പേരിൽ തന്നെ കൗതുകമുണർത്തി പ്രേക്ഷകരിലേക്കെത്തിയ രാഹുൽ സദാശിവൻ ചിത്രമാണ് ഡീയസ് ഈറെ. പ്രണവ് മോഹൻലാൽ നായകനാകുന്നു എന്ന പ്രത്യേകത കൊണ്ടു തന്നെ ചിത്രം പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, ജയ കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് സൗണ്ട് ഡിസൈനിങ്ങിന് ആയിരുന്നു.
ഏറ്റവും നല്ല സൗണ്ട് ക്വാളിറ്റിയുള്ള തിയറ്ററിൽ തന്നെ ചിത്രം കാണണമെന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം വിജയകരമായി പ്രദർശനം തുടരവേ പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തിയറ്റർ ഉടമകൾ. സിനിമ പ്രദർശിപ്പിക്കുന്നതിനിടെ അനാവശ്യമായി ശബ്ദം ഉണ്ടാക്കരുതെന്നാണ് പ്രേക്ഷകർക്കുള്ള മുന്നറിയിപ്പ്.
"പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഇതൊരു ഹൊറർ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങളുണ്ടാക്കി സിനിമയുടെ ശരിയായ ആസ്വാദനം തടസപ്പെടുത്തരുത്"- എന്നാണ് തിയറ്റർ ഉടമകൾ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ്. കോഴിക്കോട് അപ്സര തിയറ്റർ, തൃശൂർ രാഗം തിയറ്റർ എന്നിവിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ഈ മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.
തിയറ്റർ ഉടമകളുടെ ഈ നിർദേശത്തെ സ്വാഗതം ചെയ്തു കൊണ്ട് നിരവധി കമന്റാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'മികച്ച തീരുമാനം, തിയറ്ററിൽ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്', 'നന്ദി ഉണ്ടേ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ക്രോധത്തിന്റെ ദിനം എന്നർഥം വരുന്ന ദ് ഡേ ഓഫ് റാത്ത് എന്ന ടാഗ്ലൈനോടെയാണ് ചിത്രം റിലീസിനെത്തുന്നത്.
ക്രിസ്റ്റോ സേവ്യർ ആണ് ഡീയസ് ഈറെയ്ക്ക് സംഗീതമൊരുക്കുന്നത്. ഭൂതകാലം, ഭ്രമയുഗം എന്നീ ഹിറ്റുകൾക്ക് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേക്കിങ്ങിലൂടെയാണ് ചിത്രം വിസ്മയിപ്പിച്ചിരിക്കുന്നത്. അതേസമയം ആദ്യ ദിനം തന്നെ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിയിരുന്നു. 16.75 കോടിയാണ് ചിത്രം നിലവിൽ കളക്ട് ചെയ്തതെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates