഗ്രൂപ്പുകളുടെയും കോക്കസ്സുകളുടെയും ഭാഗമാകാൻ മിനക്കെടാത്തത് കൊണ്ടാകാം. വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള അവസരമാണ് ഉണ്ണിയ്ക്ക് വീണുകിട്ടാൻ പോകുന്നത്. ഒരു പ്രശ്നം മാത്രം. ക്ഷണം പാടാൻ വേണ്ടിയല്ല; അഭിനയിക്കാനാണ്. നടനെ പാടാൻ വിളിക്കുന്നത് പോലെയല്ല പാട്ടുകാരനെ അഭിനയിക്കാൻ വിളിക്കുന്നത്‌. സ്റ്റുഡിയോയുടെ ഏകാന്ത നിശബ്ദതയിൽ നിന്ന് ആർക്ക് ലൈറ്റുകളുടെ പൊള്ളുന്ന ചൂടിലേക്കുള്ള പറിച്ചുനടൽ എത്രത്തോളം ഉൾക്കൊള്ളാനാകും ഉണ്ണിയെപ്പോലെ സൗമ്യനായ ഒരു ഗായകന്?

പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു പ്രതികരണം. എന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പകച്ചു നിന്ന ശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് ഉണ്ണി ഫോണിലൂടെ പറഞ്ഞു: "രവി എന്താ കളിയാക്കുകയാണോ? എനിക്ക് പാട്ടേ ഇല്ല മലയാളത്തിൽ. അപ്പോഴാണ്‌ അഭിനയം. പാട്ടില്ലെങ്കിലും എക്സ്ട്രാ നടനാവേണ്ട ഗതികേടൊന്നും തൽക്കാലം ഇല്ല ട്ടോ.'' പറഞ്ഞത് തമാശയായിട്ടാണെങ്കിലും സിനിമയുടെ പുറമ്പോക്കിലേക്ക് ബോധപൂർവമോ അല്ലാതെയോ മാറ്റി നിർത്തപ്പെട്ടതിന്റെ ആത്മവേദന മുഴുവൻ ഉണ്ടായിരുന്നു ആ വാക്കുകളിൽ .

"അങ്ങനെ നെഗറ്റീവ് ആയി കാണേണ്ട. ഇതൊരു സീരിയസ് സിനിമയാണ് എന്ന് തോന്നുന്നു,'' ഞാൻ പറഞ്ഞു. "ആദ്യചിത്രത്തിന് അവാർഡുകൾ കിട്ടിയ സംവിധായകൻറെ അടുത്ത ചിത്രം. പടത്തിൽ നായകനായി ഉണ്ണി അഭിനയിക്കണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം. ആഗ്രഹമല്ല, നിർബന്ധം എന്ന് കൂട്ടിക്കോളൂ..''

ഇത്തവണ ഉണ്ണി ശരിക്കും ഞെട്ടി. നിമിഷങ്ങൾ നീണ്ട മൗനം. മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ പെട്ടുപോയിരിക്കണം അദ്ദേഹം. മൗനത്തിനൊടുവിൽ സമനില വീണ്ടെടുത്ത് ഉണ്ണി പറഞ്ഞു: "രാവിലെ തന്നെ വലിയൊരു ഷോക്കാണ് രവി തന്നത്. ഒരു കാര്യം സംവിധായകനോട് പറഞ്ഞാൽ മതി. അത്രയും വലിയ റോളൊന്നും അഭിനയിച്ചു ഫലിപ്പിക്കാനുള്ള പ്രതിഭ എനിക്കില്ല ആകെ അറിയാവുന്ന തൊഴിൽ പാട്ട് പാടുകയാണ്. നമ്മളെന്തിന് വെറുതെ ആളുകളുടെ ക്ഷമ പരീക്ഷിക്കണം? ''

ഒഴിഞ്ഞു മാറാനുള്ള ശ്രമമാണെന്ന് മനസ്സിലായപ്പോൾ ഉള്ളിൽ ഒരാശയം തോന്നി. "ഒരു കാര്യം ചോദിച്ചോട്ടെ ? മലയാളത്തിൽ ഉണ്ണി നല്ലൊരു പാട്ട് പാടിയിട്ട് കാലം എത്രയായി? ഈ പടത്തിൽ അഭിനയത്തോടൊപ്പം ഒരു പാട്ട് കൂടി പാടാൻ അവസരം കിട്ടിയാൽ സ്വീകരിച്ചു കൂടെ? പിന്നെ, അഭിനയം.....അതത്ര ശ്രമകരമായ ഏർപ്പാടൊന്നും ആവില്ലെന്നാണ് സംവിധായകൻ നൽകുന്ന ഉറപ്പ്.'' ഉണ്ണി സംശയിച്ചു നിന്നപ്പോൾ ഞാൻ പറഞ്ഞു: "ആലോചിച്ചു പറഞ്ഞാൽ മതി.''

സംവിധായകനെ കൊണ്ട് സമ്മതിപ്പിച്ചെടുക്കണം ഇനി. ഭാഗ്യവശാൽ അതൊരു പ്രശ്നമായില്ല. പടത്തിലെ നായകന് സ്വന്തം ശബ്ദത്തിൽ പാടാനുള്ള അവസരം കൂടി നൽകാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ശരത്തിന്. സ്വയം സംഗീത സംവിധാനം ചെയ്തു പാടുകയാണെങ്കിൽ അങ്ങനെയും ആകാം എന്ന് നിർദേശിച്ചതും ശരത്ത് തന്നെ. ഒരു വെല്ലുവിളിയായിത്തന്നെ ആ ദൗത്യം ഏറ്റെടുത്തു ഉണ്ണിമേനോൻ . ആലാപനത്തിൽ നിന്ന് ഈണങ്ങളുടെ ലോകത്തേക്കുള്ള ഒരു തീർഥയാത്ര.

"ആരെങ്കിലും ചിട്ടപ്പെടുത്തിയ പാട്ട് പാടിവെക്കുന്നതു പോലെയല്ല സംഗീത സംവിധാനം. ഏകാഗ്രമായ ഒരു തപസ്യയാണത്.'' ആ നാളുകളിൽ ഒരിക്കൽ ഉണ്ണി പറഞ്ഞു. ആശങ്കകൾ പൂർണ്ണമായി അകന്നിരുന്നില്ല അപ്പോഴും. "ഞാൻ സംഗീതം ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ ആളുകൾ പലതും പ്രതീക്ഷിച്ചേക്കാം. അവരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ കഴിയുമോ എന്നാണു ഇപ്പോൾ എന്റെ ഭയം.'' പക്ഷെ ഉണ്ണിയുടെ സംഗീത സങ്കൽപ്പങ്ങൾ ഉണ്ണിയിൽ നിന്ന് തന്നെ കേട്ടറിഞ്ഞിരുന്ന എനിക്ക് സംശയമില്ലായിരുന്നു, ഈണങ്ങൾ ആ വിരൽത്തുമ്പിൽ വന്നു നൃത്തം ചെയ്യുമെന്ന്.

പാട്ടിന്റെ വരികളെഴുതുന്നത് പ്രഭാവർമ്മയാണ്. മലയാളത്തിലെ തലമുതിർന്ന പത്രപ്രവർത്തകരിൽ ഒരാൾ. അഞ്ചു വർഷം മുൻപ് താൻ തന്നെ എഴുതിയ "മുല്ലപൂത്തു നാം കാണ്മതില്ലെങ്കിലും'' എന്ന കവിതയുടെ ആശയം സിനിമയിലെ സന്ദർഭത്തിന് ഇണങ്ങും വിധം ഗാനത്തിൽ പുനരാവിഷ്കരിക്കുകയായിരുന്നു വർമ്മ. കാമുകിക്കു പൂവും മനസ്സും സമർപ്പിക്കുന്നവരാണ് സാധാരണ സിനിമാപ്പാട്ടുകളിലെ കാമുകർ. എന്നാൽ ഇവിടെ കാമുകൻ പൂവിറുത്തു നീട്ടാതെ തന്നെ കാമുകി അവന്റെ മനസ്സിലെ പ്രണയം തിരിച്ചറിയുന്നു. പറഞ്ഞറിയേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണ് യഥാർത്ഥ പ്രേമം എന്ന ധ്വനിയുണ്ടായിരുന്നു സിനിമക്ക് വേണ്ടി വർമ്മ കുറിച്ച വരികളിൽ : "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ; എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്...''

അസാധ്യ വരികളായിരുന്നു വർമ്മയുടെത് - ഉണ്ണി പറയുന്നു. "ഉള്ളിലെ ടെൻഷൻ മാറി ഒരു തരം വാശി കയറിവന്നത് ആ വരികൾ വായിച്ച ശേഷമാണ്. കവിതയുടെ ആശയം അനായാസം ശ്രോതാവിൽ എത്തിക്കുന്ന ഒരു ഈണം കണ്ടെത്തണം ഇനി. അത് വളരെ ലളിതവുമാവണം. '' മൂന്നു ട്യൂണുകളിൽ പാട്ട് ചിട്ടപ്പെടുത്തിയ ശേഷം ഫോണിൽ കവിയെയും സംവിധായകനേയും വിളിച്ചു കേൾപ്പിക്കുന്നു സംഗീത സംവിധായകൻ . ഇരുവർക്കും ഇഷ്ടമായത് ഒരേ ട്യൂൺ . ശ്രീരാഗത്തിന്റെയും മധ്യമാവതിയുടെയും സ്പർശമുള്ള ആ ഈണം സ്വന്തം ശബ്ദത്തിൽ ചെന്നൈയിലെ സ്വന്തം സ്റ്റുഡിയോയിൽ റെക്കോഡ്‌ ചെയ്യുന്നു ഉണ്ണിമേനോൻ. പാട്ടിന്റെ പശ്ചാത്തല വാദ്യവിന്യാസം നിർവഹിച്ചത് പ്രശസ്ത സംഗീതസംവിധായകൻ ശരത്.

ഉണ്ണി മേനോൻ റെക്കോഡ്‌ ചെയ്തയച്ച പാട്ടിന്റെ അസംസ്കൃത രൂപം പടത്തിന്റെ സംവിധായകൻ ശരത് കേൾപ്പിച്ചു തന്നത് ഇന്നലെ എന്ന പോലെ ഓർക്കുന്നു. "ഉണ്ണിയെ സംഗീതസംവിധായനായി പരീക്ഷിക്കാനുള്ള തീരുമാനത്തിന്റെ പേരിൽ ഏറെ പഴി കേട്ടിട്ടുണ്ട് ഞാൻ,'' സംവിധായകന്റെ വാക്കുകൾ. "പലർക്കും വിശ്വാസമുണ്ടായിരുന്നില്ല ഉണ്ണിയുടെ കഴിവുകളിൽ . അതുകൊണ്ട് തന്നെ പാട്ട് കേട്ട് രവിയുൾപ്പെടെ പലരും ഗംഭീരമായി എന്ന് വിലയിരുത്തിയപ്പോൾ എനിക്ക് സന്തോഷം തോന്നി. എങ്ങനേയും അത് സിനിമയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം..''

തീർന്നില്ല. ഇനിയുള്ള കഥ ഉണ്ണിമേനോന്റെ വാക്കുകളിൽ : "രണ്ടു പാട്ടുകൾ കൂടി ഞാൻ ആ പടത്തിനു വേണ്ടി കമ്പോസ് ചെയ്തു. ഒന്ന് സുജാത പാടിയ ഓടലെണ്ണ വിളക്കിൽ ആ മുഖം ആദ്യമായി കണ്ടു. രചന വർമ്മയുടേത് തന്നെ. പിന്നെ അൽപം ചടുലമായ മറ്റൊരു ഗാനം കൂടി. പടത്തിന്റെ ഷൂട്ടിംഗ് തീർന്ന ശേഷമാണ് ഹൃദയഭേദകമായ ഒരു സത്യം അറിയുന്നത്. മൂന്നു പാട്ടും ചിത്രീകരിക്കാൻ സാധ്യതയില്ല. ഫണ്ട്‌ ഇല്ലാത്തതാണത്രേ കാരണം. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന സന്ദർഭം. ആദ്യമായി ചെയ്ത പാട്ടുകൾ ആരും കേൾക്കാതെ പോകുക എന്ന് വെച്ചാൽ എന്തൊരു കഷ്ടമാണ്.''

പ്രതിബന്ധങ്ങൾ അവസാനിച്ചിരുന്നില്ല. എങ്കിലും ദൈവനിയോഗം പോലെ അവയെല്ലാം മറികടക്കാനായി "ചെമ്പനീർപ്പൂ"വിന്. "ആകെയുള്ള ദുഃഖം അത്രയും മനോഹരമായ പാട്ട്, അതിന്റെ ഭാവമാധുര്യത്തിന് ഇണങ്ങും വിധം ചിത്രീകരിക്കാൻ കഴിയാതിരുന്നതിൽ മാത്രം. ഗാനത്തിന്റെ ദൃശ്യവൽക്കരണം കണ്ടപ്പോൾ ഉണ്ണിമേനോൻ അതൃപ്തി പ്രകടിപ്പിച്ചു എന്നത് സത്യം തന്നെ. പക്ഷെ മറ്റു പോംവഴിയൊന്നും ഉണ്ടായിരുന്നില്ല മുന്നിൽ.'' -- ശരത്തിന്റെ ഓർമ്മ. എല്ലാ പരീക്ഷണങ്ങളേയും അതിജീവിച്ച്‌ മലയാളിമനസ്സിൽ പ്രണയ സുഗന്ധം ചൊരിഞ്ഞു നിൽക്കുന്നു രണ്ടു ദശാബ്ദങ്ങൾക്കിപ്പുറവും ആ ചെമ്പനീർപ്പൂ.

നായകനായ ഉണ്ണിയെക്കാൾ സിനിമ കണ്ടവർ ഇഷ്ടപ്പെട്ടിരിക്കുക സംഗീത സംവിധായകനും ഗായകനുമായ ഉണ്ണിയെ ആയിരിക്കുമെന്ന് തീർച്ച. ചെമ്പനീർ കൊണ്ടുവന്ന പ്രശസ്തിയുടെ നിറവിലായിരുന്നു മലയാള സിനിമയിൽ ഉണ്ണിമേനോന്റെ രണ്ടാം വരവ്. "ആസ്വാദക മനസ്സുകളിൽ എനിക്ക് വീണ്ടും ഇടം നേടിത്തന്ന പാട്ടാണത്. ഇന്നും ലോകത്തിന്റെ ഏതു മൂലയിൽ ചെന്നാലും കണ്ടുമുട്ടാറുണ്ട് ചെമ്പനീരിന്റെ ആരാധകരെ. ചില വേദികളിൽ നിന്ന നിൽപ്പിൽ രണ്ടും മൂന്നും തവണ ആ ഗാനം പാടിയിട്ടുണ്ട്- സദസ്സിന്റെ അഭ്യർത്ഥന മാനിച്ച്.''

വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഹൃദയങ്ങളെ വിളക്കി ചേർക്കാൻ പോന്ന എന്തോ ഒരു ഇന്ദ്രജാലം ആ പാട്ടിലുണ്ടോ എന്ന് പോലും സംശയിക്കുന്നു പ്രഭാ വർമ്മ. "പരസ്പരം കലഹിച്ചു പിരിഞ്ഞ എത്രയോ കാമുകീ കാമുകന്മാരും ദമ്പതികളും ചെമ്പനീർ എന്ന പാട്ടിന്റെ പ്രചോദനത്തിൽ വീണ്ടും ഒന്നിച്ച അനുഭവങ്ങൾ ഞാൻ കേട്ടു തുടങ്ങിയിട്ട് വർഷങ്ങളായി. ഫോണിലൂടെ ഒരുമിച്ചു പാടി വീണ്ടും ഒന്നായവർ വരെയുണ്ട് അവരിൽ . എല്ലാം സത്യസന്ധമായ ജീവിതകഥകൾ. ഒരു സിനിമാപ്പാട്ട് ഇത്രയേറെ തീവ്രമായ വൈകാരിക അനുഭവമായി മാറുന്നു എന്നത് അത്ഭുതമല്ലേ?''

അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. രചനയിലും സംഗീതത്തിലും ആലാപനത്തിലും ഒരു പോലെ മികവു പുലർത്തിയ ഈ ഗാനത്തിനു ഒരൊറ്റ സംസ്ഥാന അവാർഡ് പോലും ലഭിച്ചില്ല . "ഉണ്ണിക്ക് മികച്ച ഗായകനുള്ള അവാർഡെങ്കിലും പ്രതീക്ഷിച്ചിരുന്നു.''-- പ്രഭാ വർമ്മ പറയുന്നു. പക്ഷെ ബഹുമതികൾ ലഭിക്കാതെ പോയതിൽ ദുഖമൊന്നുമില്ല ഉണ്ണിമേനോന്. "ദിവസവും ഒരു മലയാളിയെങ്കിലും ആ പാട്ട് കേൾക്കുന്നുണ്ടാവണം. എന്റെ കാലം കഴിഞ്ഞാലും അത് ജീവിച്ചുകൊണ്ടേയിരിക്കും. അതിലപ്പുറം ഒരു അവാർഡുണ്ടോ?''

ഇന്നും ആ പാട്ട് കേൾക്കുമ്പോൾ , അറിയാതെ മനസ്സ് ആ പഴയ കാലത്തേക്ക് തിരിച്ചുപോകും. മലയാളികൾക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നിന്റെ പിറവിയിൽ യാദൃച്ഛികമായെങ്കിലും പങ്കാളിയാകാൻ കഴിഞ്ഞ ദിനങ്ങളിലേക്ക്. "അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല, നിറനീലരാവിലെ ഏകാന്തതയിൽ നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല, എങ്കിലും നീയറിഞ്ഞു എൻ നിനവെന്നും നിൻ നിനവറിയുന്നതായ്, നിന്നെ തഴുകുന്നതായ്... ''

ഉണ്ണിക്ക് സപ്തതി ആശംസകൾ...

- രവിമേനോൻ

Cinema News: Ravi Menon facebook post about Oru Chenbaneer song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാദം അടച്ചിട്ട മുറിയില്‍ വേണം; കോടതിയില്‍ പുതിയ അപേക്ഷ, രാഹുലിന്റെ ഒളിയിടം പൊലീസ് കണ്ടെത്തി?

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍, അത്താഴം കൃത്യ സമയത്ത് കഴിക്കണം

'നേരത്തേ പ്രഖ്യാപിച്ച സിനിമയല്ല, ഇത് പുതിയ കഥ'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തെപ്പറ്റി നിര്‍മാതാവ്

'ലണ്ടനില്‍ പോയി കടമെടുത്തത് എന്തിന്?, എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി എടുത്തില്ല?'

​ഗില്ലിനു വേണ്ടി ടീം പ്രഖ്യാപനം വൈകുന്നു; ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സഞ്ജു ഓപ്പൺ ചെയ്യും?

SCROLL FOR NEXT