നെടുമ്പാശ്ശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവിന്റെ വിഡിയോയ്ക്കെതിരെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍. മകന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നുമാണ് നൂഹ പറഞ്ഞത്.
മണ്മറഞ്ഞുപോയ ആ മൂന്ന് ചെറുപ്പക്കാര്‍ക്കും ഉണ്ടായിരുന്നു ജീവിതം. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണ്. അല്ലാതെ എല്ലാ വഴികളും അടയുമ്പോള്‍ കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയമൊന്നും സമൂഹത്തില്‍ വിലപ്പോവില്ലെന്നാണ് സിദ്ധു പറയുന്നത്. ആ വാക്കുകളിലേക്ക്:
ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ കണ്ടു.'ഞങ്ങള്‍ക്ക് നാല് പേര്‍ക്കും ഇനിയൊരു ജീവിതമുണ്ട്. ഞങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കി തരണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.' മണ്മറഞ്ഞുപോയ ആ മൂന്ന് ചെറുപ്പക്കാര്‍ക്കും ഉണ്ടായിരുന്നു ജീവിതം. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണ്. അല്ലാതെ എല്ലാ വഴികളും അടയുമ്പോള്‍ കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയമൊന്നും സമൂഹത്തില്‍ വിലപ്പോവില്ല.
മദ്യലഹരിയില്‍ വരുത്തിവെച്ച വലിയൊരു അപകടം നടന്ന് മൂന്ന് ജീവനുകള്‍ പൊലിഞ്ഞ ഉടനെ ദൃക്സാക്ഷികള്‍ കേള്‍ക്കുന്നത് ഒരു അശരീരിയാണ്. എല്ലാം എന്റെ വാപ്പ നോക്കിക്കോളും. എവിടുന്നാണ് ശബ്ദം എന്ന് നോക്കുമ്പോള്‍ കാറില്‍ നിന്നിറങ്ങുന്നത് കാല് നിലത്തുറയ്ക്കാത്ത ഒരു ചെറുപ്പക്കാരന്.
മൂന്നു കുടുംബങ്ങള്‍ തകര്‍ന്ന ഹൃദയത്തോടെ, നഷ്ടപ്പെടലിന്റെ വിങ്ങലോടെ, നെഞ്ചില്‍ ഒതുക്കാനാവാത്ത സങ്കടത്തോടെ അലറി കരയുമ്പോള്‍ മറുവശത്ത് പിറന്നാള്‍ സമ്മാനമായി വാങ്ങിക്കൊടുത്ത കാറിന്റെ വിശദാംശങ്ങളെപ്പറ്റി സന്തോഷത്തോടെയുള്ള മാതാവിന്റെ വിവരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അപകടം വരുത്തിവെച്ച കാറിനേക്കാള്‍ വേഗത്തില്‍ ഓടുകയായിരുന്നു.
ഇതുരണ്ടും ഒരുമിച്ചു കാണാനടയായ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങള്‍ ആ കുടുംബത്തോടുള്ള വെറുപ്പും വിദ്വേഷവുമായി രൂപം പ്രാപിച്ചു. ജനങ്ങളുടെ പ്രതികരണങ്ങള്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയും ചെയ്തു. കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ജനവികാരം തങ്ങളുടെ ബിസിനസിനെയും സല് പേരിനെയും വല്ലാതെ ബാധിച്ചു തുടങ്ങുകയും, നിയമത്തിന്റെ പഴുതിലൂടെ മകനു ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസം തകരുകയും, പണത്തിനും പവറിനും മേലെ പറക്കാന്‍ നിയമത്തിന് കഴിയും എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ സമസ്താപരാധവും പറഞ്ഞു വന്ന ഈ വീഡിയോ ജനങ്ങള്‍ക്ക് ഈ കുടുംബത്തോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ എന്നാണ് ആ വീഡിയോക്ക് താഴെ വന്ന നൂറുകണക്കിന് കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവുക. ഈ വീഡിയോ വരേണ്ടിയിരുന്നത് ഒക്ടോബര്‍ 12നായിരുന്നു. വൈകി വന്ന വിവേകം കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.
പേരന്റിങ് എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. കുട്ടികളുടെ ശാരീരികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്ന പ്രക്രിയയാണ് പാരന്റിംഗ്. നാലുതരം പാരെന്റിംഗ് ഉണ്ട് എന്നാണ് പറയുന്നത്. അതോറിറ്റേറിയന്‍ പാരന്റിങ്, അതോറിറ്റേറ്റിവ് പാരന്റിംഗ്, പെര്‍മിസീവ് പേരന്റിങ്, അണ് ഇന്‍വോള്‍വ്ഡ് പാരന്റിങ്.
ഇതില്‍, കുട്ടികള്‍ക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്ര്യവും കാര്യമായ നിയന്ത്രണം ഇല്ലാതെ നല്കുന്ന പാരന്റിങ് രീതിയാണ് പെര്‍മിസീവ് പാരന്റിങ്. ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപ്പോലെ കുട്ടികളോട് പെരുമാറുന്ന പാരന്റിംഗ് രീതിയാണിത്. തങ്ങളുടെ കുട്ടി തെറ്റൊന്നും ചെയ്യില്ല എന്ന അമിത ആത്മവിശ്വാസമുള്ള രക്ഷിതാക്കള്‍ ഈ പാരന്റിങ് ഇനത്തില്‍ പെടും. കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തുക പോലും ഈ രക്ഷിതാക്കള്‍ ചെയ്യാറില്ല. ഇത് കുട്ടികള്‍ മുതലാക്കുകയും കൂടുതല്‍ തെറ്റുകളിലേക്ക് കടക്കാന്‍ അവര്‍ക്ക് പ്രേരണയാവുകയും ചെയ്യും . ഇങ്ങനെ വളരുന്ന കുട്ടികള്‍ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റു അസാന്മാര്ഗിക പ്രവര്‍ത്തികളിലേക്കും വഴിമാറി സഞ്ചരിക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് പാരന്റിംഗ് രീതിയിലാണ് ഈ യുവാവ് വളര്‍ന്നിട്ടുണ്ടാവുക എന്ന് നമുക്ക് ഊഹി ക്കാവുന്നതേയുള്ളൂ.
നഷ്ടപരിഹാരങ്ങള്ക്കൊന്നും ആ മൂന്നു കുടുംബങ്ങളുടെ നഷ്ടം നികത്താന്‍ ആവില്ലെങ്കിലും ആ മൂന്ന് കുടുംബങ്ങള്‍ക്കും ആശ്രയമാകേണ്ടിയിരുന്നവരുടെ വിയോഗത്തിന് തക്കതായ പരിഹാരം ആ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഒപ്പം നിയമാനുസൃതമായ ശിക്ഷ ആ വിയോഗങ്ങള്‍ക്ക് കാരണമായവര്‍ക്കും ലഭിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates