നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം, വിവിധ ഭാഷകളിലായി 400-ലധികം ചിത്രങ്ങൾ, മുൻ നിര നായകൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിടാനുള്ള അവസരം, ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന അസാമാന്യ പ്രതിഭ... അങ്ങനെ പറയാനാണെങ്കിൽ ഏറെയുണ്ട് ഡൽഹി ഗണേഷെന്ന നടനെക്കുറിച്ച്. സങ്കടമായാലും സന്തോഷമായാലും കോമഡിയായാലും അത് അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തിനെന്നും പ്രത്യേക കഴിവ് തന്നെയായിരുന്നു.
സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നു. കെ ബാലചന്ദർ സംവിധാനം ചെയ്ത പട്ടിന പ്രവേശം എന്ന ചിത്രത്തിലൂടെയായിരുന്നു ഗണേഷിന്റെ സിനിമാ അരങ്ങേറ്റം. 'ഡൽഹി ഗണേഷ്' എന്ന പേര് നൽകിയതും കെ ബാലചന്ദറായിരുന്നു. 1981 ൽ പുറത്തിറങ്ങിയ എങ്കമ്മ മഹാറാണി എന്ന ചിത്രമാണ് അദ്ദേഹത്തിന് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്ത ചിത്രം. മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഗണേഷ്.
ദേവാസുരം, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടേയും ശ്രദ്ധ നേടി. ഷാരൂഖ് ഖാൻ നായകനായെത്തിയ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിരുന്നു ഡൽഹി ഗണേഷ്. എൺപതാം വയസിൽ വിടപറയുമ്പോൾ തമിഴ് സിനിമാ ലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുകയാണിപ്പോൾ. ഡൽഹി ഗണേഷിന്റെ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കുന്ന ചില ചിത്രങ്ങളിലൂടെ.
കെ ബാലചന്ദർ സംവിധാനം ചെയ്ത ചിത്രമായിരുന്നു സിന്ധു ഭൈരവി. ശിവകുമാർ, സുഹാസിനി, സുലക്ഷണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയ ഗാനങ്ങളാണ്. മൂന്ന് ദേശീയ പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ഗുരുമൂർത്തി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഡൽഹി ഗണേഷെത്തിയത്.
മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തിയ ചിത്രമാണ് നായകൻ. ശരണ്യ, കാർത്തിക, നാസർ, ഡൽഹി ഗണേശ്, ജനകരാജ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് കമൽ ഹാസനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവുമെത്തിയിരുന്നു. ഇളയരാജ തന്നെയായിരുന്നു ചിത്രത്തിന്റെ സംഗീതവും. അയ്യർ എന്ന കഥാപാത്രത്തെയാണ് ഗണേഷ് ചിത്രത്തിൽ അവതരിപ്പിച്ചത്.
കെഎസ് രവികുമാർ സംവിധാനം ചെയ്ത ചിത്രമാണ് തെനാലി. കമൽ ഹാസൻ, ജയറാം, ജ്യോതിക, ദേവയാനി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. എ ആർ റഹ്മാനായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ബോക്സോഫീസിലും വൻ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പഞ്ചഭൂതം എന്ന ഡൽഹി ഗണേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി.
ദുരൈ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ചിത്രമാണ് പസി. ശോഭയും ഡൽഹി ഗണേഷും വിജയനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മുനിയാണ്ടി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഡൽഹി ഗണേഷെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരവും ഗണേഷിനെ തേടിയെത്തി. ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് ഒരു ദിവസം മുൻപായിരുന്നു ചിത്രത്തിലെ നായിക ശോഭ മദ്രാസിലെ വസതിയിൽ ആത്മഹത്യ ചെയ്തത്.
കെ ബാലചന്ദർ രചനയും സംവിധാനവും നിർവഹിച്ച് 1977ൽ പുറത്തിറങ്ങിയ ചിത്രമാണ് പട്ടിന പ്രവേശം. ഡൽഹി ഗണേഷ്, ശരത് ബാബു, ശിവചന്ദ്രൻ തുടങ്ങിയ നടൻമാരുടെയെല്ലാം അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. എംഎസ് വിശ്വനാഥനായിരുന്നു സംഗീത സംവിധാനമൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates