ദേശിയ ചലച്ചിത്ര വിതരണ ചടങ്ങ് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കേരളത്തില്‍ നിന്ന് അവാര്‍ഡിന് അര്‍ഹരായവരില്‍ ഭൂരിഭാഗവും വിവേചനത്തില്‍ പ്രതിഷേധിച്ച് വിട്ടു നിന്നപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചു. കൂടാതെ യേശുദാസിനെ സെല്‍ഫി വാവാദങ്ങളും വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്. ആരാധകരില്‍ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത് ഗായകനെ ചൊടിപ്പിച്ചു. അയാളുടെ കൈ തട്ടി മാറ്റുകയും ഫോണില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് യേശുദാസിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. യേശുദാസിനെ പിന്തുണച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ആദ്യമായി യേശുദാസിനെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സെല്‍ഫി ഭ്രാന്തിനെ വിമര്‍ശിക്കാനും സുഭാഷ് ചന്ദ്രന്‍ മറന്നില്ല. ഇനിയും യേശുദാസിനെ നേരിട്ട് കണ്ടാല്‍ അനുവാദത്തോടെയോ അല്ലാതെയോ സെല്‍ഫി എടുക്കില്ലെന്നും അപമാനിക്കുമോ എന്ന് ഭയന്നല്ല താങ്കളോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സുഭാഷ് ചന്ദ്രന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇല്ല, ഞാന്‍ സെല്‍ഫി എടുത്തില്ല
ആദ്യമായി കാണുകയായിരുന്നു. നാല്‍പ്പതു വര്‍ഷത്തോളം എന്റെ പ്രാണനെ ആനന്ദിപ്പിച്ച ആ മനുഷ്യനെ നേരെനിന്ന് ഒന്നു നമസ്‌കരിക്കണമെന്നു മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അന്നത്തെ നിയമസഭാ സ്പീക്കറും മുന്മന്ത്രി എം എ ബേബിയും ചേര്‍ന്ന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ കേട്ടിട്ടില്ലാട്ടോ അനിയാ എന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചു. 'ഞാനങ്ങയെ മുഴുവനായും കേട്ടിട്ടുണ്ട് ' എന്നു പറഞ്ഞപ്പോള്‍ കുട്ടികളെപ്പോലെ ചിരിച്ചു.
എന്റെ കയ്യില്‍ മൊബെയില്‍ ഉണ്ടായിരുന്നു. പക്ഷേ അനുവാദമില്ലാതെ 'ഞാനും യേശുദാസും' എന്ന് അടിക്കുറിപ്പിടാനുള്ള സെല്‍ഫി എടുക്കുന്നതെങ്ങനെ?
അതുകൊണ്ട് ആ പാദം തൊട്ട് നമസ്‌കരിക്കുക മാത്രം ചെയ്തു. അത്രയേ ഉള്ളൂ ഞാന്‍ എന്ന് എനിക്കറിയാമായിരുന്നു. അത്രയ്ക്കുണ്ട് അദ്ദേഹം എന്ന് എന്റെ പ്രാണന് തിരിച്ചറിയാമായിരുന്നു.
പരിപാടിക്ക് ഫോട്ടോ എടുക്കാനെത്തിയിരുന്ന സുഹൃത്ത് കെ കെ സന്തോഷ് ഭാഗ്യത്തിന് ആ നിമിഷങ്ങളെല്ലാം ക്യാമറയിലാക്കുന്നുണ്ടായിരുന്നു. 
ഇനിയും കാണുമ്പോഴും അനുവാദത്തോടെയോ അല്ലാതെയോ അങ്ങയുമൊത്ത് സെല്‍ഫി എടുക്കാന്‍ ഞാന്‍ മുതിരുകയില്ല. അത് അങ്ങ് എന്നെ അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല. എനിക്ക് അങ്ങയെ ബഹുമാനമാണ് എന്നതുകൊണ്ടുമാത്രം. 
ക്ഷമിക്കൂ പ്രിയഗായകാ. മൊബെയില്‍ കമ്പനികള്‍ക്ക് പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങള്‍ പുഴുക്കളെ സെല്‍ഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്. എന്തുകണ്ടാലും ഏതുകണ്ടാലും ഞങ്ങളോട് പകര്‍ത്താന്‍ നിശ്ശബ്ദമായ കല്‍പ്പനയുണ്ട്. പണ്ട് ഇന്ത്യക്കാരായ പോലീസുകാരെക്കൊണ്ട് ഇന്ത്യക്കാരെ തല്ലിച്ചതച്ചിരുന്ന ബ്രിട്ടീഷുകാരെപ്പോലെ ഇപ്പോള്‍ ഞങ്ങളുടെ മൊബെയില്‍ ഫോണ്‍ യജമാനന്മാരുടെ ഇംഗിതം ഞങ്ങളും നിറവേറ്റുകയാണ്. സെല്‍ഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാഞ്ഞത് അങ്ങയുടെ ഭാഗ്യം!
അച്ഛന്റെ മുന്നില്‍ കേമനാകാന്‍ അമ്മയുടെ കഴുത്തുകണ്ടിച്ച മഴു കൊണ്ടാണ് നമ്മുടെ കേരളത്തെ സൃഷ്ടിച്ചത് എന്ന കഥ അങ്ങും കേട്ടിരിക്കുമല്ലൊ. ആ മഴുവില്‍ അമ്മയുടെ ചോരയുണ്ട്. പാമരനാം പാട്ടുകാരന്‍ ഏതായാലും പെറ്റ തള്ളയ്ക്കും മീതെയൊന്നുമല്ലല്ലോ എന്നു ഞങ്ങള്‍ അലറുന്നത് അതുകൊണ്ടാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates