നടൻ ഋഷി കപൂറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ താൻ തകർന്നുപോയെന്ന് ഗായിക ആശാ ഭോസ്ലെ. ഋഷി തന്റെ മകനെപ്പോലെയായിരുന്നെന്നും കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയാണ് താനിപ്പോൾ അനുഭവിക്കുന്ന അവർ വ്യക്തമാക്കി. തനിക്ക് സാധിച്ചു കൊടുക്കാൻ പറ്റാതെപോയ ഋഷിയുടെ ആഗ്രഹത്തെക്കുറിച്ചും ഗായിക പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആശ ഭോസ്ലെ ഋഷി കപൂറിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ദുഃഖത്തെക്കുറിച്ച് മനസു തുറന്നത്.
‘ഋഷിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. എനിക്ക് എന്റെ നാലാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതു പോലെയാണ് ഇപ്പോൾ തോന്നുന്നത്. ഞാൻ ഋഷിയുടെ കുടുംബത്തോട് സംസാരിച്ചിട്ടില്ല, ഇതല്ല അതിനുള്ള സമയമെന്ന് ഞാൻ കരുതുന്നു. പക്ഷേ അവർക്ക് എന്റെ സ്നേഹം അറിയാം. എനിക്ക് ഋഷിയെ കുഞ്ഞുനാൾ മുതൽ അറിയാം.ഞങ്ങൾ കുടുംബപരമായി വളരെ മികച്ച ബന്ധമാണുള്ളത്.ആർ ഡി ബർമനുമൊത്ത് ഋഷി ജോലി ചെയ്തിട്ടുമുണ്ട്. രാത്രിയൊക്കെ അവർ സംഗീതവുമായി കൂടും . ഞാനവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകും. ഋഷിക്ക് എന്റെ പാചകം വളരെ ഇഷ്ടമായിരുന്നു. അന്നവൻ വിവാഹിതനായിരുന്നില്ല. ഞാൻ വിവാഹം ചെയ്യണോ എന്നവൻ ഇടയ്ക്ക് ചോദിക്കും നീ ചെയ്യ് എന്ന് ഞാൻ പറയും.- ആശ ഭോസ്ലെ പറഞ്ഞു.
അമേരിക്കയിലേക്കു പോകുന്നതിനു മുന്‍പ് തന്റെ കൈ കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാന്‍ ഋഷി ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും നിർഭാഗ്യവശാൽ തനിക്കത് തയാറാക്കി നൽകാൻ കഴിഞ്ഞില്ലെന്നും ഗായിക വ്യക്തമാക്കി. ഇത് എപ്പോഴും ഒരു തീരാ സങ്കടമായി എന്നിൽ അവശേഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഋഷി കപൂർ എന്ന നടനെക്കുറിച്ചും അവർ വാചാലയായി. ഇൻഡസ്ട്രിയിൽ ഒരുപാട് കലാകാരന്മാരുണ്ടെങ്കിലും ഋഷിയെപ്പോലൊരു പ്രതിഭ വേറെയില്ലെന്നാണ് ആശ ഭോസ്ലെ പറയുന്നത്.
കാൻസർ ബാധിതനായിരുന്ന ഋഷി കപൂർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാർത്ത വന്നതിന് പിന്നാലെ കുഞ്ഞു ഋഷിയെ കയ്യിലെടുത്ത് താലോലിക്കുന്ന അപൂർവ ചിത്രവും ഗായിക പോസ്റ്റു ചെയ്തിരുന്നു. മക്കളുടെ വേർപാടിന്റെ ദുഃഖം നേരത്തെ അറിഞ്ഞിട്ടുണ്ട് ആശ. അവരുടെ മകൾ വർഷ 2012 ൽ തോക്കിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യ ചെ്യതിരുന്നു. മകൻ ഹേമന്ദ് ഭോസ്ലെ അർബുദ ബാധിതനായി 2015 ൽ മരണത്തിന് കീഴടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates