തുടരെത്തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന് ബോക്സോഫീസിലേക്ക് വലിയ തിരിച്ചുവരവ് നൽകിയ സിനിമയായിരുന്നു പത്താൻ. 2023 ൽ പുറത്തിറങ്ങിയ ചിത്രം 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ആക്ഷൻ സ്പൈ ത്രില്ലറിൽ ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം സൽമാൻ ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ പത്താൻ 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം തുടക്കത്തോടെ ആരംഭിക്കാനാണ് പദ്ധതിയുമെന്നാണ് റിപ്പോർട്ടുകൾ. പത്താൻ രണ്ടാം ഭാഗത്തിലൂടെ ഷാരൂഖ് - ദീപിക കോമ്പോ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.
ശ്രീധർ രാഘവൻ, അബ്ബാസ് ടയർവാല എന്നിവർക്കൊപ്പമാണ് ആദിത്യ ചോപ്ര തിരക്കഥ പൂർത്തിയാക്കിയത്. സംഭാഷണമൊരുക്കുന്നതിന്റെ തിരക്കുകളിലാണ് തങ്ങളിപ്പോൾ എന്ന് അടുത്തിടെ ഒരു വേദിയിൽ തിരക്കഥാകൃത്ത് അബ്ബാസ് ടയർവാല പറഞ്ഞിരുന്നു. അതേസമയം ആദ്യ ഭാഗം സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദിന് പകരം മറ്റൊരു സംവിധായകനാകും പത്താൻ 2 ഒരുക്കുക. അതേസമയം പത്താന്റെ പ്രീക്വലിനെക്കുറിച്ച് ജോൺ എബ്രഹാമും അടുത്തിടെ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു.
ജിം എന്ന കഥാപാത്രത്തെയാണ് ജോൺ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ കഴിഞ്ഞ കാലം എങ്ങനെയാണ് പത്താൻ 2 വിൽ ഉണ്ടാകുമെന്നതിന്റെ സൂചനയും ജോൺ പറഞ്ഞിരുന്നു. നിലവിൽ കിങ് എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഷാരൂഖ്. അടുത്ത വർഷമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് തിയറ്ററുകളിലെത്തുക.
കിങിന്റെ ചിത്രീകരണത്തിന് ശേഷമാകും ഷാരൂഖ് പത്താൻ 2വിന്റെ ഭാഗമാകുക. അതേസമയം മകൾ ജനിച്ചതോടെ അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള എടുത്തിരിക്കുകയാണ് നടി ദീപിക പദുക്കോൺ ഇപ്പോൾ. ആദ്യ ഭാഗത്തേക്കാൾ വലിയ സ്കെയിലിൽ ആണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates