ക്രിക്കറ്റോ ഫുട്‌ബോളോ, കായികമത്സരങ്ങള്‍ ഏതുമാകട്ടെ, ഇന്ത്യ വിജയിച്ചാല്‍, ഇന്ത്യയുടെ പതാക സ്‌റ്റേഡിയത്തില്‍ ഉയരുമ്പോള്‍ അന്തരീക്ഷത്തില്‍ ചക്‌ദേ ഇന്ത്യയിലെ പാട്ടുമുയരും. 2007 ലും 2011 ലും 2024 ലും ഇന്ത്യയുടെ പുരുഷ ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും ഈയ്യടുത്ത് വനിതകള്‍ എകദിന ലോകകപ്പ് നേടിയപ്പോഴും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത് ചക്‌ദേ ഇന്ത്യയിലെ പാട്ടായിരുന്നു. ഇന്ത്യയുടെ സ്‌പോര്‍ട്‌സ് വിജയങ്ങളുടെ എല്ലാകാലത്തേയും പശ്ചാത്തല സംഗീതമായി ചക്‌ദേ ഇന്ത്യ മാറിയിരിക്കുന്നു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ജനപ്രീയ മെറ്റഫെറാണ് ഇന്ന് ചക്‌ദേ ഇന്ത്യയിലെ ഷാരൂഖ് ഖാന്റെ കബീര്‍ ഖാന്‍. രാഹുല്‍ ദ്രാവിഡ് മുതല്‍ അമോല്‍ മജുംദാര്‍ വരെയുള്ള പരിശീലകരുടെ മധുര പ്രതികാരങ്ങളെ മാധ്യമങ്ങളും ആരാധകരും ചേര്‍ത്തുവച്ചത് ചക്‌ദേ ഇന്ത്യയിലെ കബീര്‍ ഖാനോടാണ്. ഷിമിത് അമിന്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് സമ്മാനിച്ചത് എല്ലായിപ്പോഴും ഓടിചെല്ലാന്‍ സാധിക്കുന്നൊരു പുല്‍മൈതാനമാണ്.
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നോ, ഒരുപക്ഷെ ഏറ്റവും മികച്ചതോ ആയി വിലയിരുത്തപ്പെടുന്ന സിനിമയാണ് ചക്‌ദേ ഇന്ത്യ. ഷാരൂഖ് ഖാന്‍ ഒഴികെ, നാലളറിയുന്ന മുഖങ്ങളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ഒരുപിടി പുതുമുഖങ്ങളായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ കഥ പറഞ്ഞ സിനിമ ബോക്‌സ് ഓഫീസില്‍ വിജയിക്കില്ലെന്ന് തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്.
സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ടതോടെ പരാജയം ഉറപ്പിച്ച ഷാരൂഖ് ഖാനും ഷിമിത് അമിനും ഈ നാട്ടില്‍ നിന്നു തന്നെ ഒളിച്ചോടി. എന്നാല്‍ വെറും 20 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ സിനിമ 109 കോടി നേടി വന്‍ വിജയമായി മാറി. മികച്ച ജനപ്രീയ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ഇന്ത്യന്‍ സിനിമയില്‍ എന്നെന്നും റീവിസിറ്റ് ചെയ്യപ്പെടുന്നൊരു ക്ലാസിക്കിയിട്ടാണ് ഇന്ന് ചക്‌ദേ ഇന്ത്യയെ വിലയിരുത്തുന്നത്. അന്നത്തെ തന്റെ ഒളിച്ചോട്ടത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ ഷാരൂഖ് ഖാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
''പെണ്‍കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അവരെ സംബന്ധിച്ച് തങ്ങളെ ആദ്യമായി സ്‌ക്രീനില്‍ കാണുന്നത് തന്നെ വലിയ കാര്യമായിരുന്നു. അവര്‍ അതിനാല്‍ ബഹളം വെക്കുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്യുകയായിരുന്നു. ആ സമയം ഞങ്ങള്‍ നാലു പേരും മാറിയിരുന്ന് കരയുകയായിരുന്നു. നമ്മള്‍ ആഗ്രഹിച്ചത് പോലെ ഷൂട്ട് ചെയ്‌തെടുത്തു. വിജയവും പരാജയവുമൊന്നും നമ്മുടെ കയ്യിലല്ല. നമ്മള്‍ തിരിച്ചുവരും, എന്ന് പരസ്പരം പറയുന്ന അവസ്ഥയിലേക്ക് ഞങ്ങളെത്തിയിരുന്നു. വളരെ സങ്കടം തോന്നി'' ഷാരൂഖ് ഖാന്‍ പറയുന്നു.
''സ്‌ക്രീനിങിന് ശേഷം ഷിമിത് അമേരിക്കയിലേക്ക് ഓടിപ്പോയി. ഞാന്‍ ഇംഗ്ലണ്ടിലേക്ക് വന്നു. ഞങ്ങളെല്ലാവരും പിരിഞ്ഞുപോയി. ഞാന്‍ ഫോണ്‍ ഓഫാക്കി വച്ച് കിടന്നുറങ്ങാന്‍ പോയി. വൈകിട്ട് നാല് മണിയ്ക്കാണ് ഉണര്‍ന്നത്. മദ്യപിച്ച് ലക്കുകെട്ടാണ് ഉറങ്ങിയത്. കാരണം നല്ല സിനിമയായിരുന്നുവെങ്കിലും പ്രതീക്ഷിച്ചത് പോലെ വന്നില്ലല്ലോ എന്ന് ആലോചിച്ച് വല്ലാതെ സങ്കടം തോന്നിയിരുന്നു. വൈകിട്ട് നാല് മണിയെന്നാല്‍ ഇന്ത്യയിലത് രാവിലെ ഒമ്പത് മണിയാണ്. അപ്പോള്‍ രാജ്യം മുഴുവന്‍ ഞങ്ങളുടെ സിനിമയെ സ്‌നേഹം കൊണ്ട് മൂടുകയായിരുന്നു. ഞങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാന്‍ പറ്റാത്ത അത്ര വലിയ വിജയമായി'' എന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ ഹോക്കി ഇതിഹാസം രഞ്ജന്‍ നേഗിയുടെ ജീവിതത്തില്‍ നിന്നുമാണ് ജയ്ദീപ് സാഹ്നി ചക്‌ദേ ഇന്ത്യയുടെ കഥ കണ്ടെത്തുന്നത്. ഷാരൂഖ് ഖാന്റെ കബീര്‍ സിങ് സത്യത്തില്‍ നേഗിയായിരുന്നു. പണ്ട് തന്നെ പാക് ചാരനെന്ന് മുദ്ര കുത്തിയ ഇന്ത്യന്‍ മാധ്യമങ്ങളോടും, ടീമില്‍ നിന്നും ഓര്‍മകളില്‍ നിന്നും ഇറക്കിവിട്ട ഇന്ത്യയോടു തന്നെയുള്ള നേഗിയുടെ പ്രതികാരത്തിന്റെ കഥയാണ് ചക്‌ദേ ഇന്ത്യ.
യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത് 1982 ലാണ്. ഏഷ്യയിലെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസാണ് വേദി. ഹോക്കിയുടെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു എതിരാളികള്‍. ഇന്ത്യ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരും പാക്കിസ്ഥാന്‍ ലോക ചാമ്പ്യന്മാരും. അന്ന് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് എന്നാല്‍ ഹോക്കിയായിരുന്നു. അതിനും ഒരു വര്‍ഷമിപ്പുറം, 1983ലാണ് കപിലിന്റെ ചെകുത്താന്മാര്‍ വിന്‍ഡീസ് പടയെ തകര്‍ത്ത് ക്രിക്കറ്റ് ലോകകപ്പ് നേടുന്നത്.
മറ്റെല്ലാ കായികയിനങ്ങളിലെന്നതു പോലെ ഹോക്കിയിലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് യുദ്ധാന്തരീക്ഷമായിരുന്നു. ഏഷ്യാഡില്‍ മുന്‍തൂക്കം പാക്കിസ്ഥാനായിരുന്നു. ഫൈനലിന് മുമ്പ് കളിച്ച കളികളൊന്നും തോല്‍ക്കാതെയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയത്. ഫൈനലില്‍ ആദ്യ ഗോളടിക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ കളിയവസാനിക്കുമ്പോള്‍ ഫലം ഇന്ത്യ 1-പാക്കിസ്ഥാന്‍ 7 എന്ന നിലയിലായിരുന്നു. ആ പരാജയത്തിന്റെ ഭാരമത്രയും നേഗിയുടെ ചുമലിലാണ് വീണത്. നേഗി ഇന്ത്യന്‍ ഹോക്കിയിലെ വില്ലനായി.
ആ ഏഴ് ഗോളുകള്‍ നേഗിയുടെ ജീവിതത്തിന്റെ വിധിയെഴുതി. തോല്‍വിയുടെ കാരണക്കാരനായി നേഗി മാറി. ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു. മാധ്യമങ്ങള്‍ പാക്കിസ്ഥാന്റെ ചാരനെന്ന് വിളിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആള്‍ക്കൂട്ടം നേഗിയെ ആക്രമിക്കാന്‍ വരെ ശ്രമിച്ചു. ഒരിക്കല്‍ കൊണ്ടാടിയ ടീമും ആരാധകരും നേഗിയുടെ രക്തത്തിനായി കൊതിച്ചു. ടീമില്‍ നിന്നും പുറത്തായ നേഗിയ്ക്ക് തൊഴിലിടത്തില്‍ പോലും പാക് ചാരനെന്ന വിളി കേള്‍ക്കേണ്ടി വന്നു. കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തിയ നേഗി ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നു.
പതിയെ എല്ലാവരും എല്ലാം മറന്നു. നേഗിയേയും. പക്ഷെ നേഗി മാത്രം ഒന്നും മറന്നിരുന്നില്ല. 1998 ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വന്നു. ഇത്തവണ പക്ഷെ കോച്ചിന്റെ വേഷമായിരുന്നു. ഗോള്‍ കീപ്പിങ് കോച്ചായിട്ടായിരുന്നു വരവ്. ആ വര്‍ഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. തന്നെ രാജ്യദ്രോഹിയാക്കിവര്‍ക്ക് മുന്നില്‍ കബീര്‍ ഖാന്‍ ചിരിച്ചതുപോലൊരു പുഞ്ചിരി അന്ന് നേഗിയുടെ മുഖത്തും വിരിഞ്ഞു. 2003ല്‍ നേഗി ഇന്ത്യയുടെ വനിതാ ടീമിന്റെ പരിശീലകനായി. പ്രഥമ ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ ജേതാക്കളാക്കി നേഗി ഇത്തവണ കൂടുതല്‍ വിടര്‍ന്ന ചിരിയോടെയാണ് ഇന്ത്യന്‍ ജനതയെ നോക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates