അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് താനെന്ന് പലതവണ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രുതി ഹാസൻ (Shruti Haasan). നടിക്ക് സംഗീതത്തോടുള്ള ഇഷ്ടമൊക്കെ പല അഭിമുഖങ്ങളിലും ശ്രുതി തന്നെ പങ്കുവച്ചിട്ടുമുണ്ട്. ശ്രുതിയുടെ പാട്ടുകൾക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ ശ്രുതി ഹാസന്റെ ഒരു മാസ്മരിക പ്രകടനമാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.
തന്റെ അച്ഛൻ കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു ശ്രുതിയുടെ പവർ പാക്ക്ഡ് പെർഫോമൻസ്. അതും അച്ഛന്റെ മുൻപിൽ വച്ചു തന്നെ. തഗ് ലൈഫിലെ 'വിൺവെളി നായകാ' എന്ന ഗാനമാണ് ശ്രുതി ആലപിച്ചത്. ശ്രുതി ഹാസനൊപ്പം എആർ റഹ്മാന്റെ മകൻ എആർ അമീനും ഗാനത്തിന്റെ ഒരു ഭാഗം ആലപിച്ചു. എആർ റഹ്മാന്റെ സംഗീതം തന്റെ മകൾ പാടുന്നത് അച്ഛനെന്ന നിലയിൽ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് കമൽ ഹാസൻ പറഞ്ഞു.
ശ്രുതിയുടെ കുഞ്ഞുനാളിൽ തേവർ മകൻ സിനിമയിലെ ഒരു ചെറിയ ഗാനം പാടാൻ കോടമ്പാക്കത്ത് കൊണ്ടുപോയ സംഭവവും കമൽ ഹാസൻ വേദിയിൽ വച്ച് ഓർത്തെടുത്തു. "ഞാൻ കൊടുത്ത ഉയിർ. ഇപ്പോൾ എന്റെ കുഞ്ഞ് പാടുന്നത് കേൾക്കുമ്പോൾ, അവൾ തീരെ കുഞ്ഞായിരുന്ന സമയത്ത് പാടിയിരുന്നത് എനിക്ക് ഓർമ വരുന്നു. ഇപ്പോൾ അവൾ എ ആർ റഹ്മാനെപ്പോലെയുള്ളവർക്ക് മുന്നിൽ നിന്ന് പാടുന്നു. ശ്രുതിയുടെ അച്ഛനെന്ന നിലയിൽ എനിക്ക് വളരെ അഭിമാനം തോന്നുന്നു".- കമൽ ഹാസൻ പറഞ്ഞു.
തഗ് ലൈഫിന്റെ ടീസർ റിലീസായപ്പോൾ ഏറ്റവുമധികം ചർച്ചയായത് 'വിൺവെളി നായകാ' എന്ന ഗാനശകലമായിരുന്നു. രോമാഞ്ചമുണർത്തുന്ന ബിജിഎം ആണ് ഇതെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. എആർ റഹ്മാനാണ് തഗ് ലൈഫിന് സംഗീതം ചെയ്തിരിക്കുന്നത്. 25 വർഷത്തിന് ശേഷമാണ് എആർ റഹ്മാൻ കമൽ ഹാസൻ ചിത്രത്തിന് സംഗീതം നൽകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates