എംപുരാൻ ഫെയ്സ്ബുക്ക്
Entertainment

Empuraan Re Censoring: റീ സെൻസറിങിന് വിധേയമായ മറ്റ് സിനിമകൾ

ഇന്ത്യയിൽ സിനിമകൾ റീ സെൻസർഷിപ്പിന് വിധേയമാകുന്നതും, സിനിമയ്ക്ക് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് ഇത് ആദ്യമായി അല്ല.

അന്ന ജോസ്, ഹിമ പ്രകാശ്

'എംപുരാൻ' വിവാദം കേരളത്തിൽ ആളിക്കത്തുകയാണിപ്പോൾ. സിനിമയ്ക്ക് നേരെ മാത്രമല്ല, സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാലിനെയും തിരക്കഥാകൃത്ത് മുരളി ​ഗോപിക്ക് നേരെയും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉയരുന്നുണ്ട്. ഒടുവിൽ എംപുരാനിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുകയാണെന്നും എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് റീ സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയറ്ററുകളിൽ എത്തുമെന്നും നിർമാതാക്കൾ അറിയിച്ചു.

ഇന്ത്യയിൽ സിനിമകൾ റീ സെൻസർഷിപ്പിന് വിധേയമാകുന്നതും, സിനിമയ്ക്ക് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് ഇത് ആദ്യമായി അല്ല. എന്നൊക്കെ ഇത്തരം നടപടികൾ സർക്കാരിന്റെയോ മറ്റ് അധികാരികളുടെയോ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ, അന്നൊക്കെ ഏറ്റവും കൂടുതൽ ആ സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ് ചെയ്തിട്ടുള്ളത്.

പലപ്പോഴും രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളാണ് സിനിമയ്ക്കെതിരെ തിരിയാൻ ഒരു വിഭാ​ഗത്തെ പ്രേരിപ്പിക്കുന്നത്. എംപുരാന് സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്. ഇന്ത്യയിൽ മുൻപ് റീ സെൻസർ ചെയ്ത അല്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തിയ മറ്റു ചിത്രങ്ങളിലൂടെ ഒന്ന് കടന്നു പോകാം.

ഇന്ത്യാസ് ഡോട്ടർ (2015)‌‌

ഇന്ത്യാസ് ഡോട്ടർ

2012 ൽ നടന്ന ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ കഥ പറയുന്ന ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടർ. ലെസ്‌ലി ഉഡ്വിൻ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ലിംഗസമത്വം, പുരുഷമനോഭാവം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിന്നു എന്ന പേരിലാണ് കോടതി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്.

അൺഫ്രീഡം (2014)

അൺഫ്രീഡം

രാജ് അമിത് കുമാർ സംവിധാനം ചെയ്ത് 2014 ൽ ഒരുക്കിയ ചിത്രമാണ് അൺഫ്രീഡം. 2014 ൽ ചിത്രം പൂർത്തിയായെങ്കിലും 2015 മെയ് 29 നാണ് ചിത്രം വടക്കൻ അമേരിക്കയിൽ പ്രദർശിപ്പിച്ചത്. ഫയിസ് അഹമ്മദ് ഫയിസിൻ്റെ "യേ ദഗ് ദഗ് ഉജാല" എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിക്ടർ ബാനർജി, ആദിൽ ഹുസൈൻ, പ്രീതി ഗുപ്ത എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

ഇന്ത്യയിൽ പല തവണ ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു. ഇന്ത്യയിൽ ചിത്രം നിരോധിക്കപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുകയും ചെയ്തു. ലെസ്ബിയൻ പ്രണയകഥയും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന അതിഭീകരമായ വിഷയങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

പർസാനിയ (2007)

പർസാനിയ

ഗുജറാത്ത് കലാപത്തെ ആധാരമാക്കി 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ പർസാനിയ. രാഹുൽ ധൊലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്റുദ്ദീൻ ഷാ, സരിക എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തിയത്. അഹമദാബാദിലും ഹൈദരാബാദിലും ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഗുജറാത്ത് കലാപം നടന്ന സമയത്ത് കാണാതായ അസ്ഹർ മോഡി എന്ന പത്തു വയസുകാരന്റെ യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കാണാതായ മകനെ തേടി പാർസി കുടുംബം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. 2005 ൽ ചിത്രം പൂർത്തിയായെങ്കിലും 2007 ലാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത്. ഗുജറാത്ത് കലാപത്തെ ചുറ്റിപറ്റിയുള്ള ചിത്രമായതിനാൽ തിരിച്ചടി ഭയന്ന് തിയറ്ററുടമകൾ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.

നീൽ ആകാശർ നീച്ചേ (1959)

നീൽ ആകാശർ നീച്ചേ

മൃണാൾ സെൻ സംവിധാനം ചെയ്ത് 1959 ൽ പുറത്തിറങ്ങിയ ചിത്രമാണ് നീൽ ആകാശർ നീച്ചേ. കാളി ബാനർജി, മഞ്ജു ഡേ, ബികാഷ് റോയ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. മഹാദേവി വർമയുടെ ചെറുകഥയായ ചിനി ഫെരിവാലയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഗവൺമെൻ്റ് നിരോധിച്ച ആദ്യ ചിത്രമായിരുന്നു ഇത്. രണ്ട് മാസത്തേക്കാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. കൊൽക്കത്തയിലെ ബ്രിട്ടീഷ് രാജിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടിയേറ്റക്കാരനായ ചൈനീസ് കൂലിത്തൊഴിലാളിയായ വാങ് ലുവും ബസന്തിയെന്ന പെൺകുട്ടിയും തമ്മിലുള്ള വിശുദ്ധ പ്രണയവും മറ്റുമായിരുന്നു ചിത്രം പറഞ്ഞത്.

ദ് ഡേർട്ടി പിക്ചർ (2017)‌

ദ് ഡേർട്ടി പിക്ചർ

സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലൻ ലുത്രിയ ഒരുക്കിയ ചിത്രമാണ് ദ് ഡേർട്ടി പിക്ചർ. വിദ്യ ബാലൻ, തുഷാർ കപൂർ, നസ്റുദ്ദീൻ ഷാ, ഇമ്രാൻ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യയെ തേടിയെത്തിരുന്നു. ചിത്രത്തിന്റെ ഇന്ത്യൻ ടെലിവിഷൻ പ്രീമിയർ ആദ്യം സർക്കാർ തടഞ്ഞു. 56 ഓളം കട്ടുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പിന്നീട് ടെലികാസ്റ്റ് അനുവദിച്ചു.

പദ്മാവത് (2018)

പദ്മാവത്

ഏറെ വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത്. ചിറ്റോറിലെ രജപുത്ര മഹാരാജാവ് രത്തൻസെന്നിന്റെ പ്രിയ പത്നി, അതി സുന്ദരിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന ചിത്രമാണ് ഇത്. അലാവുദീൻ ഖിൽജിക്ക് പദ്മാവതിയോടുള്ള പ്രണയമാണ് ചിത്രത്തെ വിവാദമാക്കിയത്. ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് കർണിസേനയാണ് പദ്മാവതിനെതിരെ രംഗത്തെത്തിയത്. ​ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ദ് കേരള സ്റ്റോറി (2023)

ദ് കേരള സ്റ്റോറി

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ് കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ മുന്‍പോട്ടുവച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ കേരളത്തിലും ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാളിൽ ചിത്രത്തിന് നിരോധം ഏർപ്പെടുത്തിയിരുന്നു.

വാട്ടർ (2007)

വാട്ടർ

ജോൺ എബ്രഹാം നായകനായെത്തിയ ചിത്രം ആദ്യം മുതൽ തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമായിരുന്നു. ഹിന്ദുക്കളായ വിധവകളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് വിവാദങ്ങൾ ഉയർന്നതോടെ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മതപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുവെന്നാരോപിച്ചായിരുന്നു പ്രദർശനാനുമതി നിഷേധിച്ചത്. പിന്നീട് "യു" സർട്ടിഫിക്കറ്റോടെ ചിത്രം ഇന്ത്യയിൽ പുറത്തിറങ്ങി. ദീപ മേത്ത രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2005 ൽ പൂർത്തിയായെങ്കിലും 2007 ലാണ് പ്രദർശനത്തിനെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT