സിനിമയിലെ താരപദവിയിലേക്ക് എത്തുന്നതിനും പ്രശസ്തി നേടുന്നതിനും മുമ്പുതന്നെ സ്വന്തം നാട്ടിൽ അറിയപ്പെടുന്ന ഡാൻസറായിരുന്നു താനെന്ന് നടി ഷംന കാസിം. കുട്ടിക്കാലം മുതൽ നൃത്തത്തോട് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും കണ്ണൂരിലെ വിവിധ വേദികളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഷംന കുട്ടിക്കാലത്തെ നൃത്തവിശേഷങ്ങളും സിനിമാ അനുഭവങ്ങളും പങ്കുവെച്ചത്.
ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടും മൂന്നും സ്റ്റേജ് ഷോകൾ വരെ കുട്ടിക്കാലത്ത് ചെയ്യാറുണ്ടായിരുന്നു. നാട്ടിലെ മിക്കവാറും അമ്പലങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയ താരങ്ങളുടെ പാട്ടുകൾക്കായിരുന്നു പ്രധാനമായും ചുവടുവെച്ചിരുന്നത്. അന്ന് വിസിആർ കാസറ്റുകൾ ഉപയോഗിച്ചാണ് പാട്ടുകളും നൃത്തച്ചുവടുകളും പഠിച്ചിരുന്നതെന്നും ഷംന ഓർത്തെടുത്തു.
നൃത്തപരിശീലനത്തിൽ അമ്മയ്ക്കായിരുന്നു പ്രധാന പങ്ക്. താൻ ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ അമ്മ അടുത്തിരുന്ന് ശ്രദ്ധിക്കുമായിരുന്നു. സ്റ്റെപ്പുകൾ തെറ്റിയാൽ കൈയിലുണ്ടായിരുന്ന വടി എടുത്തെറിയുന്ന തരത്തിൽ കർശനമായിരുന്നു അമ്മയുടെ പരിശീലനമെന്നും താരം രസകരമായി പറഞ്ഞു. ഹിപ്പ് മൂവ്‌മെന്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിച്ചതും അമ്മയായിരുന്നു. ഭരതനാട്യത്തിന് മാത്രമാണ് പ്രത്യേക അധ്യാപിക ഉണ്ടായിരുന്നതെന്നും ഷംന വ്യക്തമാക്കി.
സിനിമയിലെ അനുഭവങ്ങളും താരം അഭിമുഖത്തിൽ പങ്കുവെച്ചു. വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിലും തെലുങ്കിലുമാണ് തനിക്ക് കൂടുതൽ കംഫർട്ടബിളായി തോന്നിയിട്ടുള്ളതെന്ന് ഷംന പറഞ്ഞു. ഈ ഭാഷകളിൽ കൂടുതൽ തവണ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളതാകാം അതിന് കാരണമെന്നും താരം കൂട്ടിച്ചേർത്തു.
തമിഴ് പഠിക്കാൻ താരതമ്യേന എളുപ്പമായിരുന്നെങ്കിലും തെലുങ്ക് സിനിമയിലെ ആദ്യ അനുഭവം അത്ര സുഗമമായിരുന്നില്ല. 'ചിന്താമണി കൊലക്കേസി'ന്റെ റീമേക്കിൽ ഭാവന അവതരിപ്പിച്ച കഥാപാത്രമായിരുന്നു തെലുങ്കിൽ ഷംനയുടെ ആദ്യ വേഷം. ആദ്യ സിനിമയിലെ ഭാഷാപരമായ ബുദ്ധിമുട്ടുകൾ കാരണം ഇനി തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് പോകേണ്ടെന്നുപോലും അന്ന് തീരുമാനിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.
എന്നാൽ രണ്ടുമൂന്നുവർഷങ്ങൾക്കുശേഷം വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിച്ചു. ഭാഷ പഠിപ്പിക്കാൻ ആളുകളെ ഏർപ്പെടുത്തിയതോടെ പതിയെ തെലുങ്കുമായി അടുക്കാൻ കഴിഞ്ഞെന്നും ഷംന പറഞ്ഞു. ഇന്നത്തെപ്പോലെ വലിയ തയ്യാറെടുപ്പുകളോടെയായിരുന്നില്ല സിനിമയിലേക്കുള്ള തന്റെ കടന്നുവരവെന്നും ഓരോ അനുഭവങ്ങളിലൂടെയും കാര്യങ്ങൾ പഠിച്ചെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.