അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേമം ഒരു പിടി മികച്ച നായികമാരെയാണ് മലയാളത്തിന് സമ്മാനിച്ചത്. സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിങ്ങനെ നീളുന്ന നിര വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്. എന്നാൽ അധികമാരും അന്വേഷിച്ചുപോകാത്ത ഒരു കുട്ടിത്താരം കൂടെ ഇവർക്കൊപ്പമുണ്ടായിരുന്നു, ഇവ പ്രകാശ്.
പ്രേമത്തിൽ മഡോണ അവതരിപ്പിച്ച സെലിൻ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചാണ് ഇവ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചുരുളൻ മുടിക്കാരി മേരിയുടെ കൈപിടിച്ച് സ്കൂളിൽ നിന്ന് മടങ്ങിവരുന്ന കുട്ടി സെലിനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഐസ്ക്രീം നുണഞ്ഞുകൊണ്ട് 'ഇവര് തമ്മിൽ ലവ്വാണോ?' എന്ന് ജോർജ്ജിനോട് നിഷ്കളങ്കമായി ചോദിക്കുന്ന കുട്ടിക്കുറുമ്പിയെ അത്ര രസകരമായാണ് ഇവ അവതരിപ്പിച്ചത്.
വർഷങ്ങൾക്കിപ്പുറം കുട്ടി സെലിന്റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. നടൻ ആന്റണി വർഗീസാണ് ഇവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ സെലിനെ പരിചയപ്പെടുത്തിയുള്ള താരത്തിന്റെ പോസ്റ്റിന് ധാരാളം കമന്റുകളാണ് ലഭിക്കുന്നത്. "മമ്മി പറഞ്ഞിട്ടുണ്ട് സ്‌ട്രേഞ്ചേഴ്‌സിന്റെ അടുത്ത് പേര് പറയരുതെന്ന് , പക്ഷെ ഞാന്‍ പറയും, എന്റെ പേര് സെലിന്‍" എന്ന കുട്ടി സെലിന്റെ ഡയലോഗുകള്‍ ഓര്‍ത്തെടുക്കുന്നവര്‍ മുതല്‍ 'ഈ കുട്ടിയെ അല്ലേ ജോര്‍ജ്ജ് അവസാനം കെട്ടിയേ?' എന്ന് ചോദിക്കുന്നവരെ വരെ കമന്റ് ബോക്‌സില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates