Vayalar Ramavarma ഫെയ്സ്ബുക്ക്
Entertainment

'കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ...'; വയലാർ ഓർമകൾക്ക് അരനൂറ്റാണ്ട്

ക്ഷണ നേരം കൊണ്ടാണ് വയലാർ രാമവർമ ഈ ​ഗാനം എഴുതിയത്.

സമകാലിക മലയാളം ഡെസ്ക്

സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ സിനിമാ സം​ഗീതത്തെ ഉപയോ​ഗിച്ച അതുല്യ പ്രതിഭയായിരുന്നു മലയാളികളുടെ പ്രിയങ്കരനായ വയലാർ. പലപ്പോഴും സിനിമയ്ക്ക് അപ്പുറമായിരുന്നു വയലാറിന്റെ ​ഗാനങ്ങൾ. മലയാളികളുടെ പദാവലിയെ ഇത്രത്തോളം സമ്പന്നമാക്കിയ മറ്റൊരു ​ഗാനരചയിതാവ് ഉണ്ടാകില്ല, ഇനിയിട്ട് ഉണ്ടാകത്തുമില്ല. ദൈവങ്ങളേക്കാൾ മനുഷ്യനെ സ്നേഹിച്ച കവി.

"കവിതയിലൂടെ വിപ്ലവത്തിന്റെ സഹയാത്രികനായി മാറി, കവിതയിൽ നിന്ന് ​ഗാനരചനയിലേക്ക് വഴിതിരിഞ്ഞ് എത്തിപ്പെടുന്ന ആളാണ് വയലാർ രാമവർമയെന്ന്" എഴുത്തുകാരൻ ജോൺ പോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി വിടപറഞ്ഞിട്ട് അരനൂറ്റാണ്ടാകുന്നു. വയലാർ- ദേവരാജൻ കൂട്ടുകെട്ടിന്റെ ചില മനോഹര ​ഗാനങ്ങളിലൂടെ.

ഈ മനോഹര തീരത്ത്‌ തരുമോ, ഇനിയൊരു ജന്മം കൂടി...

കൊട്ടാരം വിൽക്കാനുണ്ട്

"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ മനോഹര തീരത്ത്‌ തരുമോ

ഇനിയൊരു ജന്മം കൂടി.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധർവ്വ ഗീതമുണ്ടോ

വസുന്ധരേ... വസുന്ധരേ...

കൊതി തീരും വരെ ഇവിടെ പ്രേമിച്ചു

മരിച്ചവരുണ്ടോ"

ഈ മനോഹര തീരത്ത്‌ തരുമോ... ഇനിയൊരു ജന്മം കൂടി... ഒരിക്കലെങ്കിലും ഈ വരികൾ പറയാത്ത അല്ലെങ്കിൽ പാടാത്ത മലയാളികൾ ഉണ്ടാകില്ല. കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിനായി വയലാറും ജി ദേവരാജനും ഒന്നിച്ചപ്പോൾ പിറന്ന രത്നമാണ് ഈ ​ഗാനം. യേശുദാസ് പാടിയ ഈ ​ഗാനം ഇന്നും പ്രേക്ഷക മനസിൽ ഉണർത്തുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 1975 ൽ പുറത്തിറങ്ങിയ കൊട്ടാരം വിൽക്കാനുണ്ട് കെ സുകുവിന്റെ സംവിധാനത്തിൽ ജമീന നിർമിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...

യക്ഷി

"സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍

സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന

സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..."

"ക്ഷണ നേരം കൊണ്ടാണ് വയലാർ രാമവർമ ഈ ​ഗാനം എഴുതിയത്. ക്ഷണ നേരം കൊണ്ട് എന്ന് പറയുമ്പോൾ അത്ര ക്ഷണ പ്രാപ്യമായിരുന്നില്ല ആ കാവ്യസാദകം എന്ന് കൂടി നമ്മൾ തിരിച്ചറിയണം".- എന്നാണ് ജോൺ പോൾ ഒരിക്കൽ ഈ ​ഗാനത്തെ കുറിച്ച് പറഞ്ഞത്. മറ്റൊരു വയലാർ - ദേവരാജൻ - യേശുദാസ് മാജിക് എന്ന് തന്നെ ഈ ​ഗാനത്തെക്കുറിച്ച് പറയാം. 1968 ൽ പുറത്തിറങ്ങിയ യക്ഷി എന്ന ചിത്രത്തിലെ ​ഗാനമാണിത്. മലയാറ്റൂർ രാമകൃഷ്ണന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിർക്കഥയും സംഭാഷണവും എഴുതി നിർമിച്ച ചിത്രമാണിത്. കെ എസ് സേതുമാധവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സത്യൻ, ശാരദ, തോപ്പിൽ ഭാസി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

സന്ധ്യ മയങ്ങും നേരം...

മയിലാടുംകുന്ന്

"സന്ധ്യ മയങ്ങും നേരം

ഗ്രാമ ചന്ത പിരിയുന്ന നേരം..

ബന്ധുരേ രാഗബന്ധുരേ..

നീ എന്തിനീ വഴി വന്നു..

എനിയ്ക്കെന്തു നല്‍കാന്‍ വന്നു

കാട്ടുതാറാവുകള്‍ ഇണകളെ തിരയും

കായലിനരികിലൂടെ..

കടത്തുതോണികളില്‍ ആളെ കയറ്റും

കല്ലൊതുക്കുകളിലൂടെ..

തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള

പ്രതിഫലമാണോ നിന്റെ നാണം..

നിന്റെ നാണം.."

ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആ ദൃശ്യങ്ങൾ തെളിയും. അത്രത്തോളം സുഖ സുന്ദരമാണ് ഈ ​ഗാനത്തിന്റെ വരികൾ. എസ് ബാബു സംവിധാനം ചെയ്ത മയിലാടുംകുന്ന് എന്ന ചിത്രത്തിലേതായിരുന്നു ഈ ​ഗാനം. പ്രേം നസീർ, ജയഭാരതി, കെപി ഉമ്മർ, അടൂർ ഭാസി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ദേവരാജൻ മാസ്റ്ററും വയലാറും ഒന്നിച്ച മറ്റൊരു വിസ്മയം കൂടിയായിരുന്നു ഈ ​ഗാനം.

മനുഷ്യൻ തെരുവിൽ മരിക്കുന്നു, മതങ്ങൾ ചിരിക്കുന്നു...

അച്ഛനും ബാപ്പയും

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി

ആയിരമായിരം മാനവഹൃദയങ്ങൾ

ആയുധപ്പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു

ചെകുത്താൻ ചിരിക്കുന്നു

മനുഷ്യൻ തെരുവിൽ മരിക്കുന്നു

മതങ്ങൾ ചിരിക്കുന്നു"

കാലം ചെല്ലുന്തോറും ഈ വരികൾക്ക് പ്രസക്തിയേറുമെന്ന് ഒരുപക്ഷേ ഇതെഴുതുമ്പോൾ വയലാർ ഒരിക്കൽ പോലും ചിന്തിച്ചിരിക്കില്ല. കെ ടി മുഹമ്മദിന്റെ രചനയിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിനിമ റിലീസ് ചെയ്തത് 1972 ജൂലൈ 21 നായിരുന്നു. എല്ലാ ഈശ്വര സങ്കല്പങ്ങൾക്കും മുകളിൽ മനുഷ്യനെ പ്രതിഷ്ഠിച്ച കവിയായിരുന്നു അദ്ദേഹം.

പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ...

അനുഭവങ്ങൾ പാളിച്ചകൾ

"പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ

പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍

ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ

കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ..."

മനുഷ്യരെ മുൻ നിർത്തിയുള്ള കാഴ്ചപ്പാടുകളും അങ്ങേയറ്റം ശാസ്ത്രീയ സത്യങ്ങളും ജനങ്ങളിലെത്തിക്കാനും വയലാറിനല്ലാതെ മറ്റാർക്ക് കഴിയും. ഇത് കൂടുതൽപ്പേരിലേക്കെത്തുന്നതിന് സിനിമാ ഗാനമാണ് നല്ലതെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്നു ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി ഒരിക്കൽ പറഞ്ഞു. 1971 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. തകഴിയുടെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രാവിഷ്കാരം നൽകിയത് കെ എസ് സേതുമാധവൻ ആണ്.

Cinema News: Vayalar Ramavarma five super hit songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT