മുരളി, രാജൻ പി ദേവ് ഉൾപ്പെടെയുള്ള മുതിർന്ന നടന്മാരെ പലരെയും ജീവിച്ചിരിക്കേ വേണ്ടവിധം ഉപയോഗപ്പെടുത്താതെ മരിച്ചു കഴിഞ്ഞ് അവർക്കൊന്നും അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചില്ല എന്നു പറയുന്നത് കേൾക്കുമ്പോൾ വിഷമം വരുമെന്ന് കോട്ടയം നസീർ.
വിശക്കുമ്പോഴാണ് ആഹാരം കൊടുക്കേണ്ടതെന്നും പട്ടിണി കിടന്നു ചത്തിട്ട് അയാൾക്ക് ആഹാരം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കോട്ടയം നസീർ സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിൽ തിരുത്തപ്പെടേണ്ട കാര്യമാണത് എന്നും ഒരുപാടുപേരുടെ കാര്യത്തിൽ ഇതേ അവസ്ഥ തുടരുന്നുണ്ടെന്നും കോട്ടയം നസീർ ഓർമപ്പെടുത്തി.
അതേസമയം നമ്മളെ കണ്ടെത്താനും പാകമാകുന്ന രീതിയിൽ ഉപയോഗിക്കാനും കഴിയുന്നവരുണ്ടെന്നും അതിന് ഉദാഹരണമാണ് റോഷാർക്ക് എന്ന സിനിമയെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോട്ടയം നസീറിന്റെ വാക്കുകളിലേക്ക്:
നമ്മുടെ സീനിയർ ആയിട്ടുള്ള ഒരുപാട് നടൻമാർ, മുരളിച്ചേട്ടനായാലും രാജൻ പി ദേവേട്ടൻ ആയാലും മരിച്ചുകഴിഞ്ഞപ്പോൾ പറഞ്ഞുകേട്ട വാക്കാണ് ഇവരെയൊന്നും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല, അംഗീകാരങ്ങൾ ലഭിച്ചില്ല എന്നൊക്കെ. എനിക്കത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നും. ജീവിച്ചിരിക്കുമ്പോൾ അതൊന്നും ഉപയോഗിക്കാതെ മരിച്ചുകഴിഞ്ഞിട്ട് അതു പറഞ്ഞിട്ട് എന്താണ് കാര്യം? വിശക്കുന്ന സമയത്തല്ലേ ആഹാരം കൊടുക്കേണ്ടത്? അയാൾ വിശപ്പു വന്നു പട്ടിണി കിടന്നു ചത്തിട്ട് അയാൾക്ക് ആഹാരം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. അത് ഇപ്പോഴും ഒരുപാടു പേരുടെ കാര്യങ്ങളിൽ ഇവിടെ ശരിയാകാനുണ്ട്.
പിന്നെ നമ്മളെ കണ്ടെത്താനും നമുക്ക് പാകമാകുന്ന രീതിയിൽ നമ്മളെ ഉപയോഗിക്കാനും പറ്റുന്ന ആൾകാർ ഉണ്ട്. അതിന്റെ തെളിവാണ് റോഷാർക്ക് എന്ന സിനിമ. ഞാനുമായി നേരിട്ട് പരിചയം പോലുമില്ലാത്ത നിസാം ബഷീർ എന്നയാൾ അങ്ങനെയൊരു വലിയ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുക എന്നതാണ് പിന്നീട് എന്റെ ജോലി. അത് ഞാൻ അത്യാവശ്യം തെറ്റില്ലാതെ ചെയ്തെന്നു കരുതുന്നു. അപ്പോഴാണ് മറ്റുള്ളവർക്ക് തോന്നുന്നത് ഇയാള് കൊള്ളാമല്ലോ എന്ന്. ചൂണ്ടിക്കാണിക്കാൻ ഒരാളെ കിട്ടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates