Entertainment

'അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്'; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിംകുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയതാരം സലിംകുമാറിന്റെ 23ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ സുനിത ജീവിതത്തിലേക്ക് വന്ന് പിറ്റേ ദിവസമാണ് സലിംകുമാറിന് സിനിമയില്‍ നിന്ന് വിളിവരുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ജീവിതം ഇന്നേ വരെ എത്തിച്ചതില്‍ പ്രധാനി രണ്ട് സ്ത്രീകളാണ് എന്നാണ് സലിംകുമാര്‍ പറയുന്നത്. ഒന്ന് തന്റെ അമ്മ കൗസല്യയും പിന്നെ ഭാര്യ സുനിതയും. 

മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു മേജര്‍ ഓപ്പറേഷന് വിധേയനാക്കിയപ്പോള്‍ ഭാര്യ ഐസുവിന്റെ വാതിലില്‍ നിന്ന് മാറാതെ കാത്തിരുന്നു. ആ കാത്തിരിപ്പാണ് ഐസിയുവില്‍ നിന്ന് തന്നെ ഇതുവരെ എത്തിച്ചത് എന്നാണ് താരം പറയുന്നത്. സലിംകുമാറിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ ആശംസകള്‍ നിറയ്ക്കുകയാണ്. തങ്ങളുടെ സലീമേട്ടനെ പൊന്നുപോലെ നോക്കുന്ന സുനിത ചേച്ചിക്ക് നന്ദിപറയാനും ആരാധകര്‍ മറന്നില്ല. 

സലിംകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്‌റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു 'ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ' അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.
മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു 'ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്‌തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല'.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.....
നന്ദി.... സുനു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്