ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കാട്ടാളൻ'. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർക്കോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കോരിച്ചൊരിയുന്ന മഴയിൽ ഒരു കൊമ്പനുമായുള്ള സംഘട്ടന ശേഷം അതിന്‍റെ മസ്തകം പിളർന്ന് മഴുവുമായി നിൽക്കുന്ന പെപ്പെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ പോസ്റ്ററിനെതിരെ വ്യാപകമായി വിമർശനങ്ങളുയരുകയാണ് സോഷ്യൽ മീഡിയയിൽ. കാട്ടാളൻ പോസ്റ്ററിനെതിരെ 'പാൻ സിനിമ കഫേ' എന്ന സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
മൃഗസംരക്ഷണ വകുപ്പ് ചുമ്മാ പേരിനുള്ളതല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ സിനിമയിൽ ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിച്ചതിലൂടെ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ, പൊലീസിനോടും വനംവകുപ്പിനോടും ഉടൻ നടപടി ആവശ്യപ്പെടേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ദുഷാര വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർഥ പേരായ ‘ആന്‍റണി വർഗ്ഗീസ്’ എന്ന പേരിൽ തന്നെയാണ് എത്തുന്നത്. മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.
കുറിപ്പിന്റെ പൂർണരൂപം
മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയാണോ ഇന്നത്തെ ആവിഷ്കാര സ്വാതന്ത്ര്യം?
കാട്ടാളൻ എന്ന സിനിമയുടെ ടൈറ്റിലിനോട് 100% നീതിപുലർത്തുന്ന പ്രൊഡക്ഷൻ ഹൗസ്. “സിനിമയെ സിനിമയായി കാണണം” എന്ന വാദം നിലനിൽക്കെ തന്നെയാണ് അടിവരയിട്ട് പറയുന്നത്. ഇത് വെറും ഒരു പോസ്റ്റർ അല്ല, അതിലപ്പുറം പോകുന്ന ഒരു വൈകൃതമായ ആവിഷ്കാരമാണ്.
പുരാതനകാലം മുതൽ, അല്ലെങ്കിൽ ഇന്നുള്ളവർക്ക് ഓർമ്മവച്ച കാലം മുതൽ തന്നെ,ആചാര–അനുഷ്ഠാന ചടങ്ങുകളും, അതിനോടൊപ്പം ചേർന്നുള്ള ആനയുടെ സാന്നിധ്യവും, നാട്ടുപറയ്ക്ക് പോക്കും, എഴുന്നള്ളിപ്പുകളും, പ്രതീക സ്വരൂപമായി ആനയെ കാണുന്ന സംസ്കാരവും ഇന്നും തുടരുന്ന ഒന്നാണ്.
ഇത്തരമൊരു പശ്ചാത്തലം നിലനിൽക്കുമ്പോൾ, ആവശ്യവുമില്ലാത്ത ക്രൂരതയും കൃത്രിമ വൈകാരികതയും ദയവായി സിനിമയിൽ കുത്തിവയ്ക്കരുത്. ജംബോ സർക്കസോ, തെരുവുകളിലെ നാടോടിക്കൂത്തോ പോലെ കേവലം കെട്ടുകാഴ്ചയ്ക്കായി എത്തുന്നതല്ല കേരളത്തിലെ ആനകൾ.
മറിച്ച്, പൂർവികരിൽ നിന്ന് തലമുറകളായി കൈമാറി വന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തുടർച്ചയുടെ ഭാഗമായാണ്, ജാതിമതഭേദമന്യേ ഓരോ ദേവാലയങ്ങളിലും ഇവയുടെ സാന്നിധ്യം അനിവാര്യമായി നിലനിൽക്കുന്നത്. നിയമാനുസൃതമായ ചട്ടങ്ങളും ചിട്ടകളും പാലിച്ച്, കൃത്യമായ പരിപാലനത്തിൽ എത്തുന്ന ഈ സാധു ജീവനുകളെ ഇത്രയും ക്രൂരമായി ചിത്രീകരിക്കാൻ ഈ സംവിധായകനും അണിയറപ്രവർത്തകർക്കും എന്ത് നൈതിക ഗതികേടാണ് ഉണ്ടായത്?
ആശയദാരിദ്ര്യം ആണെങ്കിൽ ഈ പണി നിർത്തി പോവുക.. മൃഗസംരക്ഷണ വകുപ്പ് ചുമ്മാ പേരിനുള്ളതല്ല. ആദ്യപടിയായി തന്നെ, ആനപ്രേമി സംഘടനകളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തണം. സോഷ്യൽ മീഡിയയിലൂടെയും, സംഭവസ്ഥലത്ത് നടന്നുവെന്നാരോപിക്കുന്ന പീഡനങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം ആവശ്യപ്പെടണം. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ
സിനിമയിൽ ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിച്ചതിലൂടെ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ, പൊലീസിനോടും വനംവകുപ്പിനോടും ഉടൻ നടപടി ആവശ്യപ്പെടേണ്ടതുണ്ട്. കഠിനമായ, നിയമവ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും,
അറസ്റ്റും ശിക്ഷയും ഉടനടി നടപ്പിലാക്കപ്പെടുകയും വേണം എന്നാലേ വരും ആളുകൾക്ക് ഒരു അവബോധം ഉണ്ടാവു.. ചില സിനിമകൾ ചർച്ചകൾക്ക് വഴിവയ്ക്കും…പക്ഷേ ചില രംഗങ്ങൾ അനുവദിക്കപ്പെടരുതാത്ത അതിരുകൾ കഴിഞ്ഞുപോകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates