Senna Hegde സമകാലിക മലയാളം
Entertainment

'ആ സിനിമ ചെയ്യണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്'; സെന്ന ഹെ​ഗ്ഡെ അഭിമുഖം

ഓരോ പരാജയങ്ങളും നമുക്ക് പഠിക്കാനുള്ളതു കൂടിയാണ്

സമകാലിക മലയാളം ഡെസ്ക്

'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന സംവിധായകനാണ് സെന്ന ഹെ​ഗ്ഡെ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'അവിഹിതം' ആണ് സെന്ന ഹെ​ഗ്ഡെയുടേതായി ഒടുവിൽ എത്തിയ ചിത്രം. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന സംവിധാനം ചെയ്ത ചിത്രങ്ങളാണ് 1744 വൈറ്റ് ആൾട്ടോ, പത്മിനി എന്നീ ചിത്രങ്ങൾ. മികച്ച താരനിര അണിനിരന്നിട്ടു കൂടി ഇരുചിത്രങ്ങളും തിയറ്ററിൽ പരാജയപ്പെട്ടിരുന്നു.

ഇപ്പോഴിതാ താൻ സംവിധാനം ചെയ്തതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ എന്ന് പറയുകയാണ് സെന്ന. ചില സമയത്ത് പത്മിനി പോലെയൊരു സിനിമ ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും തന്നേക്കാൾ നന്നായി അത് മറ്റാർക്കെങ്കിലും ചെയ്യാൻ പറ്റുമായിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സെന്ന ഹെ​ഗ്ഡെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

"ഞാൻ ചെയ്തതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് 1744 വൈറ്റ് ആൾട്ടോ. അതിന്റെ സ്ട്രക്ചർ ആകട്ടെ, കഥ പറച്ചിൽ രീതിയാകട്ടെ എല്ലാം വ്യത്യസ്തമായിരുന്നു. എനിക്ക് അത്തരമൊരു സിനിമ ചെയ്യാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. അത് ശരിക്കും ഒരു പരീക്ഷണ ചിത്രമായിരുന്നു. അതിന്റെ റിലീസ് സമയത്ത് കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു.

ഒടിടിയ്ക്ക് വേണ്ടിയിട്ടായിരുന്നു ആ സിനിമ നമ്മൾ ചെയ്തത്. നൂറ് ശതമാനവും ആ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ലഭിക്കുമെന്ന് നമുക്ക് അറിയാമായിരുന്നു. പക്ഷേ അത് ഞങ്ങളുടെ കയ്യിൽ നിന്ന് പോയി. റോട്ടർഡാം ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് സിനിമ പോയി. അവിടെ നാലഞ്ച് ഷോകളുണ്ടായിരുന്നു, നല്ല സ്വീകാര്യതയും കിട്ടി. ഇവിടെ കിട്ടാത്ത സ്വീകാര്യത അവിടെ നിന്ന് കിട്ടി".- സംവിധായകൻ പറഞ്ഞു.

1744 വൈറ്റ് ആൾട്ടോ ഒടിടിയിൽ എത്തിയാൽ മികച്ച സ്വീകാര്യത കിട്ടുമെന്നാണ് കരുതുന്നതെന്നും നിർമാതാക്കളാണ് അത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടതെന്നും സെന്ന പറഞ്ഞു. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ പത്മിനി സിനിമയെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.

"പത്മിനി തിയറ്ററിൽ വർക്കായില്ല, പക്ഷേ ഒടിടിയിൽ അഭിപ്രായം നേടി. തിയറ്ററിൽ അതെന്തുകൊണ്ടാണ് വർക്കാകാതെ പോയത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. കുറേ ആളുകൾ‌ക്ക് അതിന്റെ ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല. ദീപു പ്രദീപിന്റെ കഥകൾക്കൊരു സ്റ്റൈൽ ഉണ്ട്. വിപിൻ ദാസ്, ബേസിൽ ഇവരൊക്കെ ചെയ്തിട്ടുണ്ട്.

എന്റെ സ്റ്റൈലിൽ ചിലപ്പോൾ അത് വർക്കായിട്ടുണ്ടാകില്ല. ചിലപ്പോൾ എന്റെ മേക്കിങ് സ്റ്റൈൽ ആ തിരക്കഥയുമായി ചേർന്നു പോകുന്നത് ആയിരിക്കില്ല. എല്ലാവർക്കും ഓരോ സ്റ്റൈൽ ഉണ്ടല്ലോ. അതിന്റെ അവസാന ഭാ​ഗം വർക്കായില്ല. പക്ഷേ അത് വ്യത്യസ്തമായ രീതിയിൽ ചെയ്ത ഒരു സിനിമയായിരുന്നു.

ഓരോ പരാജയങ്ങളും നമുക്ക് പഠിക്കാനുള്ളതു കൂടിയാണ്, നമുക്കതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും. ആ സിനിമ ഞാൻ‌ ചെയ്യണ്ടായിരുന്നു എന്ന് എനിക്ക് ചില സമയത്ത് തോന്നിയിട്ടുണ്ട്. എന്നേക്കാൾ നന്നായി അത് മറ്റാർക്കെങ്കിലും ചെയ്യാൻ പറ്റുമായിരുന്നു എന്ന് തോന്നാറുണ്ട് ചിലപ്പോൾ. പക്ഷേ അത് സംഭവിച്ചു. പക്ഷേ ഒടിടി വന്നതിന് ശേഷം ആ സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചു.

പ്രത്യേകിച്ച് കേരളത്തിന് പുറത്ത്. ഇപ്പോഴും ആളുകൾ കണ്ടിട്ട് മെസേജ് ചെയ്യാറുണ്ട്".- സെന്ന ഹെ​ഗ്ഡെ പറഞ്ഞു. ഷറഫുദ്ദീൻ, അരുൺ കുര്യൻ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് 1744 വൈറ്റ് ആൾട്ടോയിൽ പ്രധാന വേഷങ്ങളിലെത്തിയത്. കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി തുടങ്ങി വൻ താരനിരയാണ് പത്മിനിയിൽ അണിനിരന്നത്.

Cinema News: Director Senna Hegde opens up his 1744 White Alto and Padmini movies failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT