വൻ ഹൈപ്പോടെ പ്രേക്ഷകരിലേക്കെത്തിയ രജനികാന്ത് ചിത്രമായിരുന്നു കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിലെത്തിയതും. എന്നാൽ ഹൈപ്പിനൊത്ത് ഉയരാനോ ബോക്സോഫീസിൽ തിളങ്ങാനോ കൂലിയ്ക്ക് ആയില്ല. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
ഇപ്പോഴിതാ കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസു തുറക്കുകയാണ് ഉപേന്ദ്ര. സിനിമ റിലീസായതിന് പിന്നാലെ എന്തിനാണ് ഉപേന്ദ്ര ആ വേഷം ചെയ്തത് എന്ന തരത്തിൽ ആരാധകർക്കിടയിൽ ചോദ്യങ്ങളുയർന്നിരുന്നു.
രജനികാന്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഉപേന്ദ്ര പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര.
"രജനി സാറിന് വേണ്ടിയാണ് ഞാൻ കൂലിയിലെ റോൾ ചെയ്തത്. അത് എന്റെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ പെർഫോമൻസിന്റെയും ടാലന്റിന്റെയും ഫിലോസഫിയുടെയും ജീവിതത്തിന്റെയും ഒക്കെ ഫാൻ ആണ് ഞാൻ.
അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കെ ആയിരുന്നു. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ കഥയിൽ മാറ്റങ്ങൾ വരുത്തി", ഉപേന്ദ്ര പറഞ്ഞു.
കൂലിയിൽ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്.
ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates