വിവാദപ്രസ്താവനയിൽ വിശദീകരണവുമായി ഗായകൻ സോനു നിഗം. മകൻ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നും അഥവാ ആയാലും ഇന്ത്യയിൽ വേണ്ടെന്നും പറഞ്ഞതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ് ഗായകന്‍. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് സോനു പറയുന്നത്. മനഃപ്പൂർവം ഒരു നെപ്പോ കിഡിനു രൂപം നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് മകൻ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്ന് പറഞ്ഞതെന്നും സോനു വിശദീകരിച്ചു.
"എന്റെ മകൻ നീവൻ വളരെ കഴിവുള്ളവനും പോസിറ്റീവ് ചിന്താഗതിക്കാരനുമാണ്. അവന് സംഗീതത്തിൽ മാത്രമല്ല, പെയിന്റിങ്ങിലും ഗെയ്മിങ്ങിലും സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം കഴിവുണ്ട്. പക്ഷേ മനഃപ്പൂർവം ഇൻഡസ്ട്രിയിൽ ഒരു നെപ്പോ കിഡിനു രൂപം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമാ–സംഗീത രംഗത്തെ മക്കൾ വാഴ്ചയുടെ തുടർച്ച എന്റെ മകനിലൂടെയാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവൻ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നും അഥവാ ആയാലും ഇന്ത്യയിൽ വേണ്ട എന്നും പറഞ്ഞത്. സംഗീത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ആ ജീവിതം ഉൾക്കൊള്ളട്ടെ. എന്റെ ആഗ്രഹപ്രകാരം ആയിത്തീരണമെന്നും ജീവിക്കണമെന്നും നിർബന്ധിക്കാൻ സാധിക്കില്ല. അവന് താത്പര്യമുള്ള ജീവിതമല്ലേ അവൻ തിരഞ്ഞെടുക്കേണ്ടത്.
വളരെ പോസിറ്റീവ് രീതിയിലായിരുന്നു ഞാൻ അഭിമുഖത്തിൽ എന്റെ മകനെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചത്. പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്നെ സംഗീതജീവിതത്തിലേയ്ക്കു നയിച്ചത് എന്റെ മാതാപിതാക്കൾ അല്ല. സ്കൂളിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിൽ ഒരാളായിരുന്നു ഞാൻ. സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. മുതിർന്നപ്പോൾ സംഗീതത്തിലാണ് എന്റെ ഭാവി എന്നു ഞാൻ തിരിച്ചറിഞ്ഞു. അതറിഞ്ഞപ്പോൾ എല്ലാ പിന്തുണയും നൽകി എന്റെ മാതാപിതാക്കൾ എനിക്കൊപ്പം നിന്നു. അതുപോലെ എന്റെ മകന് എന്താണോ ആഗ്രഹം അതായിത്തീരാൻ ഞാൻ എല്ലാ പിന്തുണയും നൽകും. എന്റെ താത്പര്യം മകനിൽ അടിച്ചേൽപ്പിക്കുകയല്ല, പകരം അവന്റെ താത്പര്യത്തെ വളർത്താൻ പിന്തുണ നൽകുന്ന അച്ഛനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതു തന്നെയാണ് ഇപ്പോൾ ചെയ്യുന്നതും".
നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതം വീണ്ടും സജീവ ചർച്ചയായത്. സംഗീത മേഖലയിലും ഇത്തരം ആത്മഹത്യകൾ ഉണ്ടാകുമെന്ന് അന്ന് സോനു നിഗം മുന്നറിയിപ്പു നൽകിയിരുന്നു. ബോളിവുഡ് സംഗീതരംഗം ഭരിക്കുന്നത് രണ്ടു മാഫിയകളാണെന്നും അവരുടെ അധികാരമുപയോഗിച്ച് ആരു പാടണം പാടണ്ട എന്നു തീരുമാനിക്കുമെന്നും ഗായകൻ തുറന്നു പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates