കോവിഡ് ബാധിച്ച് നിരവധി പേരാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. നടിയും ഗായികയുമായ മഞ്ജുവിന്റെ മരണവും അത്തരത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഞ്ജു മരിക്കുന്നത്. ഇപ്പോൾ മഞ്ജുവിന്റെ മരണത്തിൽ നടൻ കിഷോർ സത്യ പങ്കുവെച്ച കുറിപ്പാണ് വേദനയാകുന്നത്. മരണവാർത്ത അറിഞ്ഞ് മഞ്ജുവിന്റെ അച്ഛൻ പട്ടം സ്റ്റാൻലിയെ വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്ജു ആശുപത്രിയിൽ പോയി. ഓക്സിജൻ കൊടുത്തെങ്കിലും ഐസിയു ബെഡ് ഒഴിവുണ്ടായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്. 7-8 ദിവസങ്ങൾക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി എന്നാണ് കിഷേർ കുറിക്കുന്നത്. അവരുടെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ലെന്നും താരം കുറിച്ചു.
കിഷോർ സത്യയുടെ കുറിപ്പ് വായിക്കാം
ഇന്നലെ രാത്രി 10 മണിയോടെ സംവിധായകൻ അൻസാർ ഖാൻ വിളിച്ച് പറഞ്ഞു 'കിഷോർ, നമ്മുടെ സീരിയലിൽ ഹൌസ് ഓണർ ആയി അഭിനയിച്ച മഞ്ജു കോവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ എന്ന് തിരക്കാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ...'കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി....
പക്ഷേ നേരം വെളുത്തു ഫോൺ നോക്കിയപ്പോൾ പലരും ഈ വാർത്ത പങ്കുവച്ചിരുന്നു....പല ഓൺലൈൻ വാർത്തലിങ്കുകളും ചിലർ വാട്സ്ആപ്പ് ചെയ്തിരുന്നു. അതിൽ ഒരെണ്ണത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേർ പട്ടം സ്റ്റാൻലി എന്ന് പരാമർശിച്ചിരുന്നു. (എന്നാൽ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം.
സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിളിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു.....
പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്ജു ആശുപത്രിയിൽ പോയി.(അതിന് മുൻപ് മറ്റ് കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാൻലി ചേട്ടൻ പറഞ്ഞത് )ചെന്നപ്പോഴേ ഓക്സിജൻ കൊടുത്തു ICU ഒഴിവില്ലായിരുന്നു. 2 ദിവസം കഴിഞ്ഞാണ് ICU ബെഡ് കിട്ടിയത്. 7-8 ദിവസങ്ങൾക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി...അവരുടെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല....
ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാൻലി ചേട്ടൻ ഇന്ന് പറയുമ്പോൾ മാത്രമാണ് അറിയുന്നത്..
പ്രിയപ്പെട്ടവരേ, ഇന്നലെവരെ കോവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. കോവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം തിരിച്ചെത്തണം.
ഓക്സിജിൻ സിലിണ്ടറിന്റെയും ICU, വെന്റിലേറ്റർ ബെഡുകളുടെയും ഇല്ലായ്മ അങ്ങ് ഡൽഹിയിലെയും മുംബൈയിലെയും പത്രവാർത്തകൾ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടെയാണെന്ന് ഉൾകൊള്ളാൻ നാം തയ്യാറാവണം. ജീവന്റെ വിലയുള്ള ജാഗ്രത എന്ന് പറയുന്നതിന്റെ വില നാം മനസിലാക്കണം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates