മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശ്രീകല ശശിധരന്‍. എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് ശശികല താരമാകുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു മാനസപുത്രിയിലെ സോഫി. പിന്നീട് നിരവധി പരമ്പരകളില്‍ ശ്രീകല അഭിനയിച്ചു. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തനിക്ക് പതിവായി ലഭിക്കുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകല. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും നിലവിലെ പുരുഷ ടീം പരിശീലകനുമായ ഗൗതം ഗംഭീറുമായുള്ള മുഖസാദൃശ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന കമന്റുകളെപ്പറ്റിയാണ് ശ്രീകല സംസാരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകലയുടെ പ്രതികരണം.
''എന്നെ കണ്ടാല്‍ ആരെയെങ്കിലും പോലെയുണ്ടോ? ഗൗതം ഗംഭീറിനെ പോലെയുണ്ടെന്നാണ് പറയുന്നത്. എനിക്ക് ഒരു പോസ്റ്റ് ഇടാന്‍ പറ്റില്ല ഇന്‍സ്റ്റയില്‍. ഫോട്ടോ ഇട്ടാല്‍ അപ്പോള്‍ ഗൗതം ഗംഭീറിന്റെ സഹോദരിയാണോ? ഇന്നു മാച്ചില്ലേ എന്നൊക്കെ ചോദിക്കും. തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ സമാധാനം ഇല്ല. ക്രിക്കറ്റ് മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പോയപ്പോള്‍ ഒരു കുട്ടി എന്നോട് വന്ന് പറഞ്ഞു, ചേച്ചിയെ കണ്ടാല്‍ ഗൗതം ഗംഭീറിനെപ്പോലെയുണ്ട് എന്ന്. ഞാന്‍ ശരി, എന്ന് പറഞ്ഞു. എന്താ പറയേണ്ടതെന്ന് അറിയില്ല'' എന്നാണ് ശ്രീകല പറയുന്നത്.
അതേസമയം തനിക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്നും ശ്രീകല പറയുന്നു. ഫുട്‌ബോളിനേക്കാളും തനിക്കിഷ്ടം ക്രിക്കറ്റാണ്. ഭര്‍ത്താവിന് ഇഷ്ടം ഫുട്‌ബോളിനോടാണെന്നും ശ്രീകല പറയുന്നു. ശ്രീകലയുടെ വിഡിയോ വൈറലാകുമ്പോള്‍ രസകരമായ കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന ഐക്കോണിക് പരമ്പരയിലൂടെയാണ് ശ്രീകല കടന്നു വരുന്നത്. പിന്നീട് എന്റെ മാനസപുത്രിയിലൂടെ താരമായി മാറി. തുടര്‍ന്ന് നാല്‍പ്പതിലധികം പരമ്പരകളില്‍ അഭിയനിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സീരിയലിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ശ്രീകല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates