അച്ഛൻ തിലകൻ അവതരിപ്പിച്ചതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വില്ലൻ കഥാപാത്രം ഏതാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷോബി തിലകൻ. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ' വില്ലനാണ് അതെന്ന് ഷോബി പറഞ്ഞു. അതിന്റെ മുകളിലൊരു വില്ലനെ താൻ സങ്കൽപ്പിക്കുന്നു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അച്ഛന്റെ വില്ലൻ കഥാപാത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്ന് പറയുന്നത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലേതാണ്. ഗംഭീര കഥാപാത്രമാണത്. അതിന്റെ മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല. ഗംഭീര കഥാപാത്രമാണത്. അച്ഛൻ വളരെ മനോഹരമായിട്ട് ചെയ്തിട്ടുമുണ്ട്. അത് സീരിയലിൽ അവതരിപ്പിക്കാൻ പറ്റിയത് എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ്. അതേ കഥാപാത്രം.
അച്ഛൻ ഒരിക്കൽ പറഞ്ഞതാണ്, "എവിടെയോ പോയപ്പോൾ അച്ഛനെ ഒരു കുടുംബം പരിചയപ്പെടാൻ വന്നു. പരിചയപ്പെട്ടു, അവരെല്ലാവരും കൂടി അച്ഛന്റെ അടുത്തിരുന്ന് സംസാരിക്കുന്നു. ആ കുടുംബം മുഴുവനുമുണ്ട്, ഭാര്യയും ഭർത്താവും മക്കളുമൊക്കെ. അച്ഛൻ വെറുതേ കൗതുകത്തിന് ചോദിച്ചു, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന്.
അപ്പോൾ അതിലെ ഭാര്യ പറയുകയാണ് 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ കഥാപാത്രമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന്". ഒന്ന് ആലോചിച്ചു നോക്കൂ. ഒരു സ്ത്രീ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുക എന്ന് പറയുമ്പോൾ, അവർ അതിനകത്തെ അഭിനയം മാത്രമാണ് ഇഷ്ടപ്പെടുന്നത്, ആ കഥാപാത്രത്തെ അല്ല.
ആ കാരക്ടറിനോട് അത്രമാത്രം, വെറുപ്പ് ജനങ്ങളിൽ ഉണ്ടാക്കിയെങ്കിൽ അത് അഭിനയിച്ച ആള്, അത് അഭിനയിച്ച് വിജയിച്ചു എന്നല്ലേ അർഥം. അച്ഛൻ അവർ പറഞ്ഞതു കേട്ട്, ഭയങ്കരമായി അത്ഭുതപ്പെട്ടുപോയി. അത് നിങ്ങൾ മനോഹരമായി ചെയ്തു, നിങ്ങളോട് ഞങ്ങൾക്ക് അത്രയും വെറുപ്പ് ഉണ്ടായി. അതാണ് ഒരു അഭിനേതാവിന്റെ സംതൃപ്തി എന്ന് പറയുന്നത്". - ഷോബി തിലകൻ പറഞ്ഞു.
പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'. സോളമൻ എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ സോഫി എന്ന കഥാപാത്രമായി ശാരി ആണെത്തിയത്. ചിത്രത്തിൽ പോൾ പൈലോക്കാരൻ എന്ന കഥാപാത്രമായാണ് തിലകനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates