Entertainment

നിറ കണ്ണുകളോടെ ചേച്ചി എന്നെ കെട്ടിപ്പിടിച്ചു, ഞാനും കരഞ്ഞു; സീമയെക്കുറിച്ച് വിധു, കുറിപ്പ് 

സ്റ്റാൻഡ് അപ്പിന്റെ ഷൂട്ടിങ് സമയത്തെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വിധു വിൻസെന്റ് ചിത്രം സ്റ്റാൻഡ് അപ്പ് റിലീസിന് ഒരുങ്ങുകയാണ്. പഴയകാല നടി സീമയും ചിത്രത്തിൽ ഒരു ശക്തമായ വേഷത്തിലെത്തുന്നുണ്ട്. വളരെ സ്ട്രോംഗായ ഒരു ലേഡീ ഡോക്ടറുടെ റോളാണ് സീമ അഭിനയിക്കുന്നത്. സിനിമയുടെ ഭാ​ഗമായി സീമയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് വിധു. സ്റ്റാൻഡ് അപ്പിന്റെ ഷൂട്ടിങ് സമയത്തെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

 വിധു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ചിത്രത്തിൽ പഴയകാല നടി സീമ ഒരു ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രത്തിനായി സീമയെ ബന്ധപ്പെട്ടപ്പോഴുണ്ടായ സംഭവം വിവരിക്കുകയാണ് വിധു വിൻസെൻ്റ് ഇപ്പോൾ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് സമയത്തെ ചില ചിത്രങ്ങളും വിധു വിൻസെൻ്റ് പങ്കുവെച്ചിട്ടുണ്ട്.

സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓർമ്മ വരുന്നത്. അന്ന് ഞാൻ ആറാം ക്ലാസ്സിലാ പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു .ഇനിയും കരഞ്ഞാൽ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചിൽ നിർത്തിയത്. അവളുടെ രാവുകൾ എന്ന സിനിമ കാണുന്നത് ഗൾഫിൽ നിന്ന് മാമൻ ആദ്യമായി കൊണ്ടുവന്ന വി സി പി യിൽ ക്യാസറ്റ് ഇട്ടിട്ടാണ്. ഞങ്ങള് കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിർന്നവർ ഇരുന്ന് സിനിമ കണ്ടതും ഞാൻ ഉറക്കം നടിച്ച് അവരുടെയിടയിൽ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓർമ്മ.
ഒരു പാട് വർഷങ്ങൾക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ സ്റ്റാൻഡ് അപ്പിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ സ്ട്രോംഗായ ഒരു ലേഡീ ഡോക്ടറുടെ റോൾ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോ ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ എൽദോ യാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിർദ്ദേശിച്ചത്.സീമചേച്ചി എന്നെ പോലൊരു ജൂനിയർ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എൽദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാൻ പറഞ്ഞു. ഫോണിൽ സീമചേച്ചിയെ വിളിച്ചു, 'ഞാൻ വിധു-... " അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് " യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടർ? വിധുവിന്റെ ക്യാരക്ടറിന് ഞാൻ പോതുമാ?"
''എന്തൊരു ചോദ്യം? ആയിരം വട്ടം പോതും " എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേൾക്കുന്നത് അനുബന്ധത്തിലെ സുനന്ദ ടീച്ചററെയാണ്, അമേരിക്ക അമേരിക്കയിലെ നീനയെയാണ്, കരിമ്പിലെ മെറീനയെയാണ്. നേരിട്ടു കേൾക്കുമ്പോഴാണത് ബോധ്യപ്പെട്ടത് - ഈ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

ഷൂട്ടിംഗിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാൻ എൽദോയ്ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവച്ചത്.പിന്നീട് വർത്തമാനങ്ങൾക്കിടയിൽ ചേച്ചിയുടെ ക്യാരക്ടറിന്റെ ഡീറ്റെയ്ൽസ് ചോദിച്ചു. ഞാൻ സ്റ്റാൻഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.
ചേച്ചിയുടെ മറുപടി " ശശിയേട്ടൻ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാൻ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇൻറർവെല്ലിനു ശേഷം ഞാൻ വീണ്ടും സ്ക്രീനിലേക്ക് വരികയാ.സൊ ഇത് എനിക്കുമൊരു സ്റ്റാൻഡ് അപ് മൊമന്റാണ്." നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചിൽ വന്നു.
സീമ ചേച്ചി, ചില ദുരന്തങ്ങൾ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവർന്നു നില്പുകളിലേക്ക് നമ്മൾ എത്തിച്ചേരുന്നതും.

Thank you Seema chechy for your strong and wonderful presence in Stand up. we love You
#StandUpmovie #WomenPower #Seema

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT