തമിഴകവും മലയാളികളും ഒരുപോലെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജന നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് സിംഗിൾ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണാൻ കഴിയുക. വിജയ്‌യ്ക്കൊപ്പം നൃത്തച്ചുവടുകളുടെ റാണി എന്ന് ആരാധകർ വിളിക്കുന്ന പൂജ ഹെഗ്ഡെയും മമിത ബൈജുവുമുണ്ട്.
ഒരു പക്കാ സെലിബ്രേഷൻ മൂഡിലാണ് ഗാനം എത്തിയിരിക്കുന്നത്. എന്നാൽ പാട്ടിന് നേരെ ഇപ്പോൾ വിമർശനവുമുയരുന്നുണ്ട്. പാട്ടിന്റെ വരികൾക്കിടയിൽ ഇടയ്ക്കിടെ ദളപതി എന്ന വാക്ക് കയറി വരുന്നുണ്ട്. ഇതാണ് പ്രേക്ഷകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്. 'ഇത്തരം വാക്കുകൾ കേട്ട് മടുത്തു', 'സൂപ്പർ സ്റ്റാർ, ദളപതി എന്നൊക്കെയുള്ള വാക്കുകൾ ഒഴിവാക്കാൻ അനിരുദ്ധിനോട് പറയൂ', 'ഇതൊക്കെ ഇനിയെങ്കിലും നിർത്തിക്കൂടെ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം ദളപതി കച്ചേരി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ ബാലയ്യ നായകനായെത്തിയ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണോ ചിത്രമെന്ന കാര്യത്തിലാണ് ആരാധകരിപ്പോൾ സംശയം പ്രകടിപ്പിക്കുന്നത്. ജന നായകനിലെ ഗാനത്തിന് സമാനമായ ഒരു ഗാനം ബാലയ്യ ചിത്രത്തിലും ഉണ്ടെന്നും അതിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബാലയ്യയും ശ്രീലീലയും കാജൽ അഗർവാളും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് വിജയ് ഫാൻസ്.
ജന നായകനിലെ ഗാനത്തിലും വിജയ്‌ക്കൊപ്പം പൂജയും മമിതയും പ്രത്യക്ഷപ്പെടുന്നുണ്ട്. മമിത കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയാണ് റീമേക്ക് എന്ന് ഉറപ്പിക്കാനുള്ള മറ്റൊരു കാരണം. ഭഗവന്ത് കേസരിയിൽ ശ്രീലീലയുടെ കഥാപാത്രം ഒരു ലോക്കറ്റ് ധരിച്ചിട്ടുണ്ട്. ഇതിന് സമാനമായ ഒരു ലോക്കറ്റ് ജന നായകനിലെ ഗാനത്തിൽ മമിതയും ധരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.
ഇതോടെയാണ് ചിത്രം റീമേക്ക് ആണെന്ന് ഉറപ്പിച്ചത്. നിരവധി പേർ ഇതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ജനുവരി 9 ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രിയ മണി, പ്രകാശ് രാജ്, നരേൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates