മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് തരുൺ മൂർത്തി. വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് തരുൺ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്നു. മോഹൻലാലിനെ നായകനാക്കി തരുൺ ഒരുക്കിയ തുടരും ബോക്സോഫീസ് റെക്കോഡുകളെല്ലാം തകർത്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ് തരുൺ.
രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഒരു കത്താണ് അത്. ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്‌ഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുകയാണ്. തരുൺ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുൺ മൂർത്തി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
"നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു", തരുൺ മൂർത്തിയുടെ വാക്കുകൾ. നിരവധി പേരാണ് തരുണിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'അപ്പോ നാഷ്ണൽ അവാർഡ് ഉറപ്പിക്കാലേ', 'ബെൻസല്ല, തരുൺ മൂർത്തി നിങ്ങളാണ് ശരിക്കും ഹീറോ', 'ഒറ്റ ലാലേട്ടൻ സിനിമ കൊണ്ട് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറി', 'അർഹതപ്പെട്ടത് കിട്ടി', 'അപ്പോ ഇതാണല്ലേ ആ 'പതക്കം' - എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്‌ലിൻ, ഗണപതി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ടോർപിഡോ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് തരുൺ ഇപ്പോൾ. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്കു ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates