ഒരു അഭിനേതാവിന് വർഷത്തിൽ എത്ര സിനിമകൾ ചെയ്യാം ? സിനിമകളുടെ എണ്ണവും താരപദവിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഓടി നടന്ന് സിനിമകൾ ചെയ്യുന്നവരും വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന താരങ്ങളുമുണ്ട് ഇന്ത്യൻ സിനിമയിൽ. വർഷത്തിൽ നാലോ അഞ്ചോ സിനിമകൾ ചെയ്യുന്നവരിൽ പേര് കേട്ട നടൻമാരിലൊരാളാണ് അക്ഷയ് കുമാർ. അടുത്തിടെയായി അദ്ദേഹത്തിന്റേതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ വൻ പരാജയമായി മാറുകയും ചെയ്തു.
ഇനി മറ്റൊരു നടനെപ്പറ്റി പറയാം, നാല് വർഷത്തിനിടയിൽ വെറും രണ്ട് സിനിമകളിലൂടെ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ താരമാണ് യഷ്. വർഷത്തിൽ എത്ര സിനിമ ചെയ്യുന്നു എന്നതിൽ അല്ല സിനിമയുടെ ക്വാളിറ്റിയിൽ വിശ്വസിക്കാനാണ് പുതിയ താരങ്ങൾ ശ്രദ്ധ ചെലുത്താറുള്ളത്. സമീപകാലത്തായി തമിഴിലെ മുൻനിര നായകൻമാരായ വിജയ് സേതുപതിയും ധനുഷും തങ്ങളുടെ അമ്പതാമത്തെ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഒരു മാസത്തിന്റെ വ്യത്യാസത്തിലാണ് ഇരുതാരങ്ങളുടെയും 50-ാമത്തെ ചിത്രം തിയറ്ററുകളിലെത്തിയത്. ഇരു സിനിമകളേയും ഇരുകൈയ്യും നീട്ടിയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചതും. തമിഴ് സൂപ്പർ താരങ്ങളുടെ കരിയറിലെ അമ്പതാമത്തെ ചിത്രം ഏതൊക്കെയാണെന്ന് നോക്കാം.
ധനുഷിന്റെ അമ്പതാമത്തെ ചിത്രം പൂർണമായും ഒരു ധനുഷ് ചിത്രമാണെന്ന് പറയുന്നതിൽ യാതൊരു തർക്കവും വേണ്ട.കഥ, സംവിധാനം, അഭിനയം, ഗാനരചന തുടങ്ങി രായനിൽ എല്ലായിടത്തും ധനുഷിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. രായൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയതും. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഇതിനോടകം തന്നെ ചിത്രം അമ്പത് കോടി കളക്ഷൻ നേടിക്കഴിഞ്ഞു.
നിതിലൻ സ്വാമിനാഥനായിരുന്നു മക്കൾ സെൽവന്റെ 50-ാമത്തെ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. സമീപകാലത്ത് പുറത്തിറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു മഹാരാജ. മഹാരാജയെന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് മക്കൾ സെൽവൻ ചിത്രത്തിലെത്തിയത്. അനുരാഗ് കശ്യപായിരുന്നു ചിത്രത്തിലെ വില്ലൻ. നൂറ് കോടിയിലേറി കളക്ഷൻ നേടാനും വിജയ് സേതുപതിയുടെ ഈ ചിത്രത്തിനായി. 20 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ റിലീസിന് മുൻപ് ഒരു രൂപ പോലും പ്രതിഫലമായി മക്കൾ സെൽവൻ കൈപ്പറ്റിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തലയുടെ കരിയറിലെ അമ്പതാമത്തെ ചിത്രമായിരുന്നു മങ്കാത്ത. കഥയും തിരക്കഥയുമൊരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. അജിത്തിനൊപ്പം അർജുൻ സർജ, തൃഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. തല ആരാധകർക്ക് ഇന്നും ഒരു വികാരമാണ് മങ്കാത്ത എന്ന ചിത്രം. ഒരു ഫുൾ അജിത് ഷോ തന്നെയായിരുന്നു അമ്പതാമത്തെ ചിത്രത്തിൽ താരം കാഴ്ചവെച്ചത്. അജിത്തിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നു കൂടിയാണിത്.
ദളപതി വിജയ് നായകനായെത്തി എസ്.പി രാജ്കുമാർ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് സുറ. തമന്ന, വടിവേലു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. സുറ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് വിജയ് ചിത്രത്തിലെത്തിയത്. വിജയ്‌യുടെ കരിയറിലെ അമ്പതാമത്തെ ചിത്രം തിയറ്ററിൽ വൻ പരാജയമായിരുന്നു. ചിത്രത്തിലെ പാട്ടുകൾ വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത നേടി. വിജയ് ആരാധകരെ പോലും നിരാശപ്പെടുത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
1979 ൽ പുറത്തിറങ്ങിയ ടൈഗർ ആയിരുന്നു രജിനികാന്തിന്റെ 50-ാമത്തെ ചിത്രം. നന്ദമുരി രമേശ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായിരുന്നു ഇത്. എൻ.ടി രാമറാവു, രാധാ സലൂജ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. റഷീദ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജിനിയെത്തിയത്. ടൈഗർ രാജയെന്ന കഥാപാത്രമായി എൻ.ടി രാമറാവു ആണെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates