'എല്ലാത്തിനോടും പ്രതികരിക്കേണ്ടതില്ല, ആ വിളി അപമാനകരം'; സാറാ ജോസഫിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

സാംസ്‌കാരിക നായിക' എന്ന വിശേഷണത്തില്‍ താല്‍പ്പര്യമില്ലെന്നും എല്ലാ സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കണമെന്ന് എഴുത്തുകാര്‍ക്ക് നിര്‍ബന്ധമില്ലെന്നുമുള്ള എഴുത്തുകാരി സാറാ ജോസഫിന്റെ നിലപാടിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍.
Sarah Joseph
സാറാ ജോസഫ്file
Edited By:
Updated on: 
2 min read

മലപ്പുറം: 'സാംസ്‌കാരിക നായിക' എന്ന വിശേഷണത്തില്‍ താല്‍പ്പര്യമില്ലെന്നും എല്ലാ സാമൂഹിക വിഷയങ്ങളിലും പ്രതികരിക്കണമെന്ന് എഴുത്തുകാര്‍ക്ക് നിര്‍ബന്ധമില്ലെന്നുമുള്ള എഴുത്തുകാരി സാറാ ജോസഫിന്റെ നിലപാടിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍. യുഡിഎഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരിടുന്നതിനിടെയാണ് സാറയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ വിഷയങ്ങളിലും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിലപാട് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

'ഞാന്‍ സ്വീകരിച്ചിട്ടില്ലാത്തതും എന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ 'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം' എന്നായിരുന്നു സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഏതൊരു സമൂഹജീവിയെയും പോലെ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുള്ള ഒരു എഴുത്തുകാരി മാത്രമാണ് താനെന്നും അവര്‍ വ്യക്തമാക്കി.

'കൂട്ടഒപ്പിടീക്കല്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുവരുന്ന പ്രസ്താവനകള്‍ ബോധ്യപ്പെട്ടാല്‍ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. ശരിയെന്ന് തോന്നുന്നത് മാത്രം. ബോധ്യപ്പെടുന്നത് മാത്രം' എന്നും സാറ കുറിച്ചു. 'സാംസ്‌കാരിക നായിക' എന്ന വിശേഷണം ഇന്ന് അധിക്ഷേപിക്കുന്ന തരത്തിലാണ് ഉപയോഗിക്കപ്പെടുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ തന്നെ അങ്ങനെ വിളിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. 'ഞാന്‍ ഒന്നിന്റെയും നായികയല്ല' എന്നായിരുന്നു കുറിപ്പിലെ അവസാന വാചകം.

എല്‍ഡിഎഫ് ഭരണകാലത്ത് സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുകയും ഭരണമാറ്റം ആവശ്യപ്പെടുകയും ചെയ്തിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. എല്‍പിഎസ്ടി അധ്യാപിക വളര്‍മതിയുടെ അനിശ്ചിതകാല നിരാഹാര സമരവും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നാടക വിഭാഗം വിദ്യാര്‍ഥികളുടെ സമരവുമടക്കമുള്ള വിഷയങ്ങളില്‍ ഇവര്‍ പ്രതികരിക്കാത്തതിനെതിരെയാണ് പ്രധാനമായും ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും സൈബര്‍ പ്രവര്‍ത്തകരും വിമര്‍ശനമുന്നയിക്കുന്നത്.

വിഷയത്തില്‍ പ്രതികരണം തേടിയപ്പോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും മറ്റ് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിക്കട്ടെയെന്നുമായിരുന്നു സാറാ ജോസഫിന്റെ മറുപടി. എഴുത്തുകാരെ സാംസ്‌കാരിക നേതാക്കളെന്ന് വിശേഷിപ്പിക്കുന്ന രീതി തന്നെ തെറ്റാണെന്ന് എംഎന്‍ കാരശ്ശേരി പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും എഴുത്തുകാര്‍ക്ക് അറിവുണ്ടാകണമെന്നില്ലെന്നും എല്ലാ വിഷയങ്ങളിലും പ്രതികരിക്കാനോ നിലപാട് സ്വീകരിക്കാനോ അവര്‍ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.

'എഴുത്തുകാര്‍ ജനപ്രതിനിധികളല്ല. എഴുത്തുകാരാണ് എന്നതുകൊണ്ട് മാത്രം എല്ലാ പ്രസ്താവനകളിലും ഒപ്പിടാനാകില്ല. എല്ലാ കാര്യങ്ങളിലും നിലപാട് സ്വീകരിക്കാന്‍ എഴുത്തുകാരെ നിര്‍ബന്ധിക്കാനാവില്ല. താല്‍പ്പര്യമില്ലാത്ത വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഞങ്ങള്‍ക്കുണ്ട്. അതിന്റെ പേരില്‍ ഞങ്ങളെ തെരഞ്ഞെടുപ്പു നടത്തി നിലപാടെടുക്കുന്നവരെന്നോ പക്ഷപാതമുള്ളവരെന്നോ വിളിക്കാനാവില്ല,'- അദ്ദേഹം പറഞ്ഞു.

'സാംസ്‌കാരിക നായിക' എന്ന വിശേഷണം തന്നെ അപമാനകരമാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. പ്രത്യേകിച്ച് രാഷ്ട്രീയ ശരികളുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്ന ഇന്നത്തെ കാലത്ത് അത്തരമൊരു വിശേഷണം ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ എഴുത്തുകാരിയാണ്, നോവലിസ്റ്റാണ്, അല്ലെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തകയാണ്. എന്നാല്‍ സാംസ്‌കാരിക നായികയെന്ന് വിളിക്കുന്നത് അപമാനകരമാണ്. സാംസ്‌കാരിക പ്രവര്‍ത്തനം ഒരു എഴുത്തുകാരിയുടെ ബാധ്യതയല്ല. എന്റെ സൃഷ്ടി എന്റെ സ്വാതന്ത്ര്യമായിരിക്കണം, ബാധ്യതയാകരുത്. ഒരു വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ പ്രതികരിക്കും. അതിന് എനിക്ക് എന്റേതായ ന്യായങ്ങളുണ്ട്. മറ്റുള്ളവരുടെ ആഗ്രഹത്തിനനുസരിച്ച് പ്രതികരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല,'- അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളില്‍ വിശ്വാസമില്ലെന്നും പുതിയ സര്‍ക്കാരിനെ വിമര്‍ശിക്കാത്തതില്‍ തനിക്ക് പ്രത്യേകിച്ച് വിശദീകരിക്കാനില്ലെന്നും നടന്‍ ജോയ് മാത്യു പറഞ്ഞു.

'യുഡിഎഫ് സര്‍ക്കാരിനെതിരെ സംസാരിക്കാത്തതുകൊണ്ടാണ് സാറ ടീച്ചറും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വിമര്‍ശനം നേരിടുന്നത്. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം യുഡിഎഫ് സര്‍ക്കാരാണെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. ഉദാഹരണത്തിന്, എല്‍ഡിഎഫ് ഭരണകാലത്ത് പിഎസ്സി അഴിമതിയില്‍ മുങ്ങിയതുകൊണ്ടാണ് എല്‍പിഎസ്ടി അധ്യാപകര്‍ക്ക് ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യേണ്ടിവരുന്നത്. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്ത് ശരിയായ വൈദ്യുതി നയം രൂപീകരിക്കാത്തതിന്റെ ഫലമായാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ പകരം പിണറായി വിജയന്റെ വീടിന് മുന്നില്‍ സമരം ചെയ്യണം,'- അദ്ദേഹം പറഞ്ഞു.

Sarah Joseph
'ജുവനൈല്‍ പ്രായപരിധി 16 ആക്കണം'; നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി
Sarah Joseph
കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍
Summary

writers extend support to Sarah Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER