ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ച നടൻ കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേതെന്ന് മഞ്ജു ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും മടവൂരാശാനും ആലുംമൂടൻ ചേട്ടനും ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം- മഞ്ജു കുറിപ്പിൽ പറയുന്നു.
മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം:
ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. 'ഈ പുഴയും കടന്നി' ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ 'ആമി' യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....
------
സത്യൻ അന്തിക്കാടിന്റെ "ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണത്. കുഴഞ്ഞ് വീണയുടൻ ആശുപത്രിയിൽ പസ്റ്റവേശിപ്പിച്ചിരുന്നു. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടു മരിക്കുകയായിരുന്നു.
നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. സത്യനും ശാരദയും നായികനായകൻമാരായി അഭിനയിച്ച ഇണപ്രാവുകൾ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്.
കമലിന്റെ പ്രാദേശിക വാർത്തകളിൽ ആദ്യമായി അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. സംവിധായകരായ അക്കു അക്ബർ, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates