സ്ത്രീകള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത സംവിധാനമല്ല വിവാഹമെന്ന് നടി റിമ കല്ലിങ്കല്‍. വിവാഹ ഉടമ്പടിയിലേത് വെറുമൊരു ഒപ്പാണെന്നാണ് കരുതിയത്. എന്നാല്‍ അതൊരു ട്രാപ്പാണെന്നതാണ് വാസ്തവമെന്നും റിമ കല്ലിങ്കല്‍. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു താരം.
വിവാഹക്കരാറില്‍ ഒപ്പിട്ടതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. ഒരാളെ പ്രണയിക്കാനും ഒരു ജീവിക്കാനും മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നുണ്ട്. വിവാഹത്തോടെ ആഷിഖിന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും തന്റെ ജീവിതം മാറിപ്പോയെന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു റിമ.
''ഒരു പരിധി വരെ നമ്മള്‍ തന്നെ വരുത്തിവെക്കുന്നതാണിത്. ഈ മെസേജിങ് എല്ലാം ഇന്‍വിസിബിള്‍ ആണ്. ഇങ്ങനൊക്കെ ആയിരിക്കണം എന്ന് തലമുറകളായി എയറിലുള്ളതാണ്. നമ്മള്‍ കാണുന്നതും കൂടിയാണ് മെസേജിങ് ആയി വരുന്നത്. കുറേയൊക്കെ എനിക്ക് നോ പറയാമായിരുന്നു. പക്ഷെ ഞാനും പലപ്പോഴും റോള്‍ പ്ലേ ചെയ്തു. പിന്നെയാണ് എന്തിനാണ് ഞാനിതൊക്കെ ചെയ്യുന്നത്, എന്നോടിതാരും പറഞ്ഞിട്ടില്ലല്ലോ? എന്നൊക്കെ ചിന്തിക്കുന്നത്.'' റിമ കല്ലിങ്കല്‍ പറയുന്നു.
ഈ സംവിധാനത്തെ മനസിലാക്കാന്‍ ഞാനും കുറേസമയമെടുത്തു. പ്രണയത്തിനും പ്രണയിക്കുന്ന വ്യക്തിയ്ക്കും ഇതുമായി ബന്ധമില്ല. ഈ സിസ്റ്റം എനിക്ക് വര്‍ക്കാകില്ല. സ്ത്രീകള്‍ക്ക് വേണ്ടി തയ്യാറാക്കിയൊരു ഡിസൈന്‍ ആണിതെന്ന് പോലും തോന്നുന്നില്ല. പുരുഷന്മാര്‍ പുരുഷന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ സംവിധാനമാണ്. ആ സിസ്റ്റം എനിക്ക് ഇപ്പോഴും വര്‍ക്കാകുന്നില്ല. ആ രേഖയില്‍ ഒപ്പുവച്ചതില്‍ എനിക്കിന്നും കുറ്റബോധമുണ്ട് എന്നും റിമ പറയുന്നു.
''നിങ്ങള്‍ ഈ വ്യക്തിയെ പ്രണയിക്കുന്നുവെന്ന് ഒരാള്‍ എഴുതി അംഗീകരിച്ചു തരേണ്ടതില്ല. എനിക്ക് ആ രേഖയോട് വലിയ പ്രശ്‌നമുണ്ട്. എനിക്ക് അതിന്റെ ആവശ്യമില്ല. ഞാനൊരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ പരിപൂര്‍ണമായി അവരെ സനേഹിക്കാമെന്ന് എനിക്കറിയാം'' റിമ പറയുന്നു.
പ്രശ്‌നം ഞങ്ങളുടെ ഇടയിലല്ല. പക്ഷെ ഈ സിസ്റ്റം പ്രശ്‌നമാണ്. ഇത് നമ്മുടെ ജീവിതത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ അതുകാരണം ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഞങ്ങള്‍ പണ്ട് പ്രേമിച്ചതിലും സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അതിന് ഇതിന്റെ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. കല്യാണം കഴിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് എന്തോ വലിയ സമാധാനം ആകുമല്ലോ. ഇതൊരു ഒപ്പ് മാത്രമല്ലേ എന്നു കരുതി. അല്ല, ഇതൊരു ട്രാപ്പാണ്. വെറുമൊരു ഒപ്പല്ലെന്നും റിമ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates