Priyadarshan, Mohanlal and Sreenivasan ഫയല്‍
Entertainment

യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹന്‍ലാല്‍; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തെന്ന് പ്രിയദര്‍ശന്‍

സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയദര്‍ശന്‍. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട എന്നാണ് പ്രിയദര്‍ശന്‍ കുറിപ്പില്‍ പറയുന്നത്. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

''എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാന്‍ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള്‍ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല.

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയില്‍ എത്തിയവരാണ് ഞങ്ങള്‍. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചര്‍ച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട''.

ശ്രീനിവാസനെക്കുറിച്ചുള്ള ഓര്‍മകള്‍ മോഹന്‍ലാലും പങ്കുവച്ചു. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍ എന്നാണ് മോഹന്‍ലാല്‍ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ കുറിപ്പിലേക്ക്:

''യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു.

മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്.

സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...''

Sreenivasan was friend that cinema gifted me says Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

താലി വാങ്ങാന്‍ കാശ് തന്ന മമ്മൂട്ടി, ആലീസിന്റെ വള വിറ്റ ഇന്നസെന്റും; കല്യാണത്തെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി, പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല

സഹോദരിയോടൊപ്പം വിറക് ശേഖരിക്കാന്‍ പോയി; വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 735 lottery result

SCROLL FOR NEXT