എന്നും വേറിട്ട സിനിമകള്‍ക്ക് ഇടംമൊരുക്കിയിട്ടുള്ള ഇന്‍ഡസ്ട്രിയാണ് തമിഴ്. മലയാളത്തിന് ഇന്ന് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ സ്വീകാര്യതയ്ക്ക് കാരണമായ ഗ്രൗണ്ടഡ് ആയ, ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതും രാഷ്ട്രീയം പറയുന്നതുമായ സിനിമകള്‍ നിരന്തരം പുറത്തിറങ്ങിയിരുന്ന ഇന്‍ഡസ്ട്രിയാണ് തമിഴ്. രാഷ്ട്രീയം പറയുന്ന സിനിമകള്‍ക്കും വാണിജ്യ വിജയം നേടാനാകുമെന്ന് തമിഴകം കാണിച്ചു തന്നിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴിലെ സിനിമാസ്വാദകരുടെ കാഴ്ചപ്പാടുകള്‍ക്ക് ചില മാറ്റം സംഭവിച്ചതായാണ് വിദഗ്ധര്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കൊഴികെ തമിഴ്‌നാട്ടില്‍ സ്വീകാര്യതയും ബോക്‌സ് ഓഫീസ് വിജയവും നേടാന്‍ സാധിക്കുന്നില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. നല്ല സിനിമയെന്ന അഭിപ്രായം നേടിയിട്ടും, തമിഴ്‌നാടിന് പുറത്ത് സാമ്പത്തിക വിജയം കൈവരിച്ചിട്ടും സ്വന്തം നാട്ടില്‍ പരാജയപ്പെടുകയാണ് മിക്ക സിനിമകളും.
ഈ പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രിയായി മാറിയിരിക്കുകയാണ് ഡിസി. ലോകേഷ് കനകരാജും വാമിക ഗബ്ബിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം അരുണ്‍ മതേശ്വരനാണ്. കേരളത്തിലും ചിത്രം വലിയ സ്വീകാര്യതയാണ് നേടുന്നത്. ആദ്യ ദിവസത്തിന്റേ ഇരട്ടിയലധികം ഷോകളാണ് ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നത് തമിഴ്‌നാടിന് ഡിസിയോട് അത്ര സ്‌നേഹമില്ലെന്നാണ്.
കണക്കുകള്‍ പ്രകാരം നാല് ദിവസത്തില്‍ ഡിസി നേടിയത് 51 കോടിയാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്ന് നേടിയതാകട്ടെ വെറും 9.5 കോടി മാത്രമാണ്. ബാക്കി 42 കോടിയും ചിത്രം നേടിയത് തമിഴ്‌നാട്ടിന് പുറത്തു നിന്നുമാണ്. കേരളത്തില്‍ നിന്നും ആറ് കോടിയോളം നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മികച്ച പ്രതികരണം ലഭിച്ച സിനിമയോടുള്ള തമിഴ് പ്രേക്ഷകരുടെ സമീപനം വിമര്‍ശിക്കപ്പെടുകയാണ്. അതേസമയം, ശരാശരി ചിത്രങ്ങളായിട്ടും സൂപ്പര്‍ താര സിനിമകളായ കറുപ്പും ജനനായകനും 100 കോടിയലധികം നേടിയതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അജിത് കുമാര്‍ ചിത്രം ഗുഡ് ബാഡ് അഗ്ലിയും ഇത്തരത്തില്‍ സാമ്പത്തിക വിജയമുണ്ടാക്കിയ ശരാശരി സിനിമയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാസങ്ങള്‍ മുമ്പ് കേരളത്തിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു ബ്ലാസ്റ്റ്. എന്നാല്‍ ഈ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത് അര്‍ഹിക്കുന്ന സ്വീകാര്യതയായിരുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 75 കോടിയാണ് ബ്ലാസ്റ്റ് ആഗോള തലത്തില്‍ നേടിയത്. ഇതില്‍ 32 കോടി മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്നും നേടിയതെന്നാണ് കണക്കുകള്‍ പറയുന്നത്. നേരത്തെ മെയ്യഴകന് തമിഴ്‌നാട്ടില്‍ ലഭിച്ചതിനേക്കാള്‍ സ്വീകാര്യത കേരളത്തില്‍ ലഭിച്ചിരുന്നുവെന്നും, മലയാളത്തിലായിരുന്നുവെങ്കില്‍ വലിയ വിജയമാകുമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, തമിഴ് ആരാധകരുടേത് ഇരട്ടത്താപ്പാണെന്നും ചില സിനിമാ പേജുകള്‍ വിമര്‍ശിക്കുന്നുണ്ട്. മറ്റേതെങ്കിലും ഭാഷയില്‍ നല്ല സിനിമകള്‍ ഇറങ്ങിയാല്‍, ഇത് ഞങ്ങള്‍ പണ്ടേ ചെയ്ത് വിട്ടതാണെന്ന വാദവുമായി തമിഴര്‍ വരുമെന്നും, പക്ഷെ സ്വന്തം സിനിമയിലെ വിജയിപ്പിക്കില്ലെന്നുമാണ് ആരാധകര്‍ പരിഹസാരൂപേണ പറയുന്നത്.
അതേസമയം കേരളത്തിലടക്കം തിയേറ്റുകള്‍ നിറയ്ക്കുകയാണ് ഡിസി. ലോക്കിയുടേയും വാമിഖയുടേയും പ്രകടനങ്ങളും അരുണിന്റെ മേക്കിങും കയ്യടി നേടുകയാണ്. അനിരുദ്ധിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നായാണ് ബ്ലാസ്റ്റിലെ മ്യൂസിക് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ ആദ്യ ദിവസം നൂറില്‍ കുറവ് തിയേറ്ററുകളിലാണ് ഡിസി പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം ദിവസം മുതല്‍ ഇത് ഇരുന്നിറിലധികമായി ഉയര്‍ന്നിട്ടുണ്ട്. രാത്രി വൈകിയും ഷോകള്‍ നടക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates