അന്തരിച്ച നടി സിൽക്ക് സ്മിതയുമായി അടുപ്പം പുലർത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉർവശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉർവശിയിപ്പോൾ. സ്മിതയ്ക്കൊപ്പമുള്ള ഓർമകളും ഉർവശി പങ്കുവച്ചു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
"തീർച്ചയായും സിൽക്ക് സ്മിത എന്നെ സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ഗ്ലാമറസ് ചെയ്യുന്ന നടിമാർ എന്ന രീതിയിൽ കാറ്റഗറൈസ് ചെയ്യുമായിരുന്നു. നായകനും നായികയുമൊക്കെ തനിയെ ആയിരിക്കും. ഇവർ വരുമ്പോൾ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്.
ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ ഞാൻ കണ്ടതിൽ ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള, ഇത്രയും സിനിമയിൽ ഞാൻ കണ്ടതിൽ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. കളർ സെൻസ്, മേക്കപ്പ് സെൻസ്. അന്ന് ഓവർ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ഗ്ലാമർ ഡാൻസ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളിൽ മിനുക്ക് പണികളൊക്കെ ചെയ്യും.
എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാൽ നമുക്ക് വൾഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാൻ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉർവശി. ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും.
ഞാൻ അവർ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാൻ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയിൽ മാത്രം അപൂർവമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവർക്ക്". - ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates