തന്റെ ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ച് നടൻ സലിം കുമാർ മുൻപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ സന്തോഷവാനല്ലെന്നും നമ്മളെത്ര സൂക്ഷിച്ച് ചവിട്ടിയാലും എത്തേണ്ട ഒരു സ്ഥലമുണ്ടെന്നും സലിം കുമാർ പറയുന്നു. ഒന്നും ആലോചിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"നിരാശയുണ്ടോ ? അതിപ്പോൾ എവിടുന്നാ വരുന്നത്. നിരാശ. സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയായിരിക്കണമല്ലോ. ഭര്‍ത്താവ് എന്ന നിലയില്‍ സന്തോഷവാനാണ്. രണ്ട് മക്കളുടെ അച്ഛന്‍ എന്ന നിലയിലും സന്തോഷവാനാണ്. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനല്ല. എനിക്കറിയാം എന്റെ യാത്ര എവിടേക്കാണെന്നുള്ളത്.
വ്യക്തമായിട്ട് അറിയാം. ആ യാത്രയിൽ വലിയ സന്നാഹങ്ങളൊന്നും കരുതേണ്ട കാര്യമൊന്നുമില്ല. ഓരോ ചുവടും മുന്നോട്ട് വളരെ സൂക്ഷിച്ച് വയ്ക്കേണ്ട കാര്യങ്ങളൊന്നുമില്ല. നമ്മളെത്ര സൂക്ഷിച്ച് ചവിട്ടിയാലും എത്തേണ്ട ഒരു സ്ഥലമുണ്ട്. അവിടെ നമ്മൾ എത്തുകയുള്ളൂ. അപ്പോൾ എന്തിനാണ് നമ്മൾ വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്.
അതൊരു അതൃപ്തിയുടെ സംഭവമല്ല. അറിവിന്റെയാണത്. അല്ലാതെ അതൃപ്തി അല്ല ഞാൻ ഈ പ്രകടപ്പിക്കുന്നത്. അറിവ് തന്നെയാണ്. ഞാൻ എന്താണ് എന്നൊരു അറിവുണ്ടെനിക്ക്. ഞാൻ ഇന്നതേ ആവുകയുള്ളൂ. തിരിച്ചു മറിച്ചും ആലോചിച്ചാലും ഞാൻ ഇന്നതേ ആവുകയുള്ളൂ എന്നെനിക്ക് നല്ല ബോധ്യമുണ്ട്. ഇവിടം വിട്ടുപോകേണ്ട ആളാണെന്നുള്ളത്.
പിന്നെ ഞാനെന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നത്. എന്തൊക്കെ തലകുത്തി മറിഞ്ഞാലും ശരി അവസാനം. ഒന്നും ആലോചിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല.. അത്രയേ ഉള്ളൂ ജീവിതം. ചിന്തിച്ചു കഴിഞ്ഞാൽ ഒരു ഉറുമ്പിനെപ്പോലും നമുക്ക് നോവിക്കാൻ പറ്റില്ല.
ചുമ്മാതല്ല ബുദ്ധനൊക്കെ കൊട്ടാരം വിട്ട് പോയത്. അയാൾക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടല്ല അവർ അവധൂതനെപ്പോലെ അലഞ്ഞത്. ജീവിതം ഇത്രയേ ഉള്ളൂ എന്ന് മനസിലായവരാണ് ബുദ്ധിമാൻമാർ. ബുദ്ധൻ അങ്ങനെ ഇട്ടേച്ച് പോയില്ലായിരുന്നെങ്കിൽ ആരെങ്കിലും തിരിച്ചറിയുമായിരുന്നോ. ഒരു രാജാവായി അവിടെ അവസാനിക്കേണ്ട ആളായിരുന്നു. എന്റെ ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്.
ജീവിതത്തെ ഞാൻ തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ഞാൻ ബുദ്ധനെ ആരാധിക്കാൻ തുടങ്ങിയത്. ശ്രീലങ്കയിലേക്ക് ഞാൻ പോയത് ബുദ്ധമതത്തിൽ ചേരാൻ പോയതാണ്. പിന്നെ ഞാൻ ആലോചിച്ചു ഞാനെന്തിനാണ് ബുദ്ധമതത്തിൽ ചേരുന്നത്. ബുദ്ധനെ ആരാധിക്കണമെങ്കിൽ ബുദ്ധമതത്തിൽ ചേരേണ്ട കാര്യമില്ല. എന്തൊക്കെ ഓസ്കർ വാങ്ങിച്ചാലും ശരി, ജീവിതം എന്ന് പറഞ്ഞാൽ ഐസിയു എന്ന മൂന്നക്ഷരത്തിൽ തീരാനുള്ളതേ ഉള്ളൂ.
ആ ഞാൻ എന്ത് അഹങ്കരിക്കാനാണ്. ആ ഞാൻ എന്ത് തൃപ്തിയോടു കൂടി ജീവിക്കാനാണ്. എന്ത് തൃപ്തിയുണ്ടാകും. അതാണ് ചിന്തിക്കാതെ ഇരിക്കുക. നന്മ ചെയ്യുക. ഒരാളെയും ദ്രോഹിക്കാതെ ഇരിക്കുക. അത്രയും ഞാൻ ചെയ്യുന്നുണ്ട്. ഒരാളെയും മാനസികമായി ദ്രോഹിക്കാതെ ഇരിക്കുക. ജീവിതം എന്നെ പഠിപ്പിച്ച പാഠം അതാണ്. ഇതൊരു ടൂർ വന്നിരിക്കുകയാണ് നമ്മൾ.
ഓഷോയുടെ കല്ലറയിൽ എഴുതി വച്ചിട്ടില്ലേ. ഇത്രനാൾ മുതൽ ഇത്ര നാൾ വരെ ഇവിടെ സന്ദർശിച്ചു. അത്രയേ ഉള്ളൂ. ആ സന്ദർശനം ഗംഭീരമാക്കുക. ആളുകളെ ഒക്കെ ചിരിപ്പിച്ച്, അതിൽ ഞാൻ വിജയിച്ചിട്ടുണ്ട്. ഒരാളെയും ഞാൻ വിഷമിപ്പിച്ച് വിട്ടിട്ടൊന്നുമില്ല. അതുമാത്രമേ ഏക സന്തോഷമുള്ളൂ. ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ല.
ഇനി ഒട്ടും ദ്രോഹിക്കുകയില്ല. കാരണം ഒരു തിരിച്ചറിവിന്റെ പാതയിലെത്തിയിട്ടുണ്ട്. ഞാനെന്റെ മക്കളോടും പറഞ്ഞിട്ടുണ്ട്. ഒരാളെയും പറ്റിച്ചോ വെട്ടിച്ചോ ജീവിക്കരുതെന്ന്. കാരണം ജീവിതം ഒന്നേയുള്ളൂ, അധികം ഒന്നുമില്ല. ഒരാളുടെ മനസിലെങ്കിലും നനവ് കൊടുക്കാൻ പറ്റിയാൽ അതാണ് ജീവിതം".- സലിം കുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates